ഇംഗ്ലണ്ടിന്റെ ഹുങ്കിനു മേൽ ഇന്ത്യയടിച്ച ആണി; ലോർഡ്സ് ജയം സ്പെഷ്യലാണ്

“യൂ സ്വെയറിങ് അറ്റ് മീ അഗൈൻ? ആർ യൂ? നോട്ട് യുവർ ബാക്ക്‌യാർഡ്”
ആൻഡേഴ്സണെതിരെ കോലി പറഞ്ഞത് അച്ചട്ടായി. ഓസീസിൻ്റെ സ്വകാര്യ അഹങ്കാരമായിരുന്ന ഗാബ കീഴടക്കി ചരിത്രം കുറിച്ചതുപോലെ ഇംഗ്ലണ്ടിൻ്റെ വൈറ്റ് സുപ്രീമസിയുടെ അടയാളമായ ലോർഡ്സിൽ വിജയം കുറിച്ച് വീണ്ടും കോലിപ്പട ചരിത്രം രചിച്ചു. സത്യത്തിൽ രണ്ടാം ടെസ്റ്റിൽ കളത്തിലുണ്ടായിരുന്നത് 11 കോലിമാരായിരുന്നു. ഗ്രൗണ്ടിൽ കോലിയുടെ പോരാട്ടവീര്യം എല്ലാവരിലേക്കും എത്തിയതോടെയാണ് ഇംഗ്ലണ്ട് പത്തിമടക്കിയത്. (india test victory lords)
ശരിക്കും ആൻഡേഴ്സണും കോലിയും തമ്മിൽ നടന്ന വാക്പോരായിരുന്നു ഈ മത്സരത്തിലെ ആദ്യ ടേണിംഗ് പോയിൻ്റ്. ചൊറിഞ്ഞ ആൻഡേഴ്സണ് കോലി മറുപടി നൽകിയെങ്കിലും 10 പന്തുകൾ നീണ്ട ഒരു ഓവറിലൂടെ ബുംറ വീണ്ടും ആൻഡേഴ്സണെ ചൊടിപ്പിച്ചു. ആ പത്ത് പന്തുകളും ആൻഡേഴ്സണ് പത്ത് അഗ്നിപരീക്ഷണങ്ങളായിരുന്നു. തുടർന്ന് ആൻഡേഴ്സണെ മടക്കി ഷമി ഇംഗ്ലണ്ടിൻ്റെ ആദ്യ ഇന്നിംഗ്സിനു തിരശീലയിട്ടു. കളിക്ക് ശേഷം മടങ്ങുകയായിരുന്ന ബുംറയോട് ആൻഡേഴ്സൺ ദേഷ്യപ്പെട്ടു. സ്വാഭാവികമായും ബൗൺസർ ബാരേജാവും ആൻഡേഴ്സൺ സൂചിപ്പിച്ചത്. കളിക്ക് ശേഷം ഒരു വാക്പോര് നടത്തി ഊർജം കളയാൻ താത്പര്യമില്ലാത്തതുകൊണ്ട് തന്നെ ബുംറ ചിരിച്ചുകൊണ്ട് കളം വിട്ടു.
ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിൽ 209 റൺസ് എടുക്കുന്നതിനിടെ 8 വിക്കറ്റുകൾ നഷ്ടപ്പെട്ട് ഇന്ത്യ പതറുകയാണ്. ക്രീസിൽ ബുംറയും ഷമിയും ഉറച്ചു. ബൗൺസറുകൾ കൊണ്ടാണ് മാർക്ക് വുഡ് ബുംറയെ നേരിട്ടത്. ചിലത് ബുംറയെ ഹെൽമറ്റിലിടിച്ചു. ചിലത് എഡ്ജ്ഡായി. ചിലത് ദേഹത്തിടിച്ചു. ഇതിനിടെ വിക്കറ്റിനു പിന്നിൽ നിന്ന് ബട്‌ലർ ബുംറയെ പ്രകോപിപ്പിച്ചുകൊണ്ടിരുന്നു. ഇതേപ്പറ്റി ഓവറിനു ശേഷം ബുംറ അമ്പയറോട് പരാതിപ്പെട്ടു. വീണ്ടും ബട്‌ലർ എത്തി. “ഐ വാസ് നോട്ട് ദ് വൺ ഹൂ വാസ് കംപ്ലൈനിങ് ടു ബോൾ സ്ലോ മാൻ”- ബുംറയുടെ മറുപടി. നേരത്തെ ആൻഡേഴ്സണിൻ്റെ പരാതിയായിരുന്നു ബുംറ ഉദ്ദേശിച്ചത്. ഇതായിരുന്നു രണ്ടാം ടേണിംഗ് പോയിൻ്റ്.
