കുവൈറ്റിലേക്ക് ടിക്കറ്റ് ചാർജ് രണ്ടരലക്ഷത്തോളം രൂപ; വിമാനക്കമ്പനികളുടെ കൊള്ളയിൽ വലഞ്ഞ് പ്രവാസികൾ

18 മാസത്തിനുശേഷം കഴിഞ്ഞ ദിവസമാണ് ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്ക് നേരിട്ട് വിമാന സർവ്വിസ് ആരംഭിച്ചത്. സർവ്വീസ് ആരംഭിച്ചത് ആശ്വാസകരമാകുമ്പോൾ വിമാനകമ്പനികളുടെ ഭീമമായ ചാർജ് പ്രവാസികൾക്ക് ഇരുട്ടടിയായി. ഇരുപതിനായിരം രൂപ ഈടാക്കിയിരുന്നിടത്ത് ഇപ്പോൾ ഈടാക്കുന്നത് രണ്ടരലക്ഷത്തോളം രൂപ. (kuwait flight ticket charge)
കൊച്ചി, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് നേരിട്ട് വിമാന സർവ്വീസ് ആരംഭിച്ചത് സെപ്റ്റംബർ 2 നാണ്. ആഴ്ചയിൽ 5528 യാത്രക്കാർക്കാണ് സഞ്ചരിക്കാൻ കുവൈറ്റ് വ്യോമയാനവകുപ്പ് അനുമതി നൽകിയത്. ഇതിൽ പകുതി ഇന്ത്യൻ വിമാനക്കമ്പനികളും പകുതി കുവൈത്തി വിമാനക്കമ്പനികളായ കുവൈത്ത് എയർവേസും ജസീറ എയർവേസും പങ്കിടുകയാണ്. തിരക്ക് കുറയുന്നത് നോക്കി യാത്രക്കാർ ബുക്ക് ചെയ്യാതിരിക്കാൻ രണ്ടാഴ്ചക്കപ്പുറത്തേക്കുള്ള ബുക്കിങ് സൗകര്യവും പലപ്പോഴും വിമാനകമ്പനികൾ നൽകുന്നില്ല.
ഒന്നര ലക്ഷം രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെയാണ് കുവൈറ്റിൽ നിന്നുള്ള എയർലൈനുകളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ടിക്കറ്റ് നിരക്ക്. എന്നാൽ ബുക്ക് ചെയ്യുമ്പോൾ ഒന്നരലക്ഷത്തിനുള്ള ടിക്കറ്റ് കിട്ടാറില്ല. വിസ പുതുക്കാറായ ആയിരക്കണക്കിന് പ്രവാസികളെയാണ് ഇത് പ്രതികൂലമായി ബാധിക്കുന്നത്. കുറഞ്ഞ ശമ്പളത്തിൽ ജോലിചെയ്യുന്നവരെയും ജോലി നഷ്ടപ്പെട്ട് പുതിയ തൊഴിൽ തേടുന്നവരെയും വിമാനക്കമ്പനിയുടെ കൊള്ള തളർത്തുന്നു.
Read Also : ഇന്ത്യയിൽ നിന്നുള്ളവർക്കുള്ള പ്രവേശനവിലക്ക് പിൻവലിച്ച് കുവൈത്ത്
ഓഗസ്റ്റ് 19 നാണ് കുവൈറ്റ് ഇന്ത്യയിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്ക് ഒഴിവാക്കിയത്. ഓഗസ്റ്റ് 22 മുതൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് കുവൈറ്റിലേക്ക് സഞ്ചരിക്കാമെന്നായിരുന്നു അറിയിപ്പ്. കുവൈത്തിൽ നിന്ന് വാക്സിൻ സ്വീകരിച്ചവർ വിമാനത്താവളത്തിലെത്തുമ്പോൾ അക്കാര്യം ഇമ്യൂൺ, കുവൈത്ത് മൊബൈൽ ഐഡി എന്നീ മൊബൈൽ ആപ്പുകളിലായി കാണിക്കണം. കുവൈത്തിന് പുറത്തുനിന്ന് വാക്സിൻ സ്വീകരിച്ചവർ വാക്സിൻ സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ നൽകി കുവൈത്ത് ആരോഗ്യമന്ത്രാലയം വഴി അനുമതി നേടണം. യാത്രപുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ ലഭിച്ച ആർ ടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണ്. കുവൈത്തിലെത്തിയശേഷം ഏഴുദിവസം ക്വാറൻറീനിൽ കഴിയണമെന്നും അധികൃതർ വ്യക്തമാക്കി.
പ്രത്യേക മന്ത്രിസഭായോഗമാണ് ഇന്ത്യയിൽ നിന്നുള്ള യാത്രകാർക്ക് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കാൻ അനുമതി നൽകിയത്. ഇന്ത്യക്ക് പുറമേ പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നും കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കാൻ മന്ത്രിസഭയോഗം അനുമതി നൽകിയിട്ടുണ്ട്.
Story Highlight: kuwait flight ticket charge hike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here