Advertisement

വോക്സിനും ഫിഫ്റ്റി; ഇംഗ്ലണ്ട് 290നു പുറത്ത്; ലീഡ് 99 റൺസ്

September 3, 2021
Google News 2 minutes Read
england lead india test

ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 290 റൺസിനു പുറത്ത്. ഇന്ത്യൻ സ്കോറിൽ നിന്ന് 99 റൺസിൻ്റെ ലീഡാണ് ഇംഗ്ലണ്ടിനുള്ളത്. 81 റൺസെടുത്ത ഒലി പോപ്പാണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. ക്രിസ് വോക്സും (50) ഇംഗ്ലണ്ടിനായി ഫിഫ്റ്റിയടിച്ചു. ജോണി ബെയർസ്റ്റോ (37) മൊയീൻ അലി (35), ഡേവിഡ് മലാൻ (31) എന്നിവരും ഇംഗ്ലണ്ടിനായി തിളങ്ങി. ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറയ്ക്കും രവീന്ദ്ര ജഡേജയ്ക്കും രണ്ട് വിക്കറ്റ് വീതമുണ്ട്. ഒരു ഘട്ടത്തിൽ 62/5 എന്ന നിലയിൽ പതറിയ ഇംഗ്ലണ്ട് അവിടെനിന്ന് കരകയറിയാണ് ലീഡ് നേടിയത്. (england lead india test)

രണ്ടാം ദിനം 3 വിക്കറ്റ് നഷ്ടത്തിൽ 53 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിംഗ് പുനരാരംഭിച്ചത്. ക്രെയ്ഗ് ഓവർട്ടൺ (1) വേഗം തന്നെ പുറത്തായി. ഉമേഷ് യാദവിനായിരുന്നു വിക്കറ്റ്. നന്നായി ബാറ്റ് ചെയ്തുകൊണ്ടിരുന്ന ഡേവിഡ് മലാനും ഏറെ വൈകാതെ പുറത്തായി. 31 റൺസെടുത്ത മലാനെയും ഉമേഷ് തന്നെയാണ് പുറത്താക്കിയത്. അവിടെ നിന്നാണ് ബെയർസ്റ്റോയും പോപ്പും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചത്. അനായാസം ബൗണ്ടറികൾ കണ്ടെത്തിയ ഇരുവരും വേഗത്തിലാണ് സ്കോർ ചെയ്തത്. ഇന്ത്യൻ ബൗളർമാർക്ക് ഒരു അവസരവും നൽകാതെ മുന്നേറിയ സഖ്യം ഒടുവിൽ സിറാജിനു മുന്നിൽ വീണു. 37 റൺസെടുത്ത ബെയർസ്റ്റോയെ പുറത്താക്കിയ സിറാജ് ആണ് 89 റൺസ് നീണ്ട ആറാം വിക്കറ്റ് കൂട്ടുകെട്ട് തകർത്തത്.

Read Also : ഒലി പോപ്പിനു ഫിഫ്റ്റി; ഇംഗ്ലണ്ട് കുതിയ്ക്കുന്നു

ഏഴാം വിക്കറ്റിൽ മൊയീൻ അലി പോപ്പിന് പറ്റിയ പങ്കാളിയായി. 71 റൺസിൻ്റെ കൂട്ടുകെട്ടിലാണ് ഇവർ പങ്കാളിയായി. ഒടുവിൽ രവീന്ദ്ര ജഡേജയുടെ പന്തിൽ മൊയീൻ മടങ്ങി. 35 റൺസെടുത്താണ് താരം പുറത്തായത്. എട്ടാം വിക്കറ്റിലെത്തിയ ക്രിസ് വോക്സും മികച്ച രീതിയിൽ ബാറ്റ് ചെയ്തു. ആക്രമണ മൂഡിലായിരുന്ന താരം തുടർ ബൗണ്ടറികളുമായി ഇന്ത്യൻ ബൗളർമാരുടെ താളം തെറ്റിച്ചു. ഇംഗ്ലണ്ട് ഇന്നിംഗ്സിനെ താങ്ങിനിർത്തിയ ഒലി പോപ്പ് ഒടുവിൽ ശർദ്ദുൽ താക്കൂറിൻ്റെ പന്തിലാണ് പുറത്തായത്. 81 റൺസ് നേടിയ താരം പുറത്തായതിനു പിന്നാലെയെത്തിയ ഒലി റോബിൻസൺ (5) വേഗം മടങ്ങി. ജഡേജക്കായിരുന്നു വിക്കറ്റ്. 9 വിക്കറ്റ് നഷ്ടത്തിൽ 255 റൺസ് നേടിയ ഇംഗ്ലണ്ടിനെ അവസാന വിക്കറ്റിൽ വോക്സ് നടത്തിയ തകർപ്പൻ ബാറ്റിംഗ് മികച്ച സ്കോറിൽ എത്തിക്കുകയായിരുന്നു. ആൻഡേഴ്സണെ ഒരിടത്തുനിർത്തി സ്കോറിംഗ് ചുമതല ഏറ്റെടുത്ത വോക്സ് വെറും 59 പന്തുകളിൽ ഫിഫ്റ്റി തികച്ചു. ഓവറിലെ അവസാന പന്തിൽ ബൈ ഓടാൻ ശ്രമിക്കുന്നതിനിടെ വോക്സ് റണ്ണൗട്ടാവുകയായിരുന്നു. 35 റൺസ് നീണ്ട അവസാന വിക്കറ്റ് കൂട്ടുകെട്ടിൽ ഒരു റൺ മാത്രമാണ് ആൻഡേഴ്സൺ എടുത്തത്.

Story Highlight: england 99 runs lead vs india test

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here