മെസിക്കാലത്തിനു ശേഷം ആദ്യ മത്സരം; സൗഹൃദപ്പോരിൽ യുവന്റസിനെ തകർത്ത് ബാഴ്സലോണ

ജോവാൻ ഗാമ്പർ ട്രോഫി സൗഹൃദ മത്സരത്തിൽ എഫ്സി ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. ഇറ്റാലിയൻ വമ്പന്മാരായ യുവൻ്റസിനെയാണ് ബാഴ്സ കീഴടക്കിയത്. ഇതിഹാസ താരം ലയണൽ മെസി ക്ലബ് ഔദ്യോഗികമായി ക്ലബ് വിട്ടതിനു ശേഷം കളിക്കുന്ന ആദ്യ മത്സരത്തിൽ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കറ്റാലൻ പടയുടെ ജയം. യുവൻ്റസിനായി ഇതിഹാസ താരം ക്രിസ്ത്യാനോ റൊണാൾഡോ കളത്തിലുണ്ടായിരുന്നു. മെസി ടീമിലുണ്ടായിരുന്നെങ്കിൽ മെസി-ക്രിസ്ത്യാനോ പോരാട്ടം എന്ന നിലയിൽ ശ്രദ്ധ നേടേണ്ട മത്സരമായിരുന്നു ഇത്. (barce won juventus match)
മൂന്നാം മിനിട്ടിൽ തന്നെ ബാഴ്സലോണ മുന്നിലെത്തി. ലിയോണിൽ നിന്ന് ഈ സീസണിൽ ടീമിലെത്തിയ ഡച്ച് താരം മെംഫിസ് ഡിപായ് ആണ് ആദ്യ ഗോളടിച്ചത്. 57ആം മിനിട്ടിൽ ഡെന്മാർക്ക് താരം മാർട്ടിൻ ബ്രാത്‌വെയ്റ്റിലൂടെ ബാഴ്സ ലീഡുയർത്തി. ഇഞ്ചുറി ടൈമിൽ യുവതാരം റിക്കി പുജ് ബാഴ്സയുടെ ഗോൾ വേട്ട പൂർത്തിയാക്കി. ക്രോസ് ബാറിനു കീഴിൽ തകർപ്പൻ പ്രകടനം നടത്തിയ ഗോൾ കീപ്പർ നെറ്റോയും ബാഴ്സയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
Read Also: മെസി പിഎസ്ജിയിലേക്ക് തന്നെ?; നാളെ മെഡിക്കൽ എന്ന് റിപ്പോർട്ട്
അതേസമയം, ബാഴ്സലോണ വിട്ട ഇതിഹാസ ഫുട്ബോളർ ലയണൽ മെസി ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾക്ക് ശക്തിയേറുന്നു. മെസി തിങ്കളാഴ്ച തന്നെ പിഎസ്ജിയിൽ മെഡിക്കലിനെത്തുമെന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു വർഷം കൂടി ദീർഘിപ്പിക്കാവുന്ന രണ്ട് വർഷത്തെ കരാറിലാണ് താരം ഫ്രഞ്ച് ക്ലബുമായി ഒപ്പിടുക എന്നും റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു.
ഇന്നലെയാണ് മെസി ക്ലബ് വിടുകയാണെന്നറിയിച്ചുകൊണ്ടുള്ള വിടവാങ്ങൽ പ്രസംഗം നടത്തിയത്. ബാഴ്സലോന പ്രസിഡൻ്റും കുടുംബവും സഹതാരങ്ങളും മാധ്യമപ്രവർത്തകരും അടങ്ങിയ സദസ്സിൽ മെസി പലതവണ വിങ്ങിപ്പൊട്ടി. ബാഴ്സയിൽ തന്നെ തുടരാനുള്ള എല്ലാ കാര്യങ്ങളും തയ്യാറായതാണെന്നും ലാ ലിഗയുടെ സാമ്പത്തിക നിയന്ത്രണങ്ങളാണ് അത് ഇല്ലാതാക്കിയതെന്നും വിടവാങ്ങൽ പ്രസംഗത്തിൽ മെസി പറഞ്ഞു.
കരഞ്ഞുകൊണ്ടാണ് ഭാര്യക്കും മക്കൾക്കുമൊപ്പം മെസി എത്തിയത്. സഹതാരങ്ങൾ ഉൾപ്പെടെയുള്ളവർ സദസ്സിൽ കാത്തിരിക്കുന്നു. മുന്നിൽ കൂടിയിരിക്കുന്നവരെ കണ്ട് മെസി വിങ്ങിപ്പൊട്ടി. എത്ര ശ്രമിച്ചിട്ടും കരച്ചിൽ മാറുന്നില്ലെന്ന് കണ്ട ഇതിഹാസ താരം മുൻനിരയിലുണ്ടായിരുന്ന ഭാര്യയിൽ നിന്ന് തൂവാല വാങ്ങി മുഖവും കണ്ണുകളും തുടച്ചു. വീണ്ടും കുറേ സമയത്തിനു ശേഷമാണ് മെസിക്ക് കരച്ചിൽ നിയന്ത്രിച്ച് പ്രസംഗം തുടങ്ങാനായത്.
Story Highlight: barce won juventus friendly match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here