Advertisement

പ്രണയം മുതൽ #ഹോം വരെ; കഴിഞ്ഞ പതിറ്റാണ്ടിലെ ഓണം ഹിറ്റുകൾ

August 21, 2021
2 minutes Read
onam movies last decade

മലയാള സിനിമാ സംസ്കാരത്തിൽ കാതലായ മാറ്റം വന്ന ഒരു നൂറ്റാണ്ടായിരുന്നു കഴിഞ്ഞുപോയത്. ടിപ്പിക്കൽ മേക്കിംഗിൽ നിന്ന് റിയലസ്റ്റിക്കിലേക്കുള്ള മാറ്റവും വ്യത്യസ്തമായ, സാർവത്രിക പ്രമേയങ്ങളിലേക്കുള്ള ചുവടുമാറ്റവും പരീക്ഷണ ചിത്രങ്ങളുമൊക്കെ ഇക്കാലയളവിൽ നമ്മൾ കണ്ടു. ഡിജിറ്റൽ യുഗത്തിലേക്കും ഓടിടി സംസ്കാരത്തിലേക്കുമൊക്കെ നമ്മൾ കടന്നു. കോടി ക്ലബുകൾ മലയാള സിനിമകളുടെ പേർക്കും എഴുതപ്പെട്ടു. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും സുപ്രധാന സമയമാണ് ഓണം. ഓണക്കാലം സിനിമകൾക്ക് ചാകരയാണ്. കുടുംബസമേതം തീയറ്ററുകളിലെത്തുന്നവർ സിനിമകളെ വിജയിപ്പിക്കുന്ന പ്രവണതയാണ് ഇക്കാലത്തുള്ളത്. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷമായി തീയറ്ററുകളിൽ ഓണത്തിരക്ക് ഇല്ലെങ്കിലും ഓടിടി പ്ലാറ്റ്ഫോമുകളിലൂടെ സിനിമകൾ എത്തുന്നത്. 2011 മുതൽ 2021 വരെയുള്ള ഓണം ഹിറ്റുകളാണ് ഇനി നമ്മൾ ചർച്ചചെയ്യുന്നത്. (onam movies last decade)

2011

തേജാഭായ് ആൻഡ് ഫാമിലി, പ്രണയം, സെവൻസ്, ഉലകം ചുറ്റും വാലിബൻ, ഡോക്ടർ ലവ് എന്നീ ചിത്രങ്ങൾക്കൊപ്പം പഴയ മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയുടെ ത്രിമാന രൂപവും 2011 ഓണക്കാലത്ത് റിലീസായി. മോഹൻലാലും ജയപ്രദയും പ്രധാനവേഷങ്ങളിൽ അഭിനയിച്ച് ബ്ലെസി സംവിധാനം ചെയ്ത പ്രണയമായിരുന്നു ഓണം വിന്നർ. കുഞ്ചാക്കോ ബോബൻ നായകനായ ഡോക്ടർ ലവ്, പൃഥ്വിരാജ് നായകനായെത്തിയ തേജാഭായ് ആൻഡ് ഫാമിലി, മൾട്ടിസ്റ്റാർ ചിത്രമായ സെവൻസ് എന്നീ സിനിമകളും ഭേദപ്പെട്ട ചലച്ചിത്രാവിഷ്കാരങ്ങളായിരുന്നു.

2012

താപ്പാന, ഫ്രൈഡേ, മിസ്റ്റർ മരുമകൻ, റൺ ബേബി റൺ എന്നീ ചിത്രങ്ങൾക്കൊപ്പം അല്ലു അർജുൻ നായകനായ ഇതരഭാഷാ ചിത്രം ജുലായ് മൊഴിമാറി ഗജപോക്കിരി എന്ന പേരിലും ഓണക്കാലത്ത് തീയറ്ററുകളിലെത്തി. ബോക്സോഫീസിൽ തകർത്തോടിയ മോഹൻലാൽ-ജോഷി ചിത്രം റൺ ബേബി റൺ ആണ് അക്കൊല്ലം നേട്ടമുണ്ടാക്കിയത്. ദിലീപിനെ നായകനാക്കി സന്ധ്യ മോഹൻ അണിയിച്ചൊരുക്കിയ മിസ്റ്റർ മരുമകൻ ഒരു എൻ്റർടൈനർ എന്ന നിലയിലും നിറഞ്ഞോടി. നിരൂപകർ വിമർശിച്ചെങ്കിലും മിസ്റ്റർ മരുമകൻ ബോക്സോഫീസ് ഹിറ്റ് ആയി.

