Advertisement

അടുത്ത വർഷം ക്രിക്കറ്റിൽ നിന്ന് പൂർണമായി വിരമിച്ചേക്കുമെന്ന് അഫ്രീദി

August 31, 2021
2 minutes Read
shahid afridi retire cricket

അടുത്ത വർഷത്തെ പിഎസ്എലിനു ശേഷം ക്രിക്കറ്റിൽ നിന്ന് പൂർണമായി വിരമിച്ചേക്കുമെന്ന് പാക് ഓൾറൗണ്ടർ ഷാഹിദ് അഫ്രീദി. രാജ്യാന്തര മത്സരങ്ങളിൽ നിന്ന് നേരത്തെ വിരമിച്ച താരമ പാകിസ്താൻ പ്രീമിയർ ലീഗിൽ സജീവമായിരുന്നു. കശ്മീർ പ്രീമിയർ ലീഗ് ഉൾപ്പെടെ മറ്റു ചില ടി-20 ലീഗുകളിലും അദ്ദേഹം പാഡണിഞ്ഞു. എന്നാൽ, അടുത്ത വർഷത്തെ പിഎസ്എലിനു ശേഷം പൂർണമായി ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിനെപ്പറ്റി ആലോചിക്കുമെന്നാണ് ഇപ്പോൾ അഫ്രീദിയുടെ പ്രഖ്യാപനം. (shahid afridi retire cricket)

46 കാരനായ താരം നിലവിൽ മുൾട്ടാൻ സുൽത്താൻസിൻ്റെ താരമാണ്. എന്നാൽ, വരുന്ന സീസണിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിനായി കളിക്കാനാണ് തനിക്ക് താത്പര്യമെന്ന് അഫീദി പറഞ്ഞു. “ചിലപ്പോൾ ഇതെൻ്റെ അവസാന പിഎസ്എൽ ആവും. മുൾട്ടാൻ അനുവദിക്കുമെങ്കിൽ എനിക്ക് വരുന്ന സീസണിൽ ക്വെറ്റയിൽ കളിക്കണം. എന്നെ വിടാൻ താത്പര്യമില്ലെങ്കിൽ ഞാൻ മുൾട്ടാനിൽ തന്നെ കളിക്കും.”- അഫ്രീദി പറഞ്ഞു.

Read Also : ന്യൂസീലൻഡിനെതിരായ പരമ്പരയിൽ കാണികളെ അനുവദിക്കാനൊരുങ്ങി പാകിസ്താൻ

2010ൽ ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിച്ച അഫ്രീദി 2015 ലോകകപ്പിനു ശേഷം ഏകദിന മത്സരങ്ങളിൽ നിന്നും പാഡഴിച്ചു. 2017ൽ ടി-20 മത്സരങ്ങളിൽ നിന്നും വിരമിച്ച അഫ്രീദി അവസാനമായി ഒരു രാജ്യാന്തര മത്സരം കളിച്ചത് 2018ലാണ്. വെസ്റ്റ് ഇൻഡീസിനെതിരെ റെസ്റ്റ് ഓഫ് ദ് വേൾഡ് ഇലവൻ്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. 2018 മെയ് 31ന് ലോർഡ്സിൽ നടന്ന ഈ മത്സരത്തിൽ നേരത്തെ ക്യാപ്റ്റനായി തീരുമാനിച്ചിരുന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ പിന്മാറിയതോടെയാണ് അഫ്രീദിക്ക് നറുക്കുവീണത്.

അതേസമയം, ന്യൂസീലൻഡിനെതിരെ സ്വന്തം നാട്ടിൽ നടക്കുന്ന പരിമിത ഓവർ പരമ്പരകളിൽ കാണികളെ അനുവദിക്കാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഒരുങ്ങുകയാണ്. രണ്ട് ഡോസ് വാക്സിൻ എടുത്ത 25 ശതമാനം കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കാനാണ് ക്രിക്കറ്റ് ബോർഡിൻ്റെ തീരുമാനം. ഏകദിന പരമ്പര റാവൽപിണ്ടിയിലും ടി-20 പരമ്പര ലാഹോറിലുമാണ് നടക്കുക.

നിബന്ധന പ്രകാരം റാവൽപിണ്ടിയിൽ 4500 പേർക്കും ലാഹോറിൽ 5500 പേർക്കുമാവും പ്രവേശനം. സെപ്തംബർ 17, 19, 21 തീയതികളിൽ ഏകദിന മത്സരങ്ങളും 25, 26, 29, ഒക്ടോബർ 1, 3 തീയതികളിൽ ടി-20 മത്സരങ്ങളും നടക്കും.

Story Highlight: shahid afridi retire cricket

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top