ആറ്റിങ്ങലിലെ പിങ്ക് പൊലീസിന്റെ അതിക്രമം; ദക്ഷിണ മേഖല ഐ.ജി അന്വേഷിക്കും

മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് ആറ്റിങ്ങലിൽ അച്ഛനെയും മൂന്നാം മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പരസ്യമായി ചോദ്യം ചെയ്ത സംഭവം ദക്ഷിണമേഖല ഐ ജി ഹർഷിത അത്തല്ലൂരി അന്വേഷിക്കും. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് അച്ഛനും മകളും സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിന് പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് നടപടി.
പെണ്‍കുട്ടിയെയും അച്ഛനെയും മോഷണകുറ്റം ആരോപിച്ച് പൊതുമധ്യത്തിൽ അപമാനിച്ച ആറ്റിങ്ങൽ പിങ്ക് പൊലീസിലെ വനിതാ സിവിൽ പൊലീസ് ഓഫീസർ സി പി രജിതയെ കൊല്ലത്തേക്ക് സ്ഥലം മാറ്റിയിരുന്നു. വെഞ്ഞാറമൂട് സ്വദേശിയായ രജിതയെ തൊട്ടടുത്ത കൊല്ലം ജില്ലയിലേക്ക് മാറ്റിയതിന് പുറമേ 15 ദിവസത്തെ നല്ല നടപ്പു പരിശീലനവും നിർദേശിച്ചിട്ടുണ്ട്.
അതേസമയം രജിതയെ വീടിനടുത്തേക്ക് സ്ഥലം മാറ്റിയത് ശിക്ഷാനടപടിയല്ല എന്ന തരത്തിൽ ആക്ഷേപമുയർന്നിരുന്നു. വലിയ വിമർശനങ്ങളാണ് ഇക്കാര്യത്തിൽ ഉയർന്നത്.
വെള്ളിയാഴ്ചയാണ് തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനേയും മൂന്നാം ക്ലാസുകാരി മകളേയും രജിത പരസ്യമായി വിചാരണ ചെയ്തത്. തന്റെ മൊബൈൽ ഫോൺ ജയചന്ദ്രൻ മോഷ്ടിച്ചെടുത്ത് മകൾക്ക് കൊടുത്തെന്ന് ആരോപിച്ചായിരുന്നു രജിത ഇവരെ ചോദ്യം ചെയ്തത്. സ്റ്റേഷനിൽ കൊണ്ടുപോയി അച്ഛന്റേയും മകളുടേയും ദേഹം പരിശോധന നടത്തുമെന്നും രജിത പറഞ്ഞിരുന്നു.
Read Also : പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൊവിഡ്; കോഴിക്കോട് നഗരത്തിലെ പിങ്ക് പൊലീസ് പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി
ഫോൺ എടുത്തില്ലെന്ന് പറഞ്ഞിട്ടും രജിത പിന്മാറാൻ തയാറായില്ല. ഒടുവിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരു വനിത പൊലീസ് ഉദ്യോഗസ്ഥ പിങ്ക് പൊലീസ് വാഹനത്തിലുണ്ടായിരുന്ന രജിതയിടെ ബാഗ് പരിശോധിച്ചപ്പോൾ സൈലന്റിലാക്കിയ നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തി. ഫോൺ സ്വന്തം ബാഗിൽ നിന്ന് കിട്ടിയശേഷവും രജിത അച്ഛനോടും മകളോടും മോശമായാണ് പെരുമാറിയത്. വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.
Read Also : മോഷണക്കുറ്റം ആരോപിച്ച് അച്ഛനേയും മകളേയും വിചാരണ ചെയ്ത പിങ്ക് പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി
Story Highlight: IG will investigate Attingal pink police public issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here