Advertisement

ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് സ്വർണം; അത്‌ലറ്റിക്സിൽ ചരിത്രത്തിലാദ്യ മെഡൽ

August 7, 2021
Google News 2 minutes Read
neeraj chopra javelin throw

ഒളിമ്പിക്സ് പുരുഷ വിഭാ​ഗം ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സ്വർണം. 23കാരനായ താരം 87.58 ദൂരം താണ്ടിയാണ് നീരജ് സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സ് അത്ലറ്റിക്സ് മെഡൽ നേടിയത്. സ്വാതന്ത്ര്യത്തിനു മുൻപ് ആംഗ്ലോ ഇന്ത്യക്കാരനായ നോർമൻ പ്രിച്ചാർഡ് ആണ് ഇന്ത്യക്ക് വേണ്ടി ട്രാക്ക് ആൻഡ് ഫീൽഡിൽ നിന്ന് ആദ്യ മെഡൽ കണ്ടെത്തിയത്. 1900 പാരിസ് ഒളിമ്പിക്സ് 200 മീറ്റർ ഓട്ടമത്സരത്തിലെ വെള്ളിമെഡൽ ജേതാവായിരുന്നു പ്രിച്ചാർഡ്. (neeraj chopra javelin throw)

അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവാണ് നീരജ്. രണ്ടാം ശ്രമത്തിലാണ് നീരജ് സ്വർണ മെഡൽ ദൂരം താണ്ടിയത്. ചെക്ക് റിപ്പബ്ലിക്ക് താരങ്ങൾക്കാണ് വെള്ളി, വെങ്കല മെഡലുകൾ. രണ്ടാമത് ജാക്കൂബ് വ്ലാഡ്ലെച്ചും (86.67 മീറ്റർ) മൂന്നാമത് വിറ്റസ്ലേവ് വെസ്ലിയും (85.44 മീറ്റർ) ഫിനിഷ് ചെയ്തു.

ആദ്യ അവസരത്തിൽ തന്നെ 87.03 മീറ്റർ ദൂരം താണ്ടി ഗംഭീര തുടക്കമാണ് നീരജിനു ലഭിച്ചത്. യോ​ഗ്യതാ റൗണ്ടിലെ 86.65 മീറ്ററിനെക്കാൾ മികച്ച ദൂരമാണ് നീരജ് ആദ്യ ശ്രമത്തിൽ തന്നെ കണ്ടെത്തിയത്. ജർമനിയുടെ ഗോൾഡ് മെഡൽ പ്രതീക്ഷയായ ലോക ഒന്നാം നാമ്പർ താരം ജൊഹാനസ് വെറ്റർ 82.52 മീറ്റർ ദൂരം എറിഞ്ഞ് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത് ജർമനിയുടെ മറ്റൊരു താരം ജൂലിയൻ വെബർ 85.30 മീറ്റർ ദൂരെ ജാവലിൻ എറിഞ്ഞ് രണ്ടാം സ്ഥാനത്തും 83.98 ദൂരം എറിഞ്ഞ ചെക്ക് റിപ്പബ്ലിക് താരം ജാക്കുബ് വാഡ്ലെച്ച് മൂന്നാമതും എത്തി.

രണ്ടാം അവസരത്തിൽ 87.58 മീറ്റർ ദൂരമെറിഞ്ഞ് നീരജ് വീണ്ടും നില മെച്ചപ്പെടുത്തി. ജൊഹാനസ് വെറ്റർ വഴുതിവീണ് ത്രോ ഫൗളായി. രണ്ടാം അവസരത്തിൽ ചില ഫൗളുകൾ വന്നപ്പോൾ ആദ്യ അവസരത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാർ തന്നെ യഥാർകമം അടുത്തടുത്ത സ്ഥാനങ്ങളിൽ തുടർന്നു. നീരജ് മാത്രമാണ് രണ്ടാം അവസരത്തിൽ നില മെച്ചപ്പെടുത്തിയത്.

Read Also: ചരിത്രത്തിലാദ്യമായി ഇന്ത്യ ഒളിമ്പിക്സ് ഗോൾഫ് കോഴ്സിൽ നാലാമത്; ആരാണ് അദിതി അശോക്?

മൂന്നാം ശ്രമത്തിൽ നീരജിൻ്റെ ഏറ് 76.79 മീറ്ററിൽ അവസാനിച്ചു. ചെക്ക് റിപ്പബ്ലിക്കിൻ്റെ വിറ്റസ്ലേവ് വെസ്ലി 85.44 മീറ്റർ ദൂരം എറിഞ്ഞ് രണ്ടാം സ്ഥാനത്ത് കുതിച്ചെത്തി. വെറ്ററിൻ്റെ മൂന്നാം ശ്രമവും ഫൗളായി. ഇതോടെ വെറ്റർ മത്സരത്തിൽ നിന്ന് പുറത്തായി. ആദ്യ മൂന്ന് അവസരങ്ങൾ അവസാനിക്കുമ്പോൾ ആദ്യ 8 സ്ഥാനങ്ങളിൽ ഉള്ളവർക്കേ അടുത്ത ഘട്ടത്തിലേക്ക് അവസരമുണ്ടാവൂ. 9ആം സ്ഥാനത്ത് ഫിനിഷ് ചെയ്ത വെറ്റർക്ക് അടുത്ത ഘട്ടത്തിലേക്ക് കടക്കാനായില്ല. 2012 റിയോ ഒളിമ്പിക്സിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത താരമാണ് വെറ്റർ.

നീരജിൻ്റെ നാലാം ശ്രമം ഫൗളായി. ആദ്യ ശ്രമങ്ങളിലെ മികച്ച ദൂരം നീരജിൽ സമ്മർദ്ദമുണ്ടാക്കിയെന്ന് അവസാനത്തെ രണ്ട് ത്രോകൾ തെളിയിച്ചു. അഞ്ചാം ശ്രമത്തിൽ 86.67 മീറ്റർ ദൂരെ ജാവലിൻ എറിഞ്ഞ് ചെക്ക് റിപ്പബ്ലിക്കിൻ്റെ ജാക്കുബ് വാഡ്ലെച്ച് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. നീരജിൻ്റെ ത്രോ വീണ്ടും ഫൗളായി. അഞ്ചാം ശ്രമം അവസാനിക്കുമ്പോൾ ഒന്നാമത് നീരജ് തന്നെ തുടർന്നു. രണ്ടാമത് ജാക്കൂബ് ചെക്ക് റിപ്പബ്ലിക്കിൻ്റെ വ്ലാഡ്ലെച്ചും മൂന്നാമത് ചെക്ക് റിപ്പബ്ലിക്കിൻ്റെ തന്നെ വിറ്റസ്ലേവ് വെസ്ലിയുമായിരുന്നു.

Story Highlight: neeraj chopra javelin throw

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here