നീരജ് ചോപ്രയ്ക്ക് രണ്ടു കോടിയും മറ്റു ജേതാക്കൾക്ക് ഒരു കോടിയും പാരിതോഷികം പ്രഖ്യാപിച്ച് ബൈജൂസ്

ഇന്ത്യയ്ക്കായി ടോക്യോ ഒളിമ്പിക്സ് അത്‌ലറ്റിക്‌സിൽ സ്വർണ മെഡൽ നേടിയ ജാവലിൻ താരം നീരജ് ചോപ്രയ്ക്ക് രണ്ടു കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ബൈജൂസ് ഗ്രൂപ്പ്. കായിക ചരിത്രത്തിൽ ടീം ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണത്തേത്. ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യ എഴു മെഡലുകളാണ് നേടിയത്.
വ്യക്തിഗത ഇനങ്ങളിൽ വെള്ളി, വെങ്കല മെഡലുകൾ നേടിയ എല്ലാ താരങ്ങൾക്കും ഓരോ കോടി രൂപ വീതവും നല്‍കും. വനിതകളുടെ ഭാരോദ്വഹനത്തിൽ വെള്ളി നേടിയ മീരാബായ് ചാനു, ഗുസ്തിയിൽ വെള്ളി നേടിയ രവികുമാർ ദാഹിയ, ബാഡ്മിന്റൻ സിംഗിൾസിൽ വെങ്കലം നേടിയ പി.വി. സിന്ധു, ബോക്‌സിങ്ങിൽ വെങ്കല മെഡൽ ജേതാവായ ലവ്ലിന ബോർഗോഹെയ്ൻ, ഗുസ്തിയിൽ വെങ്കലം നേടിയ ബജ്രംഗ് പൂനിയ എന്നിവർക്കാണ് ഓരോ കോടി രൂപ ലഭിക്കുക.
‘കായിക താരങ്ങൾക്കുള്ള പ്രോത്സാഹനം എന്ന നിലയ്ക്കാണ് സമ്മാനം പ്രഖ്യാപിക്കുന്നതെന്ന് ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ പ്രസ്താവനയിൽ അറിയിച്ചു. നമ്മുടെ ഒളിമ്പിക്സ് ഹീറോകളെ ആഘോഷിക്കേണ്ട സമയമാണിപ്പോൾ. നാലു വർഷത്തിൽ ഒരിക്കൽ മാത്രമല്ല, എല്ലാ ദിവസവും. ഞങ്ങളുടെ പാരിതോഷികം അവരുടെ യാത്രയിലെ ചെറിയ പ്രോത്സാഹനം മാത്രമാണ്.
രാഷ്ട്രനിർമാണത്തിൽ സ്‌പോർട്‌സ് നിർണായക പങ്കു വഹിക്കുന്നുണ്ട്. കൂടുതൽ യുവാക്കൾക്ക് വലിയ സ്വപ്‌നങ്ങൾ കാണാൻ ഇതു പ്രചോദനം നൽകട്ടെ. ഞങ്ങളെ അഭിമാനിതരാക്കിയതിന് നന്ദി’- ബൈജു രവീന്ദ്രൻ കുറിച്ചു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here