2013

ദൈവത്തിൻ്റെ സ്വന്തം ക്ലീറ്റസ്, ഡി-കമ്പനി, ശൃംഗാരവേലൻ, നോർത്ത് 24 കാതം, ഏഴാമത്തെ വരവ് എന്നീ സിനിമകളാണ് 2013 ഓണം റിലീസുകളായി തീയറ്ററുകളിലെത്തിയത്. ദിലീപ് നായകനായി ജോസ് തോമസ് സംവിധാനം ചെയ്ത ശൃംഗാരവേലനായിരുന്നു അക്കൊല്ലത്തെ ഓണം ഹിറ്റ്. അനിൽ രാധാകൃഷ്ണ മേനോൻ്റെ ആദ്യ സിനിമയായ, ഫഹദ് ഫാസിൽ നായകനായ നോർത്ത് 24 കാതം നിരൂപക പ്രശംസ നേടി. മാർത്താണ്ഡൻ്റെ മമ്മൂട്ടിച്ചിത്രം ദൈവത്തിൻ്റെ സ്വന്തം ക്ലീറ്റസും ബോക്സോഫീസിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

2014

പെരുച്ചാഴി, സപ്തമശ്രീ തസ്കരാഹ, രാജാധിരാജ, വില്ലാളിവീരൻ എന്നീ ചിത്രങ്ങളാണ് 2014 ഓണത്തിന് മാറ്റുരക്കാനെത്തിയത്. പൃഥ്വിരാജ്, ആസിഫ് അലി, ചെമ്പൻ വിനോദ് തുടങ്ങിയവർ അഭിനയിച്ച് അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്ത സപ്തമശ്രീ തസ്കരാഹ അക്കൊല്ലത്തെ ഓണം ഹിറ്റായി. നിരൂപകർക്കിടയിലും മികച്ച പ്രതികരണം നേടിയ ചിത്രം ബ്ലോക്ക്ബസ്റ്റർ ആയിരുന്നു. വില്ലാളിവീരൻ ഒഴികെ മറ്റ് ചിത്രങ്ങളും ബോക്സോഫീസിൽ ഭേദപ്പെട്ട പ്രകടനം നടത്തി.

2015

ലോഹം, കുഞ്ഞിരാമായണം, ഉട്ടോപ്യയിലെ രാജാവ്, ജമ്ന പ്യാരി, ഡബിൾ ബാരൽ എന്നീ സിനിമകളായിരുന്നു ഇക്കുറി ഓണത്തിനെത്തിയത്. വിനീത് ശ്രീനിവാസൻ നായകനായി ബേസിൽ ജോസഫിൻ്റെ സംവിധാന അരങ്ങേറ്റമായി പുറത്തിറങ്ങിയ കുഞ്ഞിരാമായണം അക്കൊല്ലത്തെ സർപ്രൈസ് ഹിറ്റ് ആയി. മോഹൻലാൽ-രഞ്ജിത് ടീമിൻ്റെ ലോഹവും കുഞ്ചാക്കോ ബോബനെ നായകനാക്കി തോമസ് സെബാസ്റ്റ്യൻ അണിയിച്ചൊരുക്കിയ ജമ്നാ പ്യാരിയും ബോക്സോഫീസിൽ മികച്ച പ്രകടനം നടത്തി.

2016

ഊഴം, ഒപ്പം കൊച്ചവ പൗലോ അയ്യപ്പ കൊയ്ലോ, വെൽക്കം ടു സെൻട്രൽ ജെയിൽ, ഒരു മുത്തശ്ശി ഗഥ എന്നീ സിനിമകൾ ഇക്കൊല്ലം ഓണത്തിനെത്തി. പ്രിയദർശൻ മോഹൻലാൽ ടീമിൻ്റെ ഒപ്പം ആയിരുന്നു ഓണം വിന്നർ. ഓപ്പണിംഗ് വീക്ക് റെക്കോർഡ് ഇട്ട ചിത്രം നിരൂപകപ്രശംസയും നേടി. 42 കോടി രൂപയാണ് സിനിമ ലോകവ്യാപകമായി നേടിയത്. പൃഥ്വിരാജ്-ജീത്തു ജോസഫ് ചിത്രം ഊഴം, ദിലീപിനെ നായകനാക്കി സുന്ദർ ദാസ് അണിയിച്ചൊരുക്കിയ വെൽക്കം ടു സെൻട്രൽ ജെയിൽ എന്നീ ചിത്രങ്ങളും ബോക്സോഫീസിൽ നേട്ടമുണ്ടാക്കി. കുഞ്ചാക്കോ ബോബനെ നായകനാക്കി സിദ്ധാർത്ഥ ശിവ അണിയൊച്ചൊരുക്കിയ കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ എന്ന ചിത്രം പ്രമേയത്തിൻ്റെ ബലത്തിൽ നിരൂപക പ്രശംസ നേടി.

