കാക്കനാട് ലഹരിമരുന്ന് കേസ് അട്ടിമറിക്കാൻ എക്സൈസ് ശ്രമം

കൊച്ചി കാക്കനാട്ടുള്ള ഫ്ലാറ്റിൽ നിന്ന് 11 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസ് അട്ടിമറിക്കാൻ എക്സൈസ് ശ്രമം നടത്തി. ഉടമസ്ഥനില്ലാത്ത ബാഗിൽ നിന്നാണ് ഒരു കിലോ എംഡിഎംഎ കണ്ടെത്തിയതെന്നാണ് എക്സൈസ് മഹസർ. ബാഗ് കണ്ടെത്തിയതിൽ പ്രതികളില്ലാതെയാണ് പ്രത്യേകം കേസ് റജിസ്റ്റർ ചെയ്യുകയും ചെയ്തു. മഹസറിൻറെ പകർപ്പ് 24 ലഭിച്ചു. (kakkanad drug case update)
കഴിഞ്ഞ 19 അം തിയതി പുലർച്ചെയാണ് മാരകലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയടക്കം അഞ്ചുപേർ പിടിയിലായത്. ഇവരിൽ നിന്ന് 84 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിൻറെ അടിസ്ഥാനത്തിൽ ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ അലക്കാനിട്ട തുണികൾക്കിടയിൽ ഒളിപ്പിച്ച ഒരു ബാഗിൽ നിന്ന് ഒരു കിലോയിലധികം എംഡിഎംഎ കൂടി പിടിച്ചു. എന്നാൽ പ്രതികളെ അറസ്റ്റ് ചെയ്ത ജില്ലയിലെ എക്സൈസ് എൻറഫോഴ്സ്മെൻറ് ആൻഡ് ആൻറി നർക്കോട്ടിക് വിഭാഗം മഹസറിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: ഒരു വഴിപോക്കൻ നൽകിയ വിവരമനുസരിച്ചാണ് പ്രതികൾ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് ഒരു കിലോ എംഡിഎംഎ അടങ്ങിയ ബാഗ് കണ്ടെത്തിയത്. ഉടമസ്ഥനില്ലാത്ത ബാഗാണ് കണ്ടെടുത്തെന്നും ഇത് പ്രതികളുടേതായിരിക്കാമെന്ന് ഉറപ്പില്ലെന്നാണ് സാക്ഷിമൊഴിയെന്നും മഹസറിൽ രേഖപ്പെടുത്തി. ബാഗ് കണ്ടെടുത്തതിൽ പ്രതികളില്ലാതെ പ്രത്യേകം കേസെടുത്തു.
Read Also : കാക്കനാട് ലഹരിമരുന്ന് കേസ്; പ്രതികൾ കേരളത്തിലെത്തിച്ചത് 10 കോടിയിലധികം രൂപയുടെ ലഹരിമരുന്ന്
പ്രതികൾ കസ്റ്റഡിയിലായിരിക്കെ ഇവരുമായി പോയി ബാഗ് കണ്ടെത്തി അതും കേസിൽ ഉൾപ്പെടുത്തേണ്ടതിന് പകരമാണ് എക്സൈസ് ഇത്തരമൊരു കള്ളക്കളി നടത്തിയത്. 84 ഗ്രാം എംഡിഎംഎ കണ്ടെടുത്തിന് മാത്രമാണ് നിലവിൽ 5 പേർക്കെതിരെ കേസ്.
കാക്കനാട് ലഹരി മരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നാലിടങ്ങളിൽ എക്സൈസ് റെയ്ഡ് നടത്തിയിരുന്നു. വയനാട്, ഇടുക്കി ജില്ലകളിലുൾപ്പെടെയുള്ള നാല് ഇടങ്ങളിലാണ് റെയ്ഡ്. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിൽ പേരുണ്ടായിരുന്ന ആറുപേരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. അന്വേഷണ സംഘം എത്തിയപ്പോഴേക്കും പ്രതികളെന്ന് സംശയിക്കുന്നവർ കടന്നുകളഞ്ഞു.
സംഭവത്തിൽ പ്രതികൾ കോടികളുടെ ലഹരിമരുന്ന് കേരളത്തിലേക്ക് കടത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എക്സൈസ് ഇൻസ്പെക്ടർ എൻ ശങ്കർ ട്വൻറിഫോറിനോട് പറഞ്ഞിരുന്നു. കേസിൽ കൂടുതൽ പ്രതികൾ ഇനിയും പിടിയിലാകും. കേരളത്തിൽ ലഹരി വിൽക്കുന്ന മുഖ്യ സംഘങ്ങളിൽ ഒരു കൂട്ടമാണ് ഇപ്പോൾ വലയിൽ ആയിരിക്കുന്നത്.
Story Highlights : kakkanad drug case update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here