Advertisement

പാകിസ്താൻ പര്യടനം; ടീമിനൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരെ അയക്കുമെന്ന് ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ്

August 18, 2021
Google News 2 minutes Read
New Zealand Security Pakistan

പാകിസ്താൻ പര്യടനത്തിനുള്ള ടീമിനൊപ്പം പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരെ അയക്കുമെന്ന് ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ്. പാകിസ്താൻ്റെ അയൽരാജ്യമായ അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ സ്ഥിതി പരിഗണിച്ചാണ് തീരുമാനം. സെപ്തംബറിലാണ് ന്യൂസീലൻഡ് ടീം പാകിസ്താനിൽ പര്യടനം നടത്തുക. അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പര്യടനത്തിൻ്റെ ഭാവി ഇപ്പോഴും സംശയത്തിലാണ്. (New Zealand Security Pakistan)

18 വർഷങ്ങൾക്കു ശേഷമാണ് ന്യൂസീലൻഡ് പാകിസ്താനിലേക്ക് പര്യടനം നടത്താനൊരുങ്ങുന്നത്. പരിമിത ഓവർ മത്സരങ്ങൾക്കായാണ് ന്യൂസീലൻഡ് ടീം ഏതാണ്ട് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം പാകിസ്താനിൽ കാലുകുത്തുക. സെപ്തംബർ-ഒക്ടോബർ മാസങ്ങളിലായാണ് പര്യടനം. 2003ലാണ് ന്യൂസീലൻഡ് പാകിസ്താനിൽ അവസാനമായി കളിച്ചത്.

സെപ്തംബർ 17നാണ് പര്യടനം ആരംഭിക്കുക. 17, 19, 21 തീയതികളിൽ ഏകദിന മത്സരങ്ങൾ നടക്കും. റാവൽപിണ്ടിയിലാണ് ഏകദിന പരമ്പര നടക്കുക. ലാഹോറിൽ നടക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയിലെ ആദ്യ മത്സരം സെപ്തംബർ 25നാണ്. ഒക്ടോബർ മൂന്നിനാണ് അവസാന ടി-20 മത്സരം.

Read Also : അടുത്ത വർഷം മുതൽ ഐപിഎലിൽ 10 ടീമുകൾ; സ്ഥിരീകരിച്ച് ബിസിസിഐ

അതേസമയം, ഐപിഎൽ രണ്ടാം പാദ മത്സരങ്ങൾ സെപ്തംബർ 19ന് ആരംഭിക്കും എന്നതിനാൽ മുൻനിര താരങ്ങളൊന്നും പാകിസ്താൻ പര്യടനത്തിൽ ഉണ്ടാവില്ല. ന്യൂസീലൻഡ് താരങ്ങൾ ഐപിഎലിൽ പങ്കെടുക്കുമെന്ന് ക്രിക്കറ്റ് ബോർഡ് സ്ഥിരീകരിച്ചിരുന്നു. കെയിൻ വില്ല്യംസൺ, ട്രെൻ്റ് ബോൾട്ട്, ജെയിംസ് നീഷം, ലോക്കി ഫെർഗൂസൻ എന്നീ താരങ്ങൾക്കാണ് ഐപിഎലിൽ പങ്കെടുക്കാൻ അനുമതി. ആർസിബിയുടെ യുവതാരം ഫിൻ അലൻ കളിക്കുമോ എന്നതിൽ വ്യക്തതയില്ല.

ദക്ഷിണാഫ്രിക്കൻ താരങ്ങൾ ഐപിഎലിൽ പങ്കെടുത്തേക്കില്ല. ശ്രീലങ്കൻ പര്യടനം ഉള്ളതിനാലാണ് ദക്ഷിണാഫ്രിക്കൻ താരങ്ങൾ ഐപിഎലിനെത്തുന്ന കാര്യം സംശയത്തിലായിരിക്കുന്നത്. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളടങ്ങിയ പര്യടനം സെപ്തംബർ 12നാണ് അവസാനിക്കുക. സെപ്തംബർ 19ന് ഐപിഎൽ ആരംഭിക്കും. യുഎഇ സർക്കാർ ബബിൾ ടു ബബിൾ ട്രാൻസ്ഫർ അനുവദിക്കുമെങ്കിൽ ശ്രീലങ്കൻ പര്യടനം കഴിഞ്ഞ് താരങ്ങൾ നേരെ ഐപിഎലിനെത്തും. ഐപിഎലിനെത്താൻ കഴിഞ്ഞാലും ആദ്യ ചില മത്സരങ്ങളിൽ കളിക്കാൻ ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് സാധിക്കില്ല.

31 മത്സരങ്ങളാണ് ഐപിഎലിൽ ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ദുബൈ, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയർ മത്സരവും ദുബൈയിൽ നടക്കും. ഒക്ടോബർ 15 ന് ഫൈനലും ഒക്ടോബർ 10 ന് ആദ്യ ക്വാളിഫയറും നടക്കും. എലിമിനിറ്റേർ മത്സരം ഒക്ടോബർ 11 നും രണ്ടാം ക്വാളിഫയർ 13 നും അബുദാബി സ്റ്റേഡിയത്തിലും നടക്കും.

Story Highlight: New Zealand Security Consultant Pakistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here