2017

വെളിപാടിൻ്റെ പുസ്തകം, പുള്ളിക്കാരൻ സ്റ്റാറാ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ആദം ജൊവാൻ എന്നീ ചിത്രങ്ങളാണ് 2017ലെ ഓണക്കാലത്ത് തീയറ്ററുകളിലെത്തിയത്. നിവിൻ പോളി നായകനായ അൽതാഫ് സലീമിൻ്റെ സംവിധാന അരങ്ങേറ്റം ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള ആയിരുന്നു ഓണം വിന്നർ. പൃഥ്വിരാജിനെ നായകനാക്കി ജിനു അബ്രഹാം അണിയിച്ചൊരുക്കിയ ആദം ജൊവാനും ബോക്സോഫീസിൽ തരക്കേടില്ലാത്ത പ്രകടനം നടത്തി. മറ്റ് രണ്ട് ചിത്രങ്ങളും മോശം അഭിപ്രായങ്ങൾ നേടിയപ്പോൾ മോഹൻലാൽ-ലാൽ ജോസ് ചിത്രമായ വെളിപാടിൻ്റെ പുസ്തകം ബോക്സോഫീസിൽ ഭേദപ്പെട്ട പ്രകടനം നടത്തി.

2018

കായംകുളം കൊച്ചുണ്ണി, ഒരു കുട്ടനാടൻ ബ്ലോഗ്, വരത്തൻ, തീവണ്ടി, പടയോട്ടം എന്നീ ചിത്രങ്ങളാണ് ഇക്കൊല്ലം ഓണത്തിന് റിലീസായത്. നിവിൻ പോളി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കിയ കായംകുളം കൊച്ചുണ്ണി ബോക്സോഫീസ് ബ്ലോക്ക്ബസ്റ്റർ ആയി. ലോകവ്യാപകമായി 100 കോടി രൂപയാണ് ചിത്രം നേടിയത്. ഫഹദ് ഫാസിലിനെ നായകനാക്കി അമൽ നീരദ് ഒരുക്കിയ വരത്തൻ നിരൂപകർക്കിടയിലും ബോക്സോഫീസിലും ഗംഭീര പ്രകടനം നടത്തി. ടൊവിനോ തോമസ് നായകനായി ഫെല്ലിനി ടിപി ഒരുക്കിയ തീവണ്ടി, ബിജു മേനോൻ നായകനായി റഫീക് ഇബ്രാഹിം, നിതിൻ മൈക്കൽ എന്നിവർ ചേർന്നൊരുക്കിയ പടയോട്ടം എന്നീ ചിത്രങ്ങളും ബോക്സോഫീസിൽ ഭേദപ്പെട്ട പ്രകടനം നടത്തി.

2019

ഇട്ടിമാണി, ലവ് ആക്ഷൻ ഡ്രാമ, ബ്രദേഴ്സ് ഡേ, ഫൈനൽസ് എന്നീ ചിത്രങ്ങളാണ് 2019 ഓണക്കാലം ആഘോഷിക്കാനെത്തിയത്. ധ്യാൻ ശ്രീനിവാസൻ്റെ സംവിധാനത്തിൽ നിവിൻ പോളി, നയൻ താര എന്നിവർ ഒന്നിച്ച ലവ് ആക്ഷൻ ഡ്രാമയായിരുന്നു ഓണം വിന്നർ. നിരൂപകർക്കിടയിൽ മോശം അഭിപ്രായങ്ങളാണ് ലഭിച്ചതെങ്കിലും ചിത്രം ഹിറ്റായി. രജിഷ വിജയൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ അഭിനയിച്ച് അരുൺ പിആർ സംവിധാനം ചെയ്ത ഫൈനൽസ് നിരൂപക ശ്രദ്ധ നേടി.

2020

കൊവിഡ് ബാധയെ തുടർന്ന് തീയറ്ററുകൾ തുറന്നില്ലെങ്കിലും ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്, മണിയറയിലെ അശോകൻ, സി യൂ സൂൺ എന്നീ ചിത്രങ്ങൾ ഓണത്തോടനുബന്ധിച്ച് പ്രേക്ഷകരിലേക്കെത്തി. ഫഹദ് ഫാസിൽ നായകനായി മഹേഷ് നാരായണൻ സംവിധാനം ചെയ്ത സി യു സൂൺ വ്യത്യസ്താനുഭവം കൊണ്ട് ശ്രദ്ധ നേടി. ടൊവിനോ തോമസിനെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സും ഭേദപ്പെട്ട ചിത്രമായിരുന്നു.

2021

കുരുതി, #ഹോം എന്നീ ചിത്രങ്ങളാണ് ഇക്കൊല്ലം ഒടിടി റിലീസുകളായി എത്തിയത്. രണ്ട് ചിത്രങ്ങളും നല്ല അഭിപ്രായം നേടി മുന്നേറുന്നു.

Story Highlight: onam hit movies last decade

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement