നാലാം ടെസ്റ്റിൽ ആൻഡേഴ്സണോ റോബിൻസണോ വിശ്രമം അനുവദിക്കുമെന്ന് ഇംഗ്ലണ്ട് പരിശീലകൻ

ഇന്ത്യക്കെതിരായ നാലാം ടെസ്റ്റ് മത്സരത്തിൽ ജെയിംസ് ആൻഡേഴ്സണോ ഒലി റോബിൻസണോ വിശ്രമം അനുവദിക്കുമെന്ന് ഇംഗ്ലണ്ട് പരിശീലകൻ ക്രിസ് സിൽവർവുഡ്. ഇംഗ്ലണ്ട് ടീമിലെ റൊട്ടേഷൻ പോളിസിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. മത്സരങ്ങൾക്കിടയിൽ താരങ്ങൾക്ക് വേണ്ടത്ര വിശ്രമം ലഭിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. (James Anderson Ollie Robinson)
ഇന്ത്യക്കെതിരായ പരമ്പരയിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ രണ്ട് ബൗളർമാരാണ് ഒലി റോബിൻസണും ജെയിംസ് ആൻഡേഴ്സണും. ക്രിസ് വോക്സിൻ്റെയും സ്റ്റുവർട്ട് ബ്രോഡിൻ്റെയും അഭാവത്തിൽ ആൻഡേഴ്സണൊപ്പം മികച്ച പ്രകടനം നടത്തിയ റോബിൻസൺ കഴിഞ്ഞ മത്സരത്തിലെ രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. പരമ്പരയിലാകെ 16 വിക്കറ്റുകൾ വീഴ്ത്തിയ റോബിൻസണാണ് ഈ പട്ടികയിൽ ഒന്നാമത്. 13 വിക്കറ്റുകളുമായി ആൻഡേഴ്സൺ മൂന്നാം സ്ഥാനത്തുണ്ട്. ഇന്ത്യയുടെ ജസ്പ്രീത് ബുംറയാണ് രണ്ടാമത്. ബുംറയ്ക്ക് 14 വിക്കറ്റുണ്ട്.
ഇവരിൽ ആർക്കെങ്കിലും വിശ്രമം അനുവദിച്ച് പരുക്ക് മാറിയെത്തിയ ക്രിസ് വോക്സിന് അവസരം നൽകുകയാവും ഇംഗ്ലണ്ടിൻ്റെ പദ്ധതി.
Read Also : നാലാം ടെസ്റ്റിൽ ഇഷാന്ത് കളിക്കില്ല; അശ്വിൻ കളിച്ചേക്കുമെന്ന് സൂചന
മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്നിംഗ്സ് തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. ഇന്നിംഗ്‌സിനും 76 റൺസിനും ഇന്ത്യയെ തകർത്ത ഇംഗ്ലണ്ട് അഞ്ച് മത്സര പരമ്പരയിൽ ഒപ്പമെത്തി(1-1). ഇന്നിംഗ്‌സ് തോൽവി ഒഴിവാക്കാൻ 354 റൺസ് വേണ്ടിയിരുന്ന ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 215 റൺസെന്ന നിലയിലാണ് നാലാം ദിനം ക്രീസിലിറങ്ങിയത്. എന്നാൽ തുടക്കത്തിലെ ചേതേശ്വർ പൂജാരയെയും(91) ക്യാപ്റ്റൻ വിരാട് കോലിയെയും(55) നഷ്ടമായതോടെ ഇന്ത്യ പ്രതിരോധത്തിലായി.
ഇംഗ്ലണ്ടിന് വേണ്ടി ഒല്ലി റോബിൻസൺ അഞ്ച് വിക്കറ്റ് നേടിയപ്പോൾ ക്രെയിഗ് ഓവർട്ടൺ മൂന്ന് വിക്കറ്റ് നേടി. സ്‌കോർ ഇന്ത്യ 78, 278, ഇംഗ്ലണ്ട് 432. അജിങ്ക്യാ രഹാനെ(10), റിഷഭ് പന്ത്(1) എന്നിവരും പോരാട്ടമില്ലാതെ മടങ്ങി. വാലറ്റത്തെ കൂട്ടുപിടിച്ച് രവീന്ദ്ര ജഡേജ(30) നടത്തിയ ചെറുത്തുനിൽപ്പ് ഇന്ത്യയുടെ തോൽവിഭാരം കുറച്ചു.
ആദ്യ ടെസ്റ്റ് സമനില ആയപ്പോൾ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഗംഭീര ജയം കുറിച്ചിരുന്നു. 151 റൺസിനാണ് ഇന്ത്യ രണ്ടാം ടെസ്റ്റ് വിജയിച്ചത്. രണ്ട് മത്സരങ്ങൾ കൂടി അവശേഷിക്കെ ടെസ്റ്റ് പരമ്പര ആവേശകരമാവുകയാണ്.
Story Highlight: James Anderson Ollie Robinson Rested