മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊവിഡ് അവലോകന യോഗം നാളെ

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ അവലോകന യോഗം ചേരും. മറ്റന്നാൾ
നടക്കാനിരുന്ന യോഗമാണ് നാളത്തേക്ക് മാറ്റിവച്ചത്. വൈകിട്ട് 3.30 ന് ഓൺലൈനായാണ് യോഗം ചേരുന്നത്.
കൊവിഡ് പരിശോധന കുത്തനെ കുറയുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനാറിന് മുകളിൽ തുടരുകയും ചെയ്യുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.
Read Also : കേരളത്തിൽ 13,383 പേർക്ക് കൊവിഡ്, ടിപിആർ 15.63
ഓണത്തോടനുബന്ധിച്ച് വാരാന്ത്യ ലോക്ക്ഡൗൺ അടക്കം ഒഴിവാക്കിക്കൊണ്ടുള്ള നിയന്ത്രണങ്ങളായിരുന്നു സംസ്ഥാനത്തുണ്ടായിരുന്നത്. ഓണത്തിരക്കും ആഘോഷങ്ങളും രോഗവ്യാപനത്തിനിടയാക്കി എന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്. ഒരു ഘട്ടത്തിൽ ഒരുലക്ഷത്തിൽ താഴെയെത്തിയ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോൾ ഒരുലക്ഷത്തി അറുപത്തിമൂവായിരത്തിന് അടുത്താണ് . ഇത് നാല് ലക്ഷത്തിന് മുകളിലേക്ക് ഉയർന്നേക്കാമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ മൂന്നുദിവസത്തെ ശരാശരി ടിപിആർ 17 ശതമാനത്തിന് മുകളിലാണ്. ഇക്കാര്യങ്ങളടക്കം കൊവിഡ് അവലോകന യോഗത്തിൽ വിശദമായി പരിശോധിക്കും. ഓണം അവസാനിക്കുന്നതോടെ നിയന്ത്രണങ്ങൾ കൂട്ടുകയും ഇളവുകൾ കുറയ്ക്കുകയും ചെയ്‌തേക്കും.
അതേസമയം സംസ്ഥാനത്ത് ഇന്ന് 13,383 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 1828, കോഴിക്കോട് 1633, എറണാകുളം 1566, പാലക്കാട് 1503, മലപ്പുറം 1497, കൊല്ലം 1103, തിരുവനന്തപുരം 810, ആലപ്പുഴ 781, കണ്ണൂർ 720, കോട്ടയം 699, വയനാട് 378, പത്തനംതിട്ട 372, കാസർഗോഡ് 257, ഇടുക്കി 236 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 90 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,584 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 39 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
Story Highlight: Reviewing meeting will held on tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here