പാലിയേക്കര ടോള്‍ പ്ലാസയില്‍ പുതുക്കിയ ടോൾ നിരക്ക് പ്രാബല്യത്തിൽ

തൃശൂർ പാലിയേക്കര ടോള്‍ പ്ലാസയില്‍ പുതുക്കിയ ടോൾ നിരക്ക് പ്രാബല്യത്തിൽ വന്നു. നിലവിലെ നിരക്കില്‍ നിന്ന് അഞ്ച് രൂപ മുതല്‍ 30 രൂപ വരെയാണ് നിരക്ക് വർധന. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ദേശീയ പാത അതോറിറ്റി ജനങ്ങളെ പിഴിയാൻ ഒത്താശ ചെയ്യുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. കരാര്‍ വ്യവസ്ഥപ്രകാരം ടോള്‍ നിരക്ക് വര്‍ധിപ്പിക്കുന്ന കമ്പനി ദേശീയപാതയുടെ കുറവുകൾ പരിഹരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
കാര്‍, ജീപ്പ്, വാന്‍ എന്നിവക്ക് ഒരുദിശയിലേക്ക് നിലവില്‍ ഉണ്ടായിരുന്ന 75 രൂപ 80 രൂപയാക്കിയും ഒരുദിവസം ഒന്നിലധികം യാത്രയ്ക്ക് 110 രൂപ എന്നത് 120 രൂപയായും വര്‍ദ്ധിപ്പിച്ചു. ദേശീയ മൊത്തനിലവാര ജീവിതസൂചികയിലുണ്ടാകുന്ന മാറ്റത്തെ ആശ്രയിച്ചാണ് വര്‍ഷംതോറും ടോള്‍ നിരക്ക് പരിഷ്‌കരിക്കുന്നത്. എന്നാല്‍ കരാര്‍ വ്യവസ്ഥപ്രകാരം ടോള്‍ നിരക്ക് വര്‍ധിപ്പിക്കുകയല്ലാതെ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നില്ലെന്നാണ് ആക്ഷേപം.
Read Also : തിരുവല്ലത്തെ ടോൾ പിരിവ് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് വി ശിവൻകുട്ടി നിധിൻ ഗഡ്ഗരിക്ക് കത്തയച്ചു
കിലോ മീറ്ററുകളോളം സര്‍വീസ് റോഡ് ഇപ്പോഴും അപൂര്‍ണമാണ്. ഡ്രൈനേജും വിശ്രമ കേന്ദ്രങ്ങളും ബസ് ബേയും ഉള്‍പ്പെടെ പൂർത്തീകരിച്ചിട്ടില്ല. മുൻവർഷവും ഇത്തവണയും നിർമാണ പ്രവർത്തികൾ പൂർത്തീകരിക്കാതെയാണ് നിരക്ക് വർധിപ്പിച്ചത്. ദേശീയ പാത നിർമാണത്തിന് ചിലവായ തുകയെക്കാൾ കൂടുതൽ ഇതിനോടകം പിരിച്ചു കഴിഞ്ഞെന്നും കോവിഡ് കാലത്തെ നിരക്ക് വർധന തടയാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.
Story Highlight: paliyekkara toll plaza new rate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here