Advertisement

വിശ്വാസികളുടെ പണമെടുത്ത് പിഴയടയ്ക്കാൻ സമ്മതിക്കില്ല : സഭാ സുതാര്യ സമിതി പ്രതിനിധി ഷൈജു ആന്റണി

August 12, 2021
1 minute Read
statement against alencherry

സിറോ മലബാർ ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി സഭാ സുതാര്യ സമിതി പ്രതിനിധി ഷൈജു ആന്റണി. കർദിനാൾ സ്ഥാനത്ത് നിന്ന് മാറി നിൽക്കുകയാണ് വേണ്ടതെന്ന് ഷൈജു ആന്റണി ട്വന്റിഫോറിനോട് പറഞ്ഞു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി മാറി നിൽക്കാതെ സഭ രക്ഷപ്പെടില്ലെന്ന് ഷൈജു പറയുന്നു.

കർദിനാളിനെതിരായ തെളിവുകൾ പുറത്ത് വന്നിട്ടുണ്ട്. സിറോ മലബാ‍ർ സഭാ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് എറണാകുളം- അങ്കമാലി അതിരൂപത 3.5 കോടി രൂപ കൂടി പിഴയൊടുക്കണമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. വിശ്വാസികളുടെ പണമെടുത്ത് പിഴയടയ്ക്കാൻ സമ്മതിക്കില്ലെന്ന് ഷൈജു ആന്റണി പറഞ്ഞു.

കുറ്റക്കാർ ആരാണോ അവരുടെ പണം ഉപയോ​ഗിച്ച് വേണം പിഴയൊടുക്കാൻ. വിശ്വാസികൾ നേർച്ചയ്ക്കായി നൽകിയ പണം ഉപയോ​ഗിച്ചല്ല പിഴയടയ്ക്കേണ്ടത്. അങ്ങനെ ചെയ്താൽ വലിയ പ്രക്ഷോഭം ഉണ്ടാകും. ഒരു കർദിനാളോ, മേജർ ആർച്ച് ബിഷപ്പോ, വൈദികരോ അല്ല സഭ. ഞങ്ങളെ പോലുള്ള നൂറുകണക്കിന് വിശ്വാസികളാണ് സഭ- ഷൈജു ആന്റണി

ഇന്ന് ഉച്ചയോടെയാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ് പുറത്ത് വരുന്നത്. സിറോ മലബാർ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. കര്‍ദിനാളിന്റേതടക്കം ആറ് ഹര്‍ജികളും തള്ളി.

മാർ ജോർജ്ജ് ആല‌ഞ്ചേരി,അതിരൂപത മുൻ ഫിനാൻസ് ഓഫിസർ ഫാദർ ജോഷി പുതുവ, ഭൂമി വാങ്ങിയ സാജു വർഗീസ് എന്നിവർ കേസില്‍ വിചാരണ നേരിടണമെന്ന് എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഉത്തരവ് ശരിവച്ചുകൊണ്ട് ഹൈക്കോടതി പറഞ്ഞു.
വിചാരണാ കോടതിയില്‍ കര്‍ദ്ദിനാള്‍ ഹാജരായി ജാമ്യമെടുക്കണം. കേസില്‍ വിചാരണാ നടപടികളിലേക്ക് കടക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ജസ്റ്റിസ് സോമരാജൻ അധ്യക്ഷനായ സിം​ഗിൾ ബെഞ്ചാണ് അപ്പീൽ തള്ളിയത്. സഭയുമായി ബന്ധപ്പെട്ട ഭൂമിയിടപാടിൽ സഭയക്ക് നഷ്ടമുണ്ടാക്കിയെന്നായിരുന്നു കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരായ കേസ്. ഇതിൽ എറണാകുളം സെഷൻസ് കോടതിയിൽ നിന്ന് കർദിനാൾ വിചാരണ നേരിടണമെന്ന ഉത്തരവ് വന്നു. ഇതിനെതിരെയായിരുന്നു കർദിനാളിന്റെ അപ്പീൽ.

Read Also: കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി; വിചാരണ നേരിടണമെന്ന് ഹൈക്കോടതി

നേരത്തെ സിറോ മലബാ‍ർ സഭാ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് എറണാകുളം- അങ്കമാലി അതിരൂപത 3.5 കോടി രൂപ കൂടി പിഴയൊടുക്കണമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിരുന്നു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നടന്നത് ഗുരുതര സാമ്പത്തിക ക്രമക്കേടാണെന്ന് റിപ്പോ‍ർട്ടിൽ പറയുന്നു. വൻ നികുതി വെട്ടിപ്പാണ് നടന്നതെന്നും ആദായനികുതി വകുപ്പ് പറഞ്ഞു.

സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നെടുത്ത 58 കോടി തിരിച്ചടയ്ക്കാനാണ് സഭയുടെ കൈവശമുളള ഭൂമി വിറ്റത്. എന്നാൽ ഈ കടം തിരിച്ചയ്ക്കാതെ രണ്ടിടത്ത് ഭൂമി വാങ്ങുകയാണ് സഭ ചെയ്തത്. ഈ ഭൂമിയിടപാടിന് എത്രപണം കൊടുത്തു എന്നതിനും കൃത്യമായി രേഖകളില്ല. ഇടനിലക്കാരൻ സാജു വർഗീസിനെ പരിചയപ്പെടുത്തിയത് കർദിനാളെന്ന് പ്രൊക്യുറേറ്റർ മൊഴി നൽകിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. കോട്ടപ്പടി ഭൂമി മറിച്ചുവിൽക്കാൻ ചെന്നൈയിൽ നിന്നുളള ഇടപാടുകാരെ കർദിനാൾ നേരിട്ട് കണ്ടെന്നും ഫാദർ ജോഷി പുതുവ ഇൻകം ടാക്സിന് മൊഴി നൽകി. മൂന്നാറിലെ ഭൂമിയിടപാടിന്‍റെ വരുമാന സോഴ്സ് എവിടെനിന്ന് എന്നും കൃത്യമായി പറയാനാകുന്നില്ല.

മറിച്ച് വിറ്റ് ലാഭം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയുളള റിയൽ എസ്റ്റേറ്റ് ഇടപാടിലാണ് സഭ പങ്കാളികളായത്. അതിരൂപതയുടെ അക്കൗണ്ടിൽ നിന്നുളള പണം വകമാറ്റിയാണ് ഈ ഇടപാടുകൾ നടത്തിയത്. യഥാർഥ വില മറച്ചുവെച്ചാണ് അതിരൂപത ഭൂമിയിടപാടുകൾ നടത്തിയതെന്നും ആദായ നികുതി വകുപ്പിന്റഎ റിപ്പോർട്ടിൽ പറയുന്നു.

ഇടനിലക്കാരനായ സാജു വർഗീസ് ഭൂമി തുണ്ടുതുണ്ടായി മറിച്ചു വിറ്റ് വിൽപ്പന നടത്തി. ഈ ഇടപാടുകളിലും യഥാർഥ വിലയല്ല രേഖകളിൽ കാണിച്ചത്. വൻ നികുതിവെട്ടിപ്പാണ് ഈ ഇടപാടുകൾ വഴി നടത്തിയതെന്നും വകുപ്പ് ചൂണ്ടിക്കാട്ടി.

Story Highlight: statement against alencherry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement