Advertisement

സ്വിങ് ലഭിക്കാത്തത് അതിശയിപ്പിച്ചു; പോൾ കോളിംഗ്‌വുഡ്

September 5, 2021
Google News 2 minutes Read
Paul Collingwood swing ball

ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിൻ്റെ മൂന്നാം ദിനം സ്വിങ് ലഭിക്കാത്തത് തങ്ങളെ അതിശയിപ്പിച്ചു എന്ന് ഇംഗ്ലണ്ട് സഹപരിശീലകൻ പോൾ കോളിംഗ്‌വുഡ്. തങ്ങളുടെ ബൗളർമാർ മികച്ച പ്രകടനം നടത്തിയെന്നും ഡ്യൂക് ബോളിൽ സ്വിങ് ലഭിക്കാതിരുന്നത് തങ്ങളെ അതിശയിപ്പിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാം കളി അവസാനിച്ചതിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കോളിംഗ്‌വുഡ്. (Paul Collingwood swing ball)

“അന്തരീക്ഷത്തിൽ നിന്ന് മൂവ്മെൻ്റ് ലഭിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. വിക്കറ്റിലുണ്ടായിരുന്ന ക്യാരി ഇന്ത്യൻ ബാറ്റ്സ്മാനെ കുഴപ്പത്തിലാക്കുമെന്ന് ഞങ്ങൾ മനസ്സിലാക്കി. അതുകൊണ്ട് തന്നെ സ്വിങ് ലഭിക്കാതിരുന്നപ്പോൾ ഞങ്ങൾ അതിശയിച്ചു. ഞങ്ങൾ എല്ലാ തരത്തിലും ശ്രമിച്ചു. തിളക്കമുള്ള വശം മാറ്റു പരീക്ഷിച്ചു. പക്ഷേ, സ്വിങ് ലഭിച്ചില്ല.”- കോളിംഗ്‌വുഡ് വ്യക്തമാക്കി.

ഇന്ത്യക്കായി തകർപ്പൻ സെഞ്ചുറി നേടിയ രോഹിത് ശർമ്മയെ കോളിംഗ്‌വുഡ് പുകഴ്ത്തി. രോഹിതിന് മികച്ച ടെക്നിക്കുണ്ട്. പരമ്പരയിൽ ഇതുവരെ മികച്ച രീതിയിലാണ് രോഹിത് കളിച്ചത്. ശ്രദ്ധയോടെയായിരുന്നു പരമ്പരയിൽ അദ്ദേഹത്തിൻ്റെ കളി എന്നും കോളിംഗ്‌വുഡ് പറഞ്ഞു.

Read Also : ഇംഗ്ലണ്ടിൽ ഏറ്റവുമധികം സെഞ്ചുറികൾ; ദ്രാവിഡിന്റെ റെക്കോർഡ് മറികടന്ന് രോഹിത്

ഇംഗ്ലണ്ടിൽ ഏറ്റവുമധികം സെഞ്ചുറികൾ നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡ് രോഹിത് ശർമ്മ സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ മുൻ താരവും എൻസിഎ മുഖ്യ പരിശീലകനുമായ രാഹുൽ ദ്രാവിഡിൻ്റെ റെക്കോർഡാണ് രോഹിത് പഴങ്കഥയാക്കിയത്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയതോടെയാണ് രോഹിതിൻ്റെ റെക്കോർഡ് നേട്ടം.

ദ്രാവിഡിന് 8 സെഞ്ചുറികളാണ് ഇംഗ്ലണ്ടിലുള്ളത്. ഇംഗ്ലണ്ടിനെതിരെ ഇന്നലെ രോഹിത് നേടിയത് 9ആം സെഞ്ചുറി ആയിരുന്നു. 9 സെഞ്ചുറികളിൽ എട്ടും 2018നു ശേഷമാണ് രോഹിത് സ്കോർ ചെയ്തത്. വിദേശ ടെസ്റ്റുകളിൽ രോഹിതിൻ്റെ ആദ്യ സെഞ്ചുറി കൂടിയാണ് ഇത്.

204 പന്തുകളിൽ നിന്നാണ് രോഹിത് ഇന്നലെ സെഞ്ചുറി തികച്ചത്. 256 പന്തുകളിൽ 127 റൺസെടുത്ത താരത്തെ ഒടുവിൽ ഒലി റോബിൻസൺ പുറത്താക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ചേതേശ്വർ പൂജാരയ്ക്കൊപ്പം 153 റൺസിൻ്റെ കൂട്ടുകെട്ടിലും രോഹിത് പങ്കാളിയായി.

മൂന്നാം ദിനം അവസാനിച്ചപ്പോൾ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 3 വിക്കറ്റ് നഷ്ടത്തിൽ 270 റൺസെന്ന നിലയിലാണ്. 171 റൺസിൻ്റെ ലീഡാണ് ഇന്ത്യക്കുള്ളത്. നായകൻ വിരാട് കോലി (22), രവീന്ദ്ര ജഡേജ (9) എന്നിവരാണ് ക്രീസിൽ. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് അപരാജിതമായ 33 റൺസ് ഇതുവരെ കൂട്ടിച്ചേർത്തിട്ടുണ്ട്.

Story Highlight: England Paul Collingwood swing Dukes ball

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here