വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കടുത്ത നടപടി; മുന്നറിയിപ്പുമായി തൃശൂർ അതിരൂപത

സീറോ മലബാർ സഭയുടെ പരിഷ്കരിച്ച കുർബാനക്രമത്തിനെതിരെ യോഗം ചേരാനൊരുങ്ങിയ വൈദികർക്ക് മുന്നറിയിപ്പുമായി തൃശൂർ അതിരൂപത. വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. മാർപ്പാപ്പ അംഗീകരിച്ച പുതിയ കുർബാന അർപ്പണ രീതി നവംബർ 28ന് നടപ്പാക്കണം എന്ന് തൃശൂർ അതിരൂപത അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കി.
സിറോ മലബാർ സഭ സിനഡിൽ ആരാധന ക്രമം ഏകീകരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ പുതിയ കുർബാന ക്രമം നടപ്പാക്കുന്നതിനെതിരെ എറണാകുളം അങ്കമാലി രൂപതയും ഇരിങ്ങാലക്കുട രൂപതയും പരസ്യമായി രംഗത്തെത്തി. ഇതിനിടെ പുതിയ തീരുമാനം ചർച്ച ചെയ്യാൻ തൃശൂർ അതിരൂപതയിലെ ഒരു വിഭാഗം വൈദികർ യോഗം ചേരാൻ തീരുമാനിച്ചിരുന്നു. ഭിന്നസ്വരങ്ങൾ ഉയരുന്നതിനിടെയാണ് തൃശ്ശൂർ അതിരൂപത അധ്യക്ഷന്റെ മുന്നറിയിപ്പ്.
അതിരൂപത അധ്യക്ഷന്റെ അംഗീകാരമില്ലാതെ സിനഡ് തീരുമാനത്തിനെതിരെ യോഗം ചേരുന്നത് വിഭാഗീയതക്ക് കാരണമാകുമെന്നും, കൂട്ടായ്മയെ ഇത് ദോഷകരമായി ബാധിക്കുമെന്നും മാർ ആൻഡ്രൂസ് താഴത്ത് വൈദികർക്ക് കത്തയച്ചു. തൃശ്ശൂർ അതിരൂപത പരിഷ്കരിച്ച കുർബാന രീതിയെ പിന്തുണക്കുന്നു. ഈ ഞായറാഴ്ച അതിരൂപതക്ക് കീഴിലെ എല്ലാ പള്ളികളിലും സിനഡ് തീരുമാനങ്ങൾ അറിയിക്കാൻ ഇടയലേഖനം വായിക്കും.
Story Highlight: thrissur archdiocese warning
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!