Advertisement

ഫിഫ റാങ്കിംഗ്: ബ്രസീൽ രണ്ടാമത്; അർജന്റീനയ്ക്കും നേട്ടം

August 12, 2021
Google News 2 minutes Read
fifa ranking brazil argentina

ഏറ്റവും പുതിയ ഫിഫ റാങ്കിംഗിൽ ബ്രസീൽ രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ബ്രസീൽ ആണ് ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്ത് എത്തിയത്. ടോക്യോ ഒളിമ്പിക്സിലെ സ്വർണനേട്ടമാണ് ബ്രസീലിനു തുണയായത്. കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ കീഴടക്കി കിരീടം സ്വന്തമാക്കിയ അർജൻ്റീന ആറാം സ്ഥാനത്തേക്കുയർന്നു. ബെൽജിയം ഒന്നാം സ്ഥാനം നിലനിർത്തി. ഇന്ത്യ 105ആം സ്ഥാനത്ത് തുടരുകയാണ്. (fifa ranking brazil argentina)

കോപ്പ കിരീട നേട്ടം അർജൻ്റീനയ്ക്കും യൂറോ കപ്പ് നേട്ടം ഇറ്റലിക്കും തുണയായി. ഇറ്റലി അഞ്ചാം സ്ഥാനത്തേക്കാണ് എത്തിയത്. ഒന്നാം സ്ഥാനത്തുള്ള ബെൽജിയത്തിന് 1822 പോയിൻ്റും രണ്ടാം സ്ഥാനത്തുള്ള ബ്രസീലിന് 1798 പോയിൻ്റുമാണ് ഉള്ളത്. 103 പോയിൻ്റുകൾ വർധിപ്പിച്ച് 1745 പോയിൻ്റുമായാണ് ഇറ്റലി അഞ്ചാം സ്ഥാനത്തേക്ക് കയറിയത്. 72 പോയിൻ്റുകൾ മെച്ചപ്പെടുത്തിയ അർജൻ്റീനക്ക് ആറാം സ്ഥാനത്ത് 1714 പോയിൻ്റുണ്ട്.

Read Also : ടോക്യോ ഒളിമ്പിക്സ്: പുരുഷ ഫുട്‌ബോളിൽ ബ്രസീലിന് സ്വർണം

ഫ്രാൻസ്, ഇംഗ്ലണ്ട് എന്നിവർ യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങളിലാണ്. സ്പെയിൻ, പോർച്ചുഗൽ, മെക്സിക്കോ, അമേരിക്ക എന്നിവർ യഥാക്രമം ഏഴ് മുതൽ 10 വരെ സ്ഥാനങ്ങളിലുണ്ട്. ഇന്ത്യക്ക് 1180 പോയിൻ്റാണ് ഉള്ളത്.

കോപ്പ അമേരിക്ക ഫൈനലിൽ ചിരവൈരികളായ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മെസിയും കൂട്ടരും തോല്പിച്ചത്. 22ആം മിനിട്ടിലായിരുന്നു ഡി മരിയയുടെ വിജയഗോൾ. റോഡ്രിഗോ ഡി പോൾ ആണ് ഗോളിലേക്കുള്ള വഴിയൊരുക്കിയത്. ഒരു ലോംഗ് ബോൾ ക്ലിയർ ചെയ്യാൻ ബ്രസീൽ പ്രതിരോധം പരാജയപ്പെട്ടപ്പോൾ പന്ത് ലോബ് ചെയ്ത് ഡി മരിയ ബ്രസീൽ ഗോൾവല തുളയ്ക്കുകയായിരുന്നു. 28 വർഷത്തിനു ശേഷമാണ് കോപ്പയിൽ അർജൻ്റീനയുടെ കിരീടധാരണം. 1993ലായിരുന്നു അവർ അവസാനമായി കോപ്പ നേടിയത്. മത്സരത്തിൽ ആദ്യാവസാനം കളം നിറഞ്ഞുകളിച്ച റോഡ്രിഗോ ഡിപോൾ ആണ് അർജൻ്റീനയ്ക്ക് ജയമൊരുക്കിയത്.

യൂറോ കപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ പെനൽറ്റി ഷൂട്ടൗട്ടിലാണ് ഇറ്റലി കീഴടക്കിയത്. തകർപ്പൻ സേവുകളുമായി കളം നിറഞ്ഞ ഗോൾകീപ്പർ ജിയാൻ ലൂയി ഡോണറുമ്മയാണ് ഇറ്റലിയ്ക്ക് പെനാൽട്ടി ഷൂട്ടൗട്ടിൽ വിജയം സമ്മാനിച്ചത്. ഷൂട്ടൗട്ടിൽ 3-2 എന്ന സ്‌കോറിനാണ് ഇറ്റലിയുടെ വിജയം. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും 1-1 എന്ന നിലയിലായിരുന്നു.

Story Highlight: fifa ranking brazil argentina

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here