Advertisement

അഫ്ഗാനിസ്ഥാൻ പതാകയുമായി തെരുവിൽ പ്രതിഷേധം; സമരക്കാർക്ക് നേരെ വെടിയുതിർത്ത് താലിബാൻ

August 18, 2021
Google News 2 minutes Read
Taliban fire protesters Afghanistan

അഫ്ഗാനിസ്ഥാൻ പതാകയുമായി തെരുവിൽ പ്രതിഷേധിക്കാനിറങ്ങിയവർക്ക് നേരെ വെടിയുതിർത്ത് താലിബാൻ. ഓഫീസുകളിൽ അഫ്ഗാനിസ്ഥാൻ പതാക തന്നെ തുടരണമെന്ന ആവശ്യവുമായാണ് ഇവർ തെരുവിലിറങ്ങിയത്. താലിബാൻ പതാക ബഹിഷ്കരിച്ച് അഫ്ഗാൻ പതാകയുമേന്തി പ്രതിഷേധിച്ച ആളുകൾക്ക് നേരെയ താലിബാനികൾ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ എത്ര പേർ മരണപ്പെട്ടെന്നോ എത്ര പേർക്ക് പരുക്ക് പറ്റിയെന്നോ വ്യക്തമല്ല. സംഭവത്തിൻ്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. (Taliban fire protesters Afghanistan)

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ താലിബാനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ഒരുകൂട്ടം യുവതികൾ നേരത്തെ താലിബാനെതിരെ പരസ്യ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഈ പ്രതിഷേധങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രാജ്യത്തെ ഭരണം പിടിച്ചടക്കിയതിനു ശേഷം താലിബാനെതിരെ നടക്കുന്ന ആദ്യ പ്രതിഷേധമായിരുന്നു ഇത്.

സായുധരായ താലിബാനികൾ നോക്കിനിൽക്കെയാണ് സ്ത്രീകൾ പ്രതിഷേധപ്രകടനം നടത്തുന്നത്. സമത്വം വേണമെന്നതാണ് അവർ മുന്നോട്ടുവെക്കുന്ന ആവശ്യം. പുരുഷന്മാർക്ക് ലഭിക്കുന്ന അവകാശങ്ങൾ തങ്ങൾക്കും ലഭിക്കണമെന്ന് സ്ത്രീകൾ മുദ്രാവാക്യം മുഴക്കുന്നത് കാണാം. സമീപത്തുള്ള താലിബാനി ഇവരോട് സംസാരിക്കുന്നതും വിഡിയോകളിൽ കാണാം.

Read Also : താലിബാനെതിരെ പ്രതിഷേധവുമായി യുവതികൾ തെരുവിൽ; വിഡിയോ

അതേസമയം, യുദ്ധം ആ​ഗ്രഹിക്കുന്നില്ലെന്ന് താലിബാൻ വ്യക്തമാക്കിയിരുന്നു. സമാധാനമാണ് തങ്ങളുടെ ലക്ഷ്യമെന്നും താലിബാൻ പറഞ്ഞു. ആരോടും ശത്രുതയില്ലെന്നും അഫ്​ഗാനിസ്താനിലുള്ള ആരേയും ഉപദ്രവിക്കില്ലെന്നും താലിബാൻ പറഞ്ഞു. അഫ്​ഗാൻ പിടിച്ചതിന് ശേഷമുള്ള ആദ്യ വാർത്തസമ്മേളനത്തിലാണ് വക്താവിന്റെ പ്രതികരണം.

മുൻകാലങ്ങളിൽ തങ്ങളോട് യുദ്ധം ചെയ്തവരോട് ക്ഷമിച്ചെന്ന് താലിബാൻ വക്താവ് പറഞ്ഞു. ശരിഅത്ത് നിയമപ്രകാരം സ്ത്രീകളുടെ അവകാശത്തിനായി പ്രതിജ്ഞാബദ്ധമാണെന്ന് താലിബാൻ പറഞ്ഞു. എല്ലാ എംബസികളുടേയും സുരക്ഷ പ്രധാനമെന്ന് താലിബാൻ വക്താവ് അറിയിച്ചു.

കഴിഞ്ഞ ദിവസം താലിബാൻ അഫ്​ഗാൻ തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ചതിന് പിന്നാലെ ഉച്ചയോടെയാണ് അഫ്​ഗാൻ സർക്കാർ താലിബാന് കീഴടങ്ങിയെന്ന വാർത്ത പുറത്തു വരുന്നത്. താലിബാൻ കാബൂൾ വളഞ്ഞപ്പോൾ തന്നെ അഫ്ഗാൻ സർക്കാർ കീഴടങ്ങുകയാണെന്ന് സൂചന വന്നിരുന്നു. താലിബാന് വഴങ്ങുന്ന സമീപനമായിരുന്നു സൈന്യത്തിന്റെ ഭാഗത്തു നിന്നും സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായത്. ഇതിന് പിന്നാലെയാണ് അഷ്റഫ് ​ഗനി രാജ്യം വിട്ടെന്ന വാർത്ത പുറത്ത് വന്നത്.

അതിനിടെ, താലിബാൻ അനുകൂല പോസ്റ്റുകൾ ഫേസ്ബുക്ക് വിലക്കി. യുണൈറ്റഡ് സ്റ്റേറ്റ്സ് നിയമ സംവിധാനം താലിബാനെ ഭീകരസംഘടനയാണെന്ന് വ്യക്തമാക്കിയത് ചൂണ്ടിക്കാട്ടിയാണ് നടപടി.

Story Highlight: Taliban open fire protesters Afghanistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here