കോൺഗ്രസ് സൈബർ ടീമിന്റെ എഫ്ബി പേജില്‍ രമേശ് ചെന്നിത്തലയ്ക്കും കുടുംബത്തിനും നേരെ അധിക്ഷേപം

കോണ്‍ഗ്രസിലെ പുനഃസംഘടനാ തർക്കങ്ങള്‍ സൈബർ ഇടങ്ങളിലേക്ക്. കോൺഗ്രസ് സൈബർ ടീമിന്റെ എഫ്ബി പേജില്‍ രമേശ് ചെന്നിത്തലയ്ക്കും കുടുംബത്തിനും നേരെ അധിക്ഷേപം. കോണ്‍ഗ്രസിന്‍റെ ശവമടക്ക് നടത്തിയ രമേശ് ചെന്നിത്തലയും മകനും മാപ്പു പറഞ്ഞ് പാർട്ടിയില്‍ നിന്ന് രാജിവെക്കണമെന്ന് ആവശ്യം. ചില നേതാക്കൾ നിയമിച്ച സൈബർ ഗുണ്ടകളാണ് അധിക്ഷേപത്തിന് പിന്നിലെന്ന് ഐ ഗ്രൂപ്പ്.
ഡിസിസി അധ്യക്ഷന്മാരുടെ സാധ്യതാപട്ടികയുടേ പേരില്‍ ഉടലെടുത്ത കലഹം കോണ്‍ഗ്രസ്സിന്‍റെ സൈബർ ഇടങ്ങളിലേക്കും വ്യാപിക്കുകയാണ്. നേതാക്കള്‍ തമ്മിലുളള ചേരിപ്പോരാണ് ഇപ്പോള്‍ പ്രവത്തകരുടെ സൈബർ ഏറ്റുമുട്ടലിലേക്ക് നീങ്ങിയിരിക്കുന്നത്. ഗ്രൂപ്പുകളെ അനുകൂലിച്ചും പ്രതികൂലിച്ചും മുതിർന്ന നേതാക്കള്‍ക്ക് വേണ്ടി പ്രതിരോധം തീർത്തുമൊക്കെയാണ് സൈബർ കലഹം കത്തിപ്പടരുന്നത്.
രമേശ് ചെന്നിത്തല അനുകൂലികളുടെ കൂട്ടായ്മയായ ആർ സി ബ്രിഗേഡ് എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ പടയൊരുക്ക നീക്കം പുറത്തായതിന് പിന്നാലെ, രമേശ് ചെന്നിത്തലക്കും കുടുംബത്തിനുമെതിരെയാണ് ഇപ്പോഴത്തെ അധിക്ഷേപം. കോൺഗ്രസ് സൈബർ ടീമിന്റെ എഫ് ബി പേജിലാണ് ചെന്നിത്തലക്കെതിരെ പോർമുഖം തുറന്നിരിക്കുന്നത്. ചെന്നിത്തലയും മകന്‍ രോഹിത് ചെന്നിത്തലയും കോണ്‍ഗ്രസ്സ് പ്രവർത്തകരോട് മാപ്പുപറഞ്ഞ് പാർട്ടിയിൽ നിന്ന് രാജി വെച്ച് പുറത്തു പോകണമെന്നതാണ് ആവശ്യം.
Read Also : ഡിസിസി പ്രസിഡന്റ് നോമിനേഷൻ: ശശി തരൂരിനെതിരെ ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്റർ
ചെന്നിത്തല ശവമടക്ക് നടത്തിയ പാർട്ടി അതിജീവനത്തിനായി ശ്രമിക്കുമ്പോള്‍ അടങ്ങാത്ത പകയോടെ നാറിയ കളികളുമായി ഉറഞ്ഞാടുന്നത് അംഗീകരിക്കാനാവില്ല. ആർ സി ബ്രിഗേഡ് ഗ്രൂപ്പിലെ ആഹ്വാനത്തെ അറപ്പോടെയും വെറുപ്പോടെയുമാണ് കാണുന്നതെന്നും ജയ് വിളിച്ച കൈകൊണ്ട്, മുഖമടച്ചു തരാൻ മടിക്കില്ലെന്നും കോൺഗ്രസ് സൈബർ ടീമിന്റെ എഫ് ബി പേജില്‍ പറയുന്നു. എന്നാല്‍, ചില നേതാക്കൾ നിയമിച്ച സൈബർ ഗുണ്ടകളാണ് അധിക്ഷേപത്തിന് പിന്നിലെന്നാണ് ഐ ഗ്രൂപ്പിന്‍റെ നിലപാട്. തമ്മില്‍ തല്ലിച്ച് ഇല്ലായ്മ ചെയ്യാനാണ് ഇത്തരക്കാരുടെ ശ്രമമെന്നും ഗ്രൂപ്പ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട തുടർ ചർച്ചകള്‍ക്കായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്ന് ഡല്‍ഹിക്ക് പോകും. ഈ ആഴ്ച തന്നെ ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് നീക്കം.
Story Highlights : cyber attack against ramesh chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here