ഒലി പോപ്പിനു ഫിഫ്റ്റി; ഇംഗ്ലണ്ട് കുതിയ്ക്കുന്നു

ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ട് കുതിയ്ക്കുന്നു. ഇന്ത്യ മുന്നോട്ടുവച്ച 191 റൺസിനു മറുപടിയുമായി ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് നിലവിൽ ലീഡ് നേടിയിട്ടുണ്ട്. ഒരു ഘട്ടത്തിൽ 62/5 എന്ന നിലയിൽ പതറിയ ഇംഗ്ലണ്ടിനെ ആറാം വിക്കറ്റിൽ ജോണി ബെയർസ്റ്റോയും ഒലി പോപ്പും ചേർന്നാണ് കരകയറ്റിയത്. (england control india test)
രണ്ടാം ദിനം 3 വിക്കറ്റ് നഷ്ടത്തിൽ 53 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിംഗ് പുനരാരംഭിച്ചത്. ക്രെയ്ഗ് ഓവർട്ടൺ (1) വേഗം തന്നെ പുറത്തായി. ഉമേഷ് യാദവിനായിരുന്നു വിക്കറ്റ്. നന്നായി ബാറ്റ് ചെയ്തുകൊണ്ടിരുന്ന ഡേവിഡ് മലാനും ഏറെ വൈകാതെ പുറത്തായി. 31 റൺസെടുത്ത മലാനെയും ഉമേഷ് തന്നെയാണ് പുറത്താക്കിയത്. അവിടെ നിന്നാണ് ബെയർസ്റ്റോയും പോപ്പും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചത്. അനായാസം ബൗണ്ടറികൾ കണ്ടെത്തിയ ഇരുവരും വേഗത്തിലാണ് സ്കോർ ചെയ്തത്. ഇന്ത്യൻ ബൗളർമാർക്ക് ഒരു അവസരവും നൽകാതെ മുന്നേറിയ സഖ്യം ഒടുവിൽ സിറാജിനു മുന്നിൽ വീണു. 37 റൺസെടുത്ത ബെയർസ്റ്റോയെ പുറത്താക്കിയ സിറാജ് ആണ് 89 റൺസ് നീണ്ട ആറാം വിക്കറ്റ് കൂട്ടുകെട്ട് തകർത്തത്.
Read Also : കൗണ്ടർ അറ്റാക്കുമായി ബെയർസ്റ്റോയും ഒലി പോപ്പും; ഇന്ത്യ ബാക്ക്ഫൂട്ടിൽ
ഏഴാം വിക്കറ്റിൽ മൊയീൻ അലി പോപ്പിന് പറ്റിയ പങ്കാളിയായി. 71 റൺസിൻ്റെ കൂട്ടുകെട്ടിലാണ് ഇവർ പങ്കാളിയായി. ഒടുവിൽ രവീന്ദ്ര ജഡേജയുടെ പന്തിൽ മൊയീൻ മടങ്ങി. 35 റൺസെടുത്താണ് താരം പുറത്തായത്. എട്ടാം വിക്കറ്റിലെത്തിയ ക്രിസ് വോക്സും മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ടത്തിൽ 248 റൺസ് നേടിയിട്ടുണ്ട്. 57 റൺസാണ് ആതിഥേയരുടെ ലീഡ്. പോപ്പ് (80), വോക്സ് (17) എന്നിവർ ക്രീസിൽ തുടരുകയാണ്. 26 റൺസിൻ്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് എട്ടാം വിക്കറ്റിൽ ഉയർത്തിയത്.
ആദ്യ ഇന്നിങ്സിൽ ഇന്ത്യ 191 റൺസിന് പുറത്തായിരുന്നു. അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോലിയും ഷാർദുൽ താക്കൂറും മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചുനിന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ നാലു വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്സും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഒലി റോബിൻസണും ചേർന്ന് തകർക്കുകയായിരുന്നു.
Story Highlight: england in control vs india test
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here