അഫ്ഗാനിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ച് തുടങ്ങി; ആദ്യ വിമാനത്തിൽ 120 പേർ

അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിച്ച് തുടങ്ങി. കാബൂളിലെ ഇന്ത്യൻ എംബസിയിലെ 120 ഉദ്യോഗസ്ഥരേയും വഹിച്ച് കൊണ്ടുള്ള വ്യോമസേനയുടെ പ്രത്യേക വിമാനം കാബൂളിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്ത്യൻ എംബസിയിലെ ഒഴിപ്പിക്കൽ പ്രക്രിയ പൂർത്തിയായതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാബൂളിലെ ഇന്ത്യൻ എംബസി അടച്ചു. ശേഷിക്കുന്ന ഇന്ത്യക്കാരെയും ഇന്ന് തന്നെ നാട്ടിലെത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
കാബൂൾ വിമാനത്താവളത്തിലേക്കും പുറത്തേക്കുമുള്ള സാധാരണ സർവീസുകൾ റദ്ദാക്കിയതിനാൽ പ്രത്യേക വ്യോമസേനാ വിമാനങ്ങളിലായിരിക്കും ശേഷിക്കുന്ന ഉദ്യോഗസ്ഥർ അടക്കമുള്ളവരെ കൊണ്ടുവരുന്നത്. ഇന്നലെ എയർ ഇന്ത്യ വിമാനം കാബൂളിലേക്ക് പോയെങ്കിലും അഫ്ഗാൻ വ്യോമാതിർത്തി അടച്ചതിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
Read Also : അഫ്ഗാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ എത്തിക്കാൻ അമേരിക്കൻ സഹായം തേടി കേന്ദ്രസർക്കാർ
അഫ്ഗാനിസ്ഥാനിലെ അടിയന്തര ഒഴിപ്പിക്കലിന് അമേരിക്കയുടെ സഹായം ഇന്ത്യ തേടിയിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇക്കാര്യത്തിൽ ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും, ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ ഒഴിപ്പിക്കൽ പൂർത്തിയാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഒഴിപ്പിക്കൽ നടപടികൾക്കായി വിദേശകാര്യ മന്ത്രാലയം പ്രത്യേക സെൽ തുടങ്ങിയിട്ടുണ്ട്.
Story Highlight: Indian Diplomats evacuation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here