20
Sep 2021
Monday

ചരിത്രത്തിലാദ്യമായി ഇന്ത്യ ഒളിമ്പിക്സ് ഗോൾഫ് കോഴ്സിൽ നാലാമത്; ആരാണ് അദിതി അശോക്?

olympics golf aditi ashok

അദിതി അശോക് എന്ന പേര് ഇപ്പോൾ അത്ര അപരിചിതമല്ല. നമ്മൾ കഴിഞ്ഞ ഒന്നുരണ്ട് ദിവസങ്ങളായി ടെലിവിഷനിലെ ഒളിമ്പിക്സ് കാഴ്ചകളിലേക്ക് മിഴിയൂന്നാനുള്ള കാരണങ്ങളിലൊന്ന് ഈ 23കാരിയായിരുന്നു. ശൂന്യതയിൽ നിന്ന് ഒളിമ്പിക്സ് ഗോൾഫ് കോഴ്സിലെത്തി നേരിയ വ്യത്യാസത്തിൽ ചരിത്രമെഡൽ നിയോഗം നഷ്ടപ്പെട്ട ഒരു താരം എന്നതിനപ്പുറം അദിതി അശോക് ഒരുപാട് ആളുകൾക്ക് പ്രചോദനമാണ്. (olympics golf aditi ashok)

ലോക റാങ്കിംഗിൽ 200ആം സ്ഥാനത്താണ് (ആയിരുന്നു) അദിതി. ടോക്യോയിൽ ഒരു സാധ്യതയും കല്പിക്കപ്പെടാതിരുന്ന താരം. ആദ്യ മൂന്ന് റൗണ്ടുകളിലും രണ്ടാം സ്ഥാനത്ത് ഉറച്ചുനിന്ന അദിതിക്ക് അവസാന റൗണ്ടിൽ കാലിടറി. കാറ്റും മോശം കാലാവസ്ഥയും ഗെയിംപ്ലാനെ തകിടം മറിച്ചപ്പോൾ തൻ്റെ രണ്ടാം സ്ഥാനം അദിതിക്ക് വിട്ടുകൊടുക്കേണ്ടിവന്നു. ഒരു ഷോട്ട് വ്യത്യാസത്തിൽ അദിതി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. മെഡൽ നേടിയില്ലെങ്കിലും ഈ നാലാം സ്ഥാനം സ്വർണമെഡലിനു തുല്യമാണ്. നമുക്ക് തീരെ അറിയാത്ത, പരിഗണിക്കാത്ത ഗോൾഫ് നമ്മുടെ ചർച്ചകളിൽ കടന്നുവരുന്നു എന്നത് തന്നെയാണ് ഈ നാലാം സ്ഥാനത്തിന്റെ വിജയം.

Read Also: ഒളിമ്പിക്സ് ഗോൾഫ്; ഇന്ത്യൻ താരം അദിതി അശോകിന് മെഡൽ നഷ്ടം

ആകെ നാല് ഒളിമ്പിക്സുകളിലാണ് ഗോൾഫ് ഭാഗമായിരുന്നു. 1900, 1904 എന്നീ വർഷങ്ങളിൽ ഗോൾഫ് കോഴ്സിലെ പോരുകൾക്ക് ശേഷം നീണ്ട 112 വർഷങ്ങൾ ഗോൾഫില്ലാതെ കടന്നുപോയി. ഒരു നൂറ്റാണ്ടിലധികമായി പടിക്ക് പുറത്തായിരുന്ന ഗോൾഫ് 2016ലെ റിയോ ഒളിമ്പിക്സിലൂടെ തിരികെയെത്തി. അന്ന് ഇന്ത്യക്കു വേണ്ടി അദിതി ഉൾപ്പെടെ മൂന്ന് പേരാണ് മത്സരിക്കാനിറങ്ങിയത്. അനിർബൻ ലാഹിരി, എസ്ഇസ്‌പി ചൗരസ്യ എന്നിവരായിരുന്നു മറ്റ് രണ്ട് പേർ. ഇവർ യഥാക്രമം 57, 50 സ്ഥാനങ്ങളിൽ കളി അവസാനിപ്പിച്ചപ്പോൾ അദിതി 41ആം സ്ഥാനത്ത് ഫിനിഷ് ചെയ്തു. നാല് വർഷങ്ങൾക്കിപ്പുറം അദിതി മടങ്ങുന്നത് നാലാം സ്ഥാനക്കാരിയായാണ്! അമ്മ മഹേശ്വരിയായിരുന്നു ഗോൾഫ് കോഴ്സിൽ അദിതിയുടെ സഹായി (കാഡി). റീയോയിൽ അച്ഛൻ ചെയ്ത റോൾ ഇക്കുറി അമ്മ നിർവഹിച്ചു.

1998ൽ ബെംഗളൂരുവിൽ ജനിച്ച അദിതി അഞ്ചാം വയസ്സിൽ തന്നെ ഗോൾഫ് ക്ലബ് കയ്യിലേന്തിത്തുടങ്ങി. മാതാപിതാക്കളുടെ പിന്തുണ കൂടി ഉണ്ടായിരുന്നതിനാൽ അദിതി മെല്ലെ ഗോൾഫിൽ പ്രതിഭ പ്രകടിപ്പിക്കാനാരംഭിച്ചു. 2011ൽ അമച്വർ ഗോൽഫിലെ ആദ്യ ജയം രുചിച്ച അദിതി 2016 വിമൻസ് ഇന്ത്യ ഓപ്പണിലൂടെ ആദ്യ പ്രൊഫഷണൽ കിരീടവും സ്വന്തമാക്കി. 2017ൽ ഇന്ത്യയിൽ നിന്നുള്ള ആദ്യ എല്പിജിഎ താരമെന്ന റെക്കോർഡും ഈ ബെംഗളൂരുകാരി സ്വന്തം പേരിൽ കുറിച്ചു. 2020ൽ രാജ്യം അർജുൻ അവാർഡ് നൽകി ആദരിച്ചു.

അദിതിയുടെ നാലാം സ്ഥാനം ഒരിക്കലും മോശമല്ല. ഇത് ഒരുപാട് പേരെ പ്രചോദിപ്പിക്കും. നഷ്ടപ്പെട്ടു പോയ വെങ്കലത്തിനു പകരം വരും ഒളിമ്പിക്സുകളിൽ ഇന്ത്യക്ക് ഗോൾഫ് കോഴ്സിൽ നിന്ന് സ്വർണം നേടിയെടുക്കാൻ അദിതി ഒരു കാരണമാവില്ലെന്ന് ആരു കണ്ടു!

Story Highlight: olympics golf aditi ashok

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top