നൈജീരിയന്‍ പൗരന്മാര്‍ പ്രതിയായ രാസലഹരി കേസ്; ശബ്ദസാമ്പിള്‍ ശേഖരിച്ച് പൊലീസ്

നൈജീരിയന്‍ പൗരന്മാര്‍ പ്രതിയായ രാസലഹരി കേസില്‍ ശബ്ദസാമ്പിള്‍ ശേഖരിച്ച് പൊലീസ്. പ്രതികളുടെ ശബ്ദ സാമ്പിള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. മലയാളി ഡീലറുമായുളള സംഭാഷണം പ്രതികളുടേതെന്ന് ഉറപ്പിക്കാനാണ് പൊലീസിന്റെ നീക്കം. പ്രതികളെ കോഴിക്കോട് ഓള്‍ ഇന്ത്യ റേഡിയോയില്‍ എത്തിച്ചാണ് പരിശോധന. പ്രതികളുടെ ഫോണ്‍ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. മറ്റ് ക്യാരിയര്‍മാരെ കണ്ടെത്താനുള്ള അന്വേഷണവും പുരോഗമിക്കുന്നു.
കേരളമടക്കമുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് രാസലഹരിയെത്തിക്കുന്ന സംഘത്തെ കേരള പൊലീസ് ഹരിയാനയിലെത്തി പിടികൂടുകയായിരുന്നു. ഗുരുഗ്രാം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന രാസലഹരി കിച്ചന്‍ ഹരിയാന, ഡല്‍ഹി പൊലീസുകളുടെ സഹായത്തോടെയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് റെയ്ഡ് ചെയ്തത്. കേന്ദ്രത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ പിടിയിലാവുകയും ചെയ്തു. നൈജീരിയന്‍ പൗരന്മാരായ ഉഗോചുക്വു ജോണ്‍,ഹെന്റി ഒനുചുക്വു,ഒകോലി റൊമാനസ് എന്നിവരാണ് പിടിയിലായത്. നൈജീരയയിലെ അഴിമതിയും തൊഴിലില്ലായ്മയും കാരണമാണ് തങ്ങള്‍ ഇങ്ങനെ ആയതെന്നാണ് പ്രതികള്‍ പറയുന്നത്.
2025 ഫെബ്രുവരിയില്‍ കോഴിക്കോട് നടന്ന എംഡിഎംഎ വേട്ടയാണ് ഈ ഹരിയാന ഓപ്പറേഷനിലേക്ക് കോഴിക്കോട് ടൗണ്‍ പൊലീസിനെ നയിച്ചത്. അന്ന് പിടിയിലായ മലപ്പുറം സ്വദേശി നൈജീരിയന്‍ സ്വദേശികളുടെ അക്കൌണ്ടിലേക്ക് നിരന്തരം പണമയച്ചതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് പ്രതികളിലേക്ക് അന്വേഷണസംഘം എത്തിയത്.
Story Highlights : Nigerian nationals accused in drug case; Police collect sound samples
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here