5 സ്വർണം, 8 വെള്ളി, 6 വെങ്കലം; ടോക്യോയിൽ നിന്ന് ഇന്ത്യയുടെ മടക്കം റെക്കോർഡോടെ

ടോക്യോ പാരാലിമ്പിക്സിൽ നിന്ന് ഇന്ത്യൻ സംഘത്തിൻ്റെ മടക്കം റെക്കോർഡുമായി. പാരാലിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇക്കുറി ഇന്ത്യ കാഴ്ചവച്ചത്. 5 സ്വർണവും 8 വെള്ളിയും 6 വെങ്കലവും സഹിതം 19 മെഡലുകളാണ് ഇന്ത്യ ടോക്യോയിൽ നിന്ന് വാരിക്കൂട്ടിയത്. ഇതിനു മുൻപ് ഇന്ത്യയുടെ ഏറ്റവും മികച്ച പാരാലിമ്പിക്സ് പ്രകടനം 4 മെഡലുകളായിരുന്നു. കഴിഞ്ഞ തവണ റിയോയിൽ നിന്ന് സ്വന്തമാക്കിയ മെഡലുകളെക്കാൾ അഞ്ചിരട്ടിയോളം മെഡലുകളുമായാണ് ഇന്ത്യ ഇക്കുറി മടങ്ങുന്നത്. (india paralympics record medals)
ഷൂട്ടർ അവാനി ലേഖരയാണ് ഇന്ത്യൻ സംഘത്തിൽ തിളക്കമാർന്ന പ്രകടനം നടത്തിയത്. ഒരു സ്വർണവും ഒരു വെങ്കലവും നേടിയ താരം പാരാലിമ്പിക്സിൽ ഇരട്ട മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടം സ്വന്തമാക്കി. വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ എസ്എച്ച് വിഭാഗത്തിൽ വെങ്കലം നേടിയ അവാനി പത്ത് മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിംഗ് വിഭാഗത്തിൽ സ്വർണം വെടിവെച്ചിട്ടു. അവാനി തന്നെയാണ് സമാപനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുക.
Read Also : പാരാലിമ്പിക്സ്: ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് വീണ്ടും സ്വർണം
പുരുഷ ഷൂട്ടിംഗിലും ഇന്ത്യ ഇരട്ട മെഡൽ നേടി. സിംഗ് രാജ് ആണ് ഇരട്ട മെഡൽ നേട്ടത്തിലെത്തിയത്. പുരുഷന്മാരുടെ 10മീറ്റർ എയർ പിസ്റ്റൾ എസ്എച്ച് 1വിഭാഗത്തിൽ രാജ് വെങ്കലം നേടിയ താരം 50 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച്1 വിഭാഗത്തിൽ വെള്ളി നേടി. ഏഷ്യൻ റെക്കോർഡ് തിരുത്തിയ പ്രവീൺ കുമാർ ടി-64 ഹൈജമ്പിൽ വെള്ളി നേടി.
ജാവലിൻ ത്രോ താരം സുമിത് അൻ്റിലാണ് ലോകത്തെ മുഴുവൻ ഞെട്ടിച്ചത്. പുരുഷന്മാരുടെ എഫ്-64 ജാവലിൻ ത്രോയിൽ സ്വർണം നേടി എന്നതല്ല സുമിതിൻ്റെ സവിശേഷത. ലോക റെക്കോർഡോടെ മെഡൽ നേടി എന്നതുമല്ല. ആകെ അഞ്ച് ത്രോയിൽ മൂന്നിലും ലോക റെക്കോർഡ് മറികടന്നു എന്നതാണ് ലോകത്തെ ഞെട്ടിച്ചത്. ആദ്യ ത്രോയിൽ 66.95 മീറ്റർ എറിഞ്ഞ് റെക്കോർഡിട്ട സുമിത് അടുത്ത ഏറിൽ ആ ദൂരം തിരുത്തി 68.08 ദൂരത്തേക്ക് ജാവലി എറിഞ്ഞ് ആ റെക്കോർഡ് തിരുത്തി. അവസാന ത്രോയിൽ ആ റെക്കോർഡും സുമിത് തിരുത്തി. 68.55 മീറ്ററാണ് അവസാന ത്രോയിൽ അദ്ദേഹം കണ്ടെത്തിയത്.
Story Highlight: india tokyo paralympics record medals
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!