9ആം വിക്കറ്റിൽ ഷമിയുമായിച്ചേർന്ന് ബുംറ പടുത്തുയർത്തിയത് അപരാജിതമായ 89 റൺസ്. ഇംഗ്ലണ്ടിൻ്റെ റിസൽട്ടിൽ നിന്ന് ജയം എടുത്തുകളഞ്ഞ കൂട്ടുകെട്ട്. ഷമിയോളം കൺവിൻസിങ് ആയിരുന്നില്ല ബുംറയെങ്കിലും ഇന്ത്യയുടെ പ്രൈം പേസറുടെ ബാറ്റിംഗ് എഫക്ടീവായിരുന്നു. ചില സ്ട്രൈറ്റ് ഡ്രൈവുകളായിരുന്നു ഹൈലൈറ്റ്. അതേസമയം ഷമി ഗംഭീരമായി ബാറ്റ് ചെയ്തു. ഷമിക്ക് ബാറ്റിംഗ് വഴങ്ങുമെന്ന് നേരത്തെ തന്നെ മനസ്സിലായിട്ടുണ്ടെങ്കിലും കൂറ്റൻ ഷോട്ടുകൾ നിരന്തരം കളിക്കാൻ ശ്രമിക്കുന്നത് അയാളുടെ പോരായ്മ ആയിരുന്നു. ഇന്നലെ പക്ഷേ, ഷമി അത് മാറ്റിനിർത്തി. ഒരു സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാൻ്റെ സമീപനമാണ് ഷമി കാഴ്ചവച്ചത്. മോശം പന്തുകൾ ശിക്ഷിച്ച്, മികച്ച പന്തുകളെ ബഹുമാനിച്ച് ഒരു ഫ്ലോലസ് ഇന്നിംഗ്സ്. ഷോട്ട് സെലക്ഷനും പ്ലേസ്മെൻ്റും ഗംഭീരമായിരുന്നു. ഈ കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ മാനസികമായി തളർത്തി. ഒടുവിൽ ഔട്ട് ഓഫ് ദ് ബ്ലൂ, ഒരു ഓവറിൻ്റെ മധ്യത്തുവച്ച് കോലിയുടെ ഡിക്ലറേഷൻ. ലോർഡ്സിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുന്ന ആദ്യ ഇന്ത്യൻ നായകൻ. ട്രിക്കി ടാർഗറ്റ് വച്ച് ‘ഒന്ന് മുട്ടിനോക്കടാ’ എന്ന സമീപനം. ദ് സ്റ്റേജ് വാസ് സെറ്റ്. 60 ഓവറിൽ 271 റൺസായിരുന്നു ഇംഗ്ലണ്ടിൻ്റെ വിജയലക്ഷ്യം. കളി ആരംഭിച്ചതേ ഉണ്ടായിരുന്നുള്ളൂ.
Read Also : ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 151 റൺസിന്റെ ത്രസിപ്പിക്കും ജയം
ഇന്ത്യൻ ഇന്നിംഗ്സിൽ പുറത്താവാതെ 34 റൺസെടുത്ത് ഇന്ത്യയെ സേഫ് സോണിലെത്തിച്ച ബുംറയുടെ ആദ്യ ഓവറിലെ മൂന്നാം പന്തിൽ ഇംഗ്ലണ്ടിന് ആദ്യ തിരിച്ചടി. ഇന്നിംഗ്സിലെ ആദ്യ ഓവറിൽ റോറി ബേൺസിനെ നഷ്ടമായ ഇംഗ്ലണ്ട് പിന്നെ തിരികെവന്നില്ല. രണ്ടാം ഓവർ എറിഞ്ഞ ഷമി നാലാം പന്തിൽ വിക്കറ്റിട്ടു. ബാറ്റിംഗിൽ പുറത്താവാതെ 56 റൺസെടുത്ത ഷമി സിബ്ലിയെ മടക്കി ഇംഗ്ലണ്ടിനെ ഒരു റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലേക്ക് തള്ളിവിട്ടു. ഹസീബ് ഹമീദും റൂട്ടും ചേർന്ന് പിടിച്ചുനിൽക്കാൻ നോക്കി. മൂന്നാം വിക്കറ്റിൽ കൂട്ടുകെട്ട് 42 റൺസ്. അപകട സൂചന ഉയർന്ന് തുടങ്ങിയ വേളയിൽ കോലിയുടെ ബൗളിംഗ് ചേഞ്ച്. ഇഷാന്തിൻ്റെ ആംഗിൾ ഹസീബിനെ വിക്കറ്റിനു മുന്നിൽ കുരുക്കി. ഇഷാന്ത് തന്നെ ബെയർസ്റ്റോയെയും മടക്കി. ചായക്ക് പിരിയുമ്പോൾ ഇംഗ്ലണ്ട് 4 വിക്കറ്റ് നഷ്ടത്തിൽ 67 റൺസ്. ബാക്കിയുള്ളത് 38 ഓവറുകൾ. വേണ്ടത് റൂട്ട് അടക്കം 6 വിക്കറ്റ്.
