താലിബാൻ ഭരണത്തെ പിന്തുണച്ച് ഷാഹിദ് അഫ്രീദി; വിഡിയോ

അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തെ പിന്തുണച്ച് പാകിസ്താൻ്റെ മുൻ താരം ഷാഹിദ് അഫ്രീദി. താലിബാൻ ഭരണത്തിലേറിയത് മികച്ച ചിന്താഗതിയോടെയാണെന്ന് അഫ്രീദി പറഞ്ഞു. നേരത്തെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും താലിബാൻ ഭരണത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. (Shahid Afridi Taliban Afghanistan)
മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് അഫ്രീദി താലിബാനുള്ള പിന്തുണ അറിയിച്ചത്. “താലിബാൻ വന്നതിൽ ഒരു സംശയവുമില്ല. പക്ഷേ, അവർ വന്നത് വളരെ മികച്ച ചിന്താഗതിയോടെയാണ്. അവർ സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കുന്നു. അവർ സ്ത്രീകളെ രാഷ്ട്രീയത്തിൽ മത്സരിക്കാൻ അനുവദിക്കുന്നു. അവർ ക്രിക്കറ്റ് പിന്തുണക്കുന്നു. താലിബാന് ക്രിക്കറ്റ് വളരെ ഇഷ്ടമാണെന്ന് എനിക്ക് തോന്നുന്നു.”- അഫ്രീദി പറഞ്ഞു.
Read Also : അടുത്ത വർഷം ക്രിക്കറ്റിൽ നിന്ന് പൂർണമായി വിരമിച്ചേക്കുമെന്ന് അഫ്രീദി
നേരത്തെ, അടുത്ത വർഷത്തെ പിഎസ്എലിനു ശേഷം ക്രിക്കറ്റിൽ നിന്ന് പൂർണമായി വിരമിച്ചേക്കുമെന്ന് അഫ്രീദി അറിയിച്ചിരുന്നു. രാജ്യാന്തര മത്സരങ്ങളിൽ നിന്ന് നേരത്തെ വിരമിച്ച താരമ പാകിസ്താൻ പ്രീമിയർ ലീഗിൽ സജീവമായിരുന്നു. കശ്മീർ പ്രീമിയർ ലീഗ് ഉൾപ്പെടെ മറ്റു ചില ടി-20 ലീഗുകളിലും അദ്ദേഹം പാഡണിഞ്ഞു. എന്നാൽ, അടുത്ത വർഷത്തെ പിഎസ്എലിനു ശേഷം പൂർണമായി ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിനെപ്പറ്റി ആലോചിക്കുമെന്നാണ് ഇപ്പോൾ അഫ്രീദിയുടെ പ്രഖ്യാപനം.
46 കാരനായ താരം നിലവിൽ മുൾട്ടാൻ സുൽത്താൻസിൻ്റെ താരമാണ്. എന്നാൽ, വരുന്ന സീസണിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിനായി കളിക്കാനാണ് തനിക്ക് താത്പര്യമെന്ന് അഫീദി പറഞ്ഞു. “ചിലപ്പോൾ ഇതെൻ്റെ അവസാന പിഎസ്എൽ ആവും. മുൾട്ടാൻ അനുവദിക്കുമെങ്കിൽ എനിക്ക് വരുന്ന സീസണിൽ ക്വെറ്റയിൽ കളിക്കണം. എന്നെ വിടാൻ താത്പര്യമില്ലെങ്കിൽ ഞാൻ മുൾട്ടാനിൽ തന്നെ കളിക്കും.”- അഫ്രീദി പറഞ്ഞു.
2010ൽ ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിച്ച അഫ്രീദി 2015 ലോകകപ്പിനു ശേഷം ഏകദിന മത്സരങ്ങളിൽ നിന്നും പാഡഴിച്ചു. 2017ൽ ടി-20 മത്സരങ്ങളിൽ നിന്നും വിരമിച്ച അഫ്രീദി അവസാനമായി ഒരു രാജ്യാന്തര മത്സരം കളിച്ചത് 2018ലാണ്. വെസ്റ്റ് ഇൻഡീസിനെതിരെ റെസ്റ്റ് ഓഫ് ദ് വേൾഡ് ഇലവൻ്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. 2018 മെയ് 31ന് ലോർഡ്സിൽ നടന്ന ഈ മത്സരത്തിൽ നേരത്തെ ക്യാപ്റ്റനായി തീരുമാനിച്ചിരുന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ പിന്മാറിയതോടെയാണ് അഫ്രീദിക്ക് നറുക്കുവീണത്.
Story Highlight: Shahid Afridi Supports Taliban Rule Afghanistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here