കോഴിക്കോട്- കോയമ്പത്തൂര് ഗ്രീൻഫീൽഡ് ദേശീയപാത; അനുകൂല നിലപാടറിയിച്ച് കേന്ദ്രസർക്കാർ

കോഴിക്കോട് നിന്നും കോയമ്പത്തൂരിലേക്കുള്ള കേരളത്തിന്റെ പുതിയ ഗ്രീൻഫീൽഡ് ദേശീയപാത നിർദേശത്തോട് കേന്ദ്രസർക്കാർ അനുകൂല നിലപാടറിയിച്ചു. കോഴിക്കോട്- മൈസൂർ ബദൽ പാതക്കുള്ള നിർദ്ദേശവും കേന്ദ്രം പരിഗണിക്കും. സംസ്ഥാനസർക്കാർ സഹകരിച്ചാൽ നടപടികൾ ഇക്കാര്യങ്ങളിൽ വേഗത്തിലുണ്ടാകുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗസ്കരി ഉറപ്പ് നൽകിയതായി കേന്ദ്രമന്ത്രി വി. മുരളീധരൻ അറിയിച്ചു.
ഗ്രീൻഫീൽഡ് ദേശീയ പാതയുമായിബന്ധപ്പെട്ട് സംസ്ഥാനസർക്കാറിന്റെ വിശദമായ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടിയുണ്ടാകുമെന്നാണ് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകിയത്. ഭൂമി ഏറ്റെടുക്കൽ, ഭൂമി വില എന്നിവയിൽ സംസ്ഥാനസർക്കാറിന്റെ സമഗ്രനിർദ്ദേശം ഉണ്ടാവണം. ദേശീയ പാത വികസനവുമായിബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരനും മലബാർചേംബർഓഫ് കൊമേഴ്സ് പ്രതിനിധികളുമാണ് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി കുടിക്കാഴ്ചനടത്തിയത്.
വയനാടിന്റെ നിലവിലെ യാത്രക്കരുക്ക് ഒഴിവാക്കാനാണ് കോഴിക്കോട്- മൈസൂർ ബദൽ പാത നിർദ്ദേശം മുന്നോട്ടുവെച്ചത്. വനഭൂമി ഏറ്റെടുക്കാതെയുള്ള പാത നിർമ്മാണത്തിന് കേന്ദ്രത്തിന് അനുകൂല നിലപാടാണ്. കന്യാകുമാരി- ബോംബെ എൻ.എച്ച് 66 പാതക്ക് 25000 കോടി നേരത്തെ അനുവദിച്ചിരുന്നു . കേരളത്തിന് ഏറെ പ്രയോജനകരമായ ഈ പാതയുടെ നിർമ്മാണനടപടി വേഗത്തിലാക്കാൻ കേന്ദ്ര നടപടിയുണ്ടാവും.
Read Also : ചേർത്തല – അരൂർ ദേശീയപാത വിവാദം ഏറ്റെടുത്ത് കോൺഗ്രസ്; വിജിലൻസ് അന്വേഷണം വേണമെന്നാവശ്യം
കൊയിലാണ്ടി, മാഹി, തലശ്ശേരി ബൈപാസുകളുടെയും കോഴിക്കോട് ബൈപാസിന്റെയും നിർമ്മാണ നടപടി ത്വരിതപ്പെടുത്തും. തിരുവനന്തപുരം ദേശീയപാതയിൽ കോവളത്ത് അണ്ടർ പാസ് നിർമ്മാണത്തിന്റെ കാര്യത്തിലും കേന്ദ്രനടപടിയുണ്ടാകുമെന്ന് മന്ത്രി വി മുരളീധരൻ അറിയിച്ചു.
Story Highlight: kozhikode Coimbatore national highway
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here