ചായക്ക് ശേഷം ഇന്നിംഗ്സ് ആരംഭത്തിൻ്റെ ആവർത്തനമായിരുന്നു. ആദ്യ ഓവർ ബുംറ എറിയുന്നു. മൂന്നാം പന്തിൽ വിക്കറ്റ് വീഴുന്നു. ഇത്തവണ പ്രൈസ് വിക്കറ്റായ ജോ റൂട്ടാണ് മടങ്ങിയത്. പിന്നീട് ആറാം വിക്കറ്റിൽ ബട്‌ലർ-മൊയീൻ അലി എന്നിവർ ചേർന്ന് കൂട്ടുകെട്ടുയർത്താൻ ശ്രമിക്കുന്നു. എഡ്ജ്, ഡ്രോപ്പ്, ക്ലോസ് ഷേവ്. ഒടുവിൽ, ഓവർ ദ് വിക്കറ്റിൽ സിറാജിൻ്റെ ടാക്ടിക്കൽ മാസ്റ്റർ ക്ലാസ്. ഓവറിലെ അഞ്ച് പന്തിലും മൊയീൻ അലി ബീറ്റണാവുന്നു. അടുത്ത ഓവറിലെ ആദ്യ പന്തിൽ മൊയീൻ അലി പുറത്ത്. സോഫ്റ്റ് ഹാൻഡ്സിൻ്റെ സുരക്ഷിതത്വത്തിൽ കളിച്ച മൊയീൻ്റെ തന്ത്രം അവിടെ പൊളിഞ്ഞു. അടുത്ത പന്തിൽ അതേ ആംഗിളൊരുക്കിയെ കെണിയിൽ ബാറ്റ് വച്ച് സാം കറൻ ഗോൾഡൻ ഡക്ക്. ലോർഡ്സിൽ സാമിന് കിംഗ് പെയർ. ഇതായിരുന്നു അടുത്ത ടേണിംഗ് പോയിൻ്റ്. ഷമിയും ബുംറയും ഇഷാന്തും പന്തെറിഞ്ഞെങ്കിലും ഓവർ ദ് വിക്കറ്റിൽ തൻ്റെ ആംഗിൾ കേന്ദ്രീകരിച്ച് രണ്ട് വിക്കറ്റ് വീഴ്ത്തിയ സിറാജ് ഇന്ത്യയുടെ ഓട്ടോമാറ്റിക്ക് മൂന്നാം ബൗളറായി മാറുകയാണ്. സച്ച് ബ്രില്ല്യൻസി!
എട്ടാം വിക്കറ്റിൽ റോബിൻസണും ബട്‌ലറും ഒത്തുചേർന്നു. ബുംറ ഭാഗ്യമില്ലാത്ത ബൗളറാണെന്നതിൻ്റെ പല ഉദാഹരണങ്ങൾ കണ്ടു. എഡ്ജ് ഡ്രോപ്പ്, ക്ലോസ് ഷേവ്. അവസാനം പേസ് വേരിയേഷനിൽ ബുംറ തന്നെ റോബിൻസണെ വീഴ്ത്തി. ടി-20യിൽ എഫക്ടീവായ സ്ലോ ബോൾ ടെസ്റ്റിലും മികച്ചതാണെന്ന വിളംബരം. അടുത്ത ഓവറിൽ, അഞ്ച് പന്തുകൾക്കുള്ളിൽ സിറാജ് ഇംഗ്ലണ്ടിൻ്റെ കഥകഴിച്ചു. രണ്ടാം പന്തിൽ ബട്‌ലർ, അഞ്ചാം പന്തിൽ ആൻഡേഴ്സൺ. ആൻഡേഴ്സണെതിരെ ഓവർ ദ് വിക്കറ്റ് മാറി റൗണ്ട് ദ് വിക്കറ്റ് എറിഞ്ഞ ആദ്യ പന്തിലായിരുന്നു വിക്കറ്റ്. സിറാജിൻ്റെ ഗെയിം അവേർനസ് ഗംഭീരം.
“നിങ്ങൾ ഞങ്ങളിലൊരാൾക്ക് നേറെ തിരിഞ്ഞാൽ ഞങ്ങൾ 11 പേർ നിങ്ങൾക്കെതിരെ തിരിയും.”- സെഞ്ചുറിയടിച്ച് മാൻ ഓഫ് ദ് മാച്ച് ആയ രാഹുൽ പ്രെസൻ്റേഷൻ സെറിമണിയിൽ പറഞ്ഞ കാര്യമാണിത്. “യൂ ഗോ ആഫ്റ്റർ വൺ ഓഫ് അവർ ഗയ്സ്, ആൻഡ് ഓൾ ലവൻ ഓഫ് അസ് വിൽ കം ബാക്ക്” ലിറ്ററലി ട്രൂ!
Story Highlight: india test victory lords
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here