Advertisement

ഐപിഎൽ രണ്ടാം പാദം: യുഎഇയിൽ ബട്‌ലർ എത്തില്ല; പകരം ഗ്ലെൻ ഫിലിപ്സ്

August 21, 2021
3 minutes Read
Buttler IPL Glenn Phillips

ഐപിഎൽ രണ്ടാം പാദ മത്സരങ്ങൾക്കായി രാജസ്ഥാൻ റോയൽസിൻ്റെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്ലർ എത്തില്ല. ഐപിഎലിൻ്റെ സമയത്ത് തന്നെ കുഞ്ഞിൻ്റെ ജനനം നടക്കുന്നതിനാലാണ് ബട്‌ലർ വിട്ടുനിൽക്കുക. ന്യൂസീലൻഡ് യുവ വിക്കറ്റ് കീപ്പർ ഗ്ലെൻ ഫിലിപ്സ് ബട്‌ലറിനു പകരക്കാരനായി എത്തും. (Buttler IPL Glenn Phillips)

രാജസ്ഥാൻ റോയൽസിനു വേണ്ടി മികച്ച ഫോമിലായിരുന്നു ബട്‌ലർ. ഇന്ത്യയിൽ നടന്ന ആദ്യ പാദത്തിൽ 7 മത്സരങ്ങളിൽ നിന്നായി ബട്‌ലർ 254 റൺസ് നേടിയിരുന്നു. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഒരു സെഞ്ചുറി നേടാനും താരത്തിനു കഴിഞ്ഞു. ബട്‌ലറുടെ അഭാവം രാജസ്ഥാൻ റോയൽസിനെ സാരമായി ബാധിക്കുമെങ്കിലും ഗ്ലെൻ ഫിലിപ്സ് അവസരത്തിനൊത്തുയരുമെന്നാണ് മാനേജ്മെൻ്റിൻ്റെ പ്രതീക്ഷ. 25 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് 506 റൺസാണ് ഗ്ലെൻ ഫിലിപ്സിൻ്റെ സമ്പാദ്യം. 2 വിക്കറ്റുകളും താരം വീഴ്ത്തിയിട്ടുണ്ട്.

Read Also : ഐപിഎൽ രണ്ടാം പാദം; ഡൽഹി ക്യാപിറ്റൽസ് യുഎഇയിലേക്ക് തിരിച്ചു

ഐപിഎൽ രണ്ടാം പാദ മത്സരങ്ങളിൽ യുഎഇയിൽ ആരംഭിക്കുമ്പോൾ ഏറ്റവുമധികം പ്രതിസന്ധി രാജസ്ഥാൻ റോയൽസിനാവും. ഇന്ത്യയിൽ നടന്ന ആദ്യ പാദ മത്സരങ്ങൾക്കിടെ തന്നെ പല വിദേശ താരങ്ങളെയും നഷ്ടപ്പെട്ട് രാജസ്ഥാൻ കടുത്ത പ്രതിസന്ധിയിലായിരുന്നു. ലീഗ് യുഎഇയിൽ പുനരാരംഭിക്കുമ്പോൾ ഈ താരങ്ങൾ കളിക്കാനെത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ, ഇപ്പോൾ ഫസ്റ്റ് ഇലവനിൽ സ്ഥാനമുറപ്പായ മൂന്ന് ഇംഗ്ലണ്ട് താരങ്ങൾ രാജസ്ഥാനു വേണ്ടി കളത്തിലിറങ്ങില്ല.

ബട്‌ലറെ കൂടാതെ ഇന്ത്യയിൽ വച്ചുള്ള ആദ്യ പാദ മത്സരങ്ങളിൽ ഇല്ലാതിരുന്ന പേസർ ജോഫ്ര ആർച്ചർ യുഎഇയിലും കളിക്കില്ല. താരത്തിൻ്റെ പരുക്ക് ഇനിയും ഭേദമായിട്ടില്ല. ഈ വർഷം മുഴുവൻ ആർച്ചർ പിച്ചിലിറങ്ങില്ലെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചിരിക്കുന്നത്. ടി-20 ലോകകപ്പും ആഷസും ഐപിഎലുമൊക്കെ താരത്തിനു നഷ്ടമാവും. ആദ്യ പാദത്തിൽ പരുക്കേറ്റ് മടങ്ങിയ ബെൻ സ്റ്റോക്സ് രണ്ടാം പാദത്തിലും ഉണ്ടാവില്ല. അനിശ്ചിതകാലത്തേക്ക് ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കുന്നു എന്ന് പ്രഖ്യാപിച്ച സ്റ്റോക്സ് എപ്പോൾ തിരികെയെത്തുമെന്ന് വ്യക്തമല്ല. സ്റ്റോക്സ് ഐപിഎലിൽ കളിക്കില്ലെന്നാണ് വിവരം.

ആർച്ചറിനും സ്റ്റോക്സിനും പിന്നാലെ ബയോ ബബിളിലെ ജീവിതം ദുഷ്കരമാണെന്ന് ചൂണ്ടിക്കാട്ടി ലിയാം ലിവിങ്സ്റ്റണും ആന്ദ്രൂ തൈയും പിന്നീട് നാട്ടിലേക്ക് മടങ്ങി. ബാക്കപ്പ് ഓപ്ഷനായി ഇനി ഒരു വിദേശ താരം പോലും ടീമിലില്ല. ജോസ് ബട്‌ലർ, ഡേവിഡ് മില്ലർ, മുസ്തഫിസുർ റഹ്മാൻ, ക്രിസ് മോറിസ് എന്നിവർ മാത്രമാണ് നിലവിൽ രാജസ്ഥാൻ റോയൽസിലുള്ള വിദേശ താരങ്ങൾ. അതേസമയം, തൈയും ലിവിങ്സ്റ്റണും യുഎഇയിൽ കളിക്കാനെത്തിയേക്കുമെന്നാണ് സൂചന.

Story Highlight: Jos Buttler IPL Glenn Phillips

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top