കാടിനുള്ളിലെ ഗുഹയും ഉറവയും കുളവും; എറണാകുളം ജില്ലയിലെ അധികമാരും അറിയാത്ത വിനോദ സഞ്ചാരകേന്ദ്രം
എറണാകുളം ജില്ലയിൽ പിറവം പാമ്പാക്കുടയ്ക്ക് സമീപം അധികമാരും അറിയാത്ത വിനോദ സഞ്ചാരകേന്ദ്രമാണ് കൊച്ചരീക്കൽ. കാടിനുള്ളിലെ ഗുഹയും ഉറവയും കുളവും നയനാനന്ദകരമായ കാഴ്ചയാണ്. കാടിന് സമാനമായി വളരുന്ന നിരവധി വടുവൃക്ഷങ്ങളാണ് മറ്റൊരു ആകർഷണം. ഒരു ദിവസത്തെ അവധി ആഘോഷത്തിന് എല്ലാം കൊണ്ടും അനുയോജ്യമായ ഇടമെന്ന് സാരം.
പാൽനുരകളായി പാറകെട്ടുകളിലൂടെ വീണ് ചിന്നിച്ചിതറുന്ന അതിമനോഹരമായ പ്രകൃതിദത്ത വെള്ളച്ചാട്ടവും മുത്തശ്ശി മരങ്ങളുടെ വേരുകളിൽ ഒളിച്ചിരിക്കുന്ന അതിപുരാതന ഗുഹയും. അതാണ് കൊച്ചരീക്കല്‍ ഗുഹാസങ്കേതങ്ങള്‍. ഗുഹയ്ക്ക് സമീപത്തുകൂടി ഒരു കൊച്ചരുവി ഒഴുകുന്നുണ്ട്. ആ അരുവിയിൽകൂടി ഒഴുകി താഴെ ഒരു തടാകത്തിൽ ശേഖരിക്കപ്പെടുന്ന വെള്ളത്തിൽ ആവോളം നീന്തിത്തുടിക്കാം.
ചീനിമരം എന്ന വലിയ വൃക്ഷത്തിന്റെ കട്ടിയുള്ള വേരുകളിൽ പിടിച്ചാണ് ഗുഹക്ക് ഉള്ളിലോട്ടു കയറുന്നത്. സഞ്ചാരികൾക്ക് പിടിച്ചു കയറാൻ വേര് കൊത്തി വെച്ചിട്ടുണ്ട്. ഗുഹയുടെ തൂണു പോലെ വേരുകൾ നിൽക്കുന്നു . യുദ്ധ സമയത്ത് ഭടന്മാർ സുരക്ഷാ താവളമായി ഈ ഗുഹകൾ ഉപയോഗിച്ചിരുന്നു എന്ന് പറയപ്പെടുന്നു. ഗുഹയ്‌ക്ക് ഇപ്പോളും വലിയ കേടുപാടുകൾ ഇല്ല എന്ന് തന്നെ പറയാം.വറ്റാത്ത ഉറവ ആണ് മറ്റൊരു പ്രത്യേകത.
വൃക്ഷളുടെ വേരുകളിൽ ചവിട്ടി മുകളിലേക്ക് കയറിയാൽ ഗുഹയുടെ പ്രവേശന കവാടം. ഗുഹയുടെ അകത്ത് പല ഭാഗങ്ങളിലും നിവർന്നു നിൽക്കാവുന്നത്ര ഉയരമുണ്ട്. ഇരുട്ടി തുടങ്ങിയതോടെ ഞങ്ങൾ കൊച്ചരീക്കലിനോട് വിടപറയുകയാണ്. ഏതോ ഒരു ചിത്രകാരന്റെ ഭാവനയില്‍ വിടര്‍ന്ന കലാസൃഷ്ടിയെന്നോണം ആ കുളവും ഗുഹയും അരുവികളും മനസില്‍ നിന്നും മായാതെ നില്‍ക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here