കോട്ടത്തറ ട്രൈബൽ സ്പെഷ്യലിറ്റി ആശുപത്രിക്ക് ഫണ്ട് അനുവദിച്ച് പട്ടികവർഗ വകുപ്പ് [24 impact]

പാലക്കാട് അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രി ജീവനക്കാരുടെ ശമ്പളകുടിശിക സംബന്ധിച്ച ട്വന്റിഫോർ വാർത്തയിൽ ഇടപെട്ട് പട്ടികവർഗ വകുപ്പ്. ശമ്പളകുടിശിക നൽകാൻ 30 ലക്ഷം രൂപയാണ് പട്ടികവർഗ വകുപ്പ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
എസ്.സി. – എസ്.ടി. വിഭാഗത്തിലെ ജീവനക്കാർക്ക് മൂന്ന് മാസത്തെ ശമ്പളകുടിശിക നൽകും. ജനറൽ വിഭാഗത്തിലെ ജീവനക്കാർക്ക് രണ്ട് മാസത്തെ ശമ്ബളവും വിതരണം ചെയ്യും. ട്വന്റിഫോർ വാർത്തയെ തുടർന്ന് എസ്.സി. – എസ്.ടി. കമ്മീഷൻ സംഭവത്തിൽ കേസ് എടുത്തിരുന്നു.
Read Also : കോട്ടത്തറ ട്രൈബൽ ആശുപത്രിയിലെ ശമ്പളകുടിശിക; കർശന നടപടിയുമായി പട്ടികജാതി പട്ടിക വർഗ കമ്മിഷൻ
ട്വന്റിഫോർ വാർത്തയെ തുടർന്ന് മുൻപ് ആരോഗ്യ മന്ത്രി വീണാ ജോർജ് വിഷയത്തിൽ ഇടപെട്ടിരുന്നു. കൊവിഡ് സാഹചര്യത്തിലാണ് ആശുപത്രിയുടെ വരുമാനം നിലച്ചതെന്ന് മന്ത്രി പറഞ്ഞു. 140 ജീവനക്കാർക്ക് ശമ്പളം നൽകാൻ പ്രതിമാസം 18 ലക്ഷം രൂപ ആവശ്യമുണ്ടെന്നും ധനകാര്യ വകുപ്പുമായി ഇക്കാര്യം സംസാരിച്ചുവെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. പ്രശ്‌നത്തിന് ഉടൻ പരിഹാരം കാണുമെന്നും വീണ ജോർജ് ട്വന്റിഫോറിനോട് പറഞ്ഞു.
കൊവിഡ്കാല പ്രതിസന്ധി അതിരൂക്ഷമായി ബാധിച്ച ആരോഗ്യപ്രവർത്തകരെ കുറിച്ചുള്ള റിപ്പോർട്ട് ട്വന്റിഫോറിന്റെ ‘പൂട്ടിപ്പോയ ജീവിതങ്ങൾ’ എന്ന പരമ്പരിയിൽ ഉൾപ്പെടുത്തിയിരുന്നു. കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് ഹോസ്പിറ്റൽ മാനേജ്‌മെന്റ് നിയമിച്ച 140 താത്ക്കാലിക ജീവനക്കാർക്കാണ് മൂന്നുമാസമായി ശമ്പളം ലഭിക്കാത്തത്. കൊവിഡ് ഐസിയുവിലടക്കം ജോലി ചെയ്യുന്നവർക്കാണ് മാസങ്ങളായി ശമ്പളം മുടങ്ങിയിരിക്കുന്നത്.
അട്ടപ്പാടിയിൽ ശമ്പളം മുടങ്ങിയ ഭൂരിഭാഗം ആരോഗ്യപ്രവർത്തകരും ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്. ആശുപത്രിയുടെ സാമ്പത്തിക പരാധീനത ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പിന് ആശുപത്രി സൂപ്രണ്ട് അപേക്ഷ നൽകിയിരുന്നു.
Story Highlight: kottathara tribal hospital salary issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here