ടോക്യോയിൽ മറ്റൊരു ഒളിമ്പിക്സ്; പാരാലിമ്പിക്‌സിന് ഇന്ന് തിരിതെളിയും; ഇന്ത്യയെ പ്രതിനിധീകരിച്ച് 54 താരങ്ങൾ

കൊവിഡിനിടയിലും ഒളിമ്പിക്സ് ഉജ്വല വിജയമാക്കിയ ആത്മവിശ്വാസത്തിൽ ടോക്യോ വീണ്ടുമൊരു ഒളിമ്പിക്സിന് ഒരുങ്ങുകയാണ്. ഭിന്നശേഷിക്കാരുടെ ഒളിമ്പിക്സായ പാരാലിമ്പിക്സിന് ഇന്ന് തിരിതെളിയും. 54 കായികതാരങ്ങൾ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരങ്ങളിൽ പങ്കെടുക്കും. ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണിത്. ആർച്ചറി, അത‍്‍ലറ്റിക്‌സ് (ട്രാക്ക് ആൻഡ് ഫീൽഡ്), ബാഡ്‌മിന്റൺ, നീന്തൽ, ഭാരോദ്വഹനം തുടങ്ങി 9 ഇനങ്ങളിലാണ് ഇന്ത്യൻ താരങ്ങൾ പങ്കെടുക്കുക. ഉദ്ഘാടനച്ചടങ്ങിലെ മാർച്ച് പാസ്റ്റിൽ അഞ്ചു കായികതാരങ്ങളടക്കം 11 പേരാണ് അണിനിരക്കുക. ഇന്ത്യൻ ടീമിലെ ഏക മലയാളി സിദ്ധാർഥ ബാബു ഷൂട്ടിങ്ങിൽ മത്സരിക്കും.
2016‐ൽ റിയോയിൽ നടന്ന പാരാലിമ്പിക്‌സിലെ സ്വർണ മെഡൽ ജേതാവ് മാരിയപ്പൻ തങ്കവേലു ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തും. പാരാലിമ്പിക്‌സിലെ എറ്റവും മികച്ച പ്രകടനം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇക്കുറി ടോക്യോയിൽ എത്തുന്നത്. കഴിഞ്ഞ തവണ റിയോയിൽ രണ്ട് സ്വർണവും ഒരു വെള്ളിയും വെങ്കലവുമടക്കം 4 മെഡലുകൾ നേടിയതാണ് ഇന്ത്യയുടെ എറ്റവും മികച്ച പ്രകടനം. അന്ന് 19 പേരാണ് രാജ്യത്തിനായി മത്സരങ്ങൾക്ക് ഇറങ്ങിയത്.
Read Also : ശ്രീലങ്കയിൽ ലോക്ക്ഡൗൺ; അഫ്ഗാനിസ്ഥാൻ-പാകിസ്താൻ പരമ്പര പാകിസ്താനിലേക്ക് മാറ്റിവച്ചു
ന്യൂ നാഷണൽ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 4.30നാണ് വർണപ്പകിട്ടാർന്ന ഉദ്ഘാടനം. ജാപ്പനീസ് ചക്രവർത്തി നരുഹിതോ ഉദ്ഘാടനം ചെയ്യും. 167 രാജ്യങ്ങളിലെ 4400 കായികതാരങ്ങൾ അണിനിരക്കും. 22 ഇനങ്ങളിൽ 540 മത്സരങ്ങളുണ്ടാകും. ആറംഗ അഭയാർഥി ടീമിനെ ആദ്യമായി അലിയ ഇസ്സ എന്ന വനിത നയിക്കും. ഓഗസ്റ്റ് 27 മുതലാണ് അത്‌ലറ്റിക്സ്.
ഒളിമ്പിക്സ് പോലെ നാലുവർഷത്തിൽ ഒരിക്കൽ നടക്കുന്ന പാരാലിമ്പിക്സിൽ 2004 മുതൽ ചൈനയാണ് ജേതാക്കൾ. ബ്രിട്ടനും അമേരിക്കയുമാണ് പ്രധാന എതിരാളികൾ. 2016ൽ ചൈനയ്ക്ക് 107 സ്വർണം കിട്ടി. രണ്ടാമതെത്തിയ ബ്രിട്ടന് 64. ഉക്രെയ്ൻ 41, അമേരിക്ക 40 എന്നിങ്ങനെയാണ് മൂന്നും നാലും സ്ഥാനക്കാർ. ഇന്ത്യ രണ്ട് സ്വർണമടക്കം നാല് മെഡലുമായി 43-ാംസ്ഥാനത്തായിരുന്നു.
ജപ്പാനിൽ പ്രതിദിന കൊവിഡ് രോഗികൾ വർദ്ധിക്കുന്ന സാഹചര്യമായതിനാൽ കാണികൾക്ക് പ്രവേശനം അനുവദിക്കുന്നതല്ല. സെപ്തംബര് അഞ്ച് വരെയാണ് ഒളിമ്പിക്സ് വേദിയിൽ പാരാലിമ്പിക്‌സ് അരങ്ങേറുക.
Story Highlights : Tokyo Paralympic games
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here