Advertisement

‘ചരിത്രം മമ്മൂട്ടിയെയല്ല..മമ്മൂട്ടി ചരിത്രത്തെയാണ് സൃഷ്ടിച്ചത്’: ആശംസകളുമായി ഷാജി കൈലാസ്

August 6, 2021
Google News 1 minute Read

സിനിമയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കുന്ന മമ്മൂട്ടിയ്ക്ക് ആശംസകളുമായി സംവിധായകൻ ഷാജി കൈലാസ്. മമ്മൂട്ടി നടൻ ആകാൻ മാത്രം തീരുമാനിച്ചതുകൊണ്ട് മമ്മൂട്ടിയായി. ഏറ്റവും പരമമായ സത്യം കാലമാണെന്ന് പലരും പറയാറുണ്ട്. ഈ കാലം വിനീതവിധേയമായി നമസ്‍കരിക്കുന്നത് ശ്രീ മമ്മൂട്ടിയുടെ മുൻപിൽ മാത്രമാണ്.

50 കൊല്ലം മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ കാലയളവ് മാത്രമാകട്ടെ. മമ്മൂട്ടി ചന്തുവായി. മമ്മൂട്ടി പഴശ്ശിരാജയായി. മമ്മൂട്ടി വൈക്കം മുഹമ്മദ് ബഷീറായി. മമ്മൂട്ടി അംബേദ്കറായി.. ഈ വേഷങ്ങളിലെല്ലാം നമ്മൾ കണ്ടത് മമ്മൂട്ടിയെയായിരുന്നില്ല. അതാത് കഥാപാത്രങ്ങളെ മാത്രമായിരുന്നു. ചരിത്രം മമ്മൂട്ടിയെയല്ല..മമ്മൂട്ടി ചരിത്രത്തെയാണ് സൃഷ്ടിച്ചത്- ഷാജി കൈലാസ് കുറിക്കുന്നു.

ഷാജി കൈലാസിന്റെ കുറിപ്പ്

കഴിഞ്ഞ 50 കൊല്ലം മലയാളി എന്തെല്ലാം രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പരിവർത്തനങ്ങൾക്ക് സാക്ഷിയായി. എഴുപതുകളിൽ ക്ഷുഭിതയൗവനത്തിന്റെ പൊട്ടിത്തെറികൾ കണ്ടു, എൺപതുകളിൽ ഗൾഫ് കുടിയേറ്റം കൊണ്ടുണ്ടായ സാമ്പത്തിക സുരക്ഷിതത്വം അനുഭവിച്ചു, തൊണ്ണൂറുകളിൽ നവഉദാരീകരണത്തിന്റെ ഭാഗമായി മലയാളി ഗ്ലോബൽ പൗരനായി, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ മലയാളി ധനികർക്കുള്ള ഫോബ്‌സ് പട്ടികയിലേക്കുള്ള ചുവടുവെപ്പ് ആരംഭിച്ചു. 2010ൽ തുടങ്ങിയ ദശകത്തിൽ മലയാളി കൺസ്യൂമറിസത്തിന്റെ പാരമ്യത്തിലെത്തി. ഈ അമ്പത് കൊല്ലവും മലയാളിയിൽ മാറാതെ നിന്ന സ്വത്വം ശ്രീ മമ്മൂട്ടിയായിരുന്നു. ഇക്കാലമത്രയും മമ്മൂട്ടി സ്‍ക്രീനിൽ അവതരിപ്പിച്ചത് മലയാളിയുടെ ഉച്ഛാസനിശ്വാസങ്ങളായിരുന്നു. .മലയാളിയുടെ ക്ഷോഭവും വീര്യവും കരുണയും സങ്കടവും നിസ്സഹായതയും പ്രണയവുമെല്ലാം മമ്മൂട്ടിയിലൂടെ പുനരവതരിപ്പിക്കപ്പെട്ടു. ഏത് ചരിത്രപുരുഷനെ കുറിച്ച് സിനിമ ആലോചിച്ചാലും ആ ആലോചനകളെല്ലാം ശ്രീ മമ്മൂട്ടിയിലാണ് പര്യവസാനിച്ചത്. ഇന്ത്യയിലെ മറ്റൊരു നടനും കിട്ടാത്ത ഈ ഭാഗ്യം വെറും ഭാഗ്യം മാത്രമായിരുന്നില്ല. മമ്മൂട്ടി എന്ന പ്രതിഭ ആവാഹിച്ച് സ്വരുക്കൂട്ടിയ അഭിനയകലയിലെ ഉജ്ജ്വലമുഹൂർത്തങ്ങൾക്കുള്ള ആദരം കൂടിയായിരുന്നു. 

മമ്മൂട്ടി ചന്തുവായി. മമ്മൂട്ടി പഴശ്ശിരാജയായി. മമ്മൂട്ടി വൈക്കം മുഹമ്മദ് ബഷീറായി. മമ്മൂട്ടി അംബേദ്കറായി.. ഈ വേഷങ്ങളിലെല്ലാം നമ്മൾ കണ്ടത് മമ്മൂട്ടിയെയായിരുന്നില്ല. അതാത് കഥാപാത്രങ്ങളെ മാത്രമായിരുന്നു. ചരിത്രം മമ്മൂട്ടിയെയല്ല.  മമ്മൂട്ടി ചരിത്രത്തെയാണ് സൃഷ്‍ടിച്ചത്. മമ്മൂട്ടി ഒരു ഗായകൻ ആയിരുന്നെങ്കിൽ യേശുദാസ് ആകുമായിരുന്നു. മമ്മൂട്ടി ഒരു ക്രിക്കറ്റ് കളിക്കാരൻ ആയിരുന്നെങ്കിൽ സച്ചിൻ ടെണ്ടുൽക്കർ ആകുമായിരുന്നു. മമ്മൂട്ടി നടൻ ആകാൻ മാത്രം തീരുമാനിച്ചതുകൊണ്ട് മമ്മൂട്ടിയായി. ഏറ്റവും പരമമായ സത്യം കാലമാണെന്ന് പലരും പറയാറുണ്ട്. ഈ കാലം വിനീതവിധേയമായി നമസ്‍കരിക്കുന്നത് ശ്രീ മമ്മൂട്ടിയുടെ മുൻപിൽ മാത്രമാണ്. 50 കൊല്ലം മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ കാലയളവ് മാത്രമാകട്ടെ എന്നാശംസിക്കുന്നു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here