Advertisement

നന്ദി പറഞ്ഞ് കെ. ഗോപാലകൃഷ്ണന്‍ ഐഎഎസ്; മലപ്പുറം കളക്ടര്‍ സ്ഥാനം ഒഴിയുന്നു

September 10, 2021
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മലപ്പുറത്തിന് നന്ദി പറഞ്ഞ് കെ. ഗോപാലകൃഷ്ണന്‍ ഐഎഎസ് കളക്ടര്‍ സ്ഥാനം ഒഴിയുന്നു. സര്‍ക്കാര്‍ ഏല്‍പിച്ച പുതിയ ചുമതല ഏറ്റെടുക്കാനായി കളക്ടര്‍ സ്ഥാനം ഒഴിയുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കളക്ടറായി മലപ്പുറത്തുണ്ടായിരുന്ന കാലഘട്ടത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം കുറിച്ചു. കൊവിഡ് മഹാമാരി, മഴക്കെടുതികള്‍, പ്രളയപുനരധിവാസം, വിമാനാപകടം തുടങ്ങി പല പരീക്ഷണങ്ങളും നേരിടേണ്ടിവന്നതായി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ടവരെ,

സര്‍ക്കാര്‍ ഏല്‍പിച്ച പുതിയ ചുമതല ഏറ്റെടുക്കുന്നതിനായി ഞാന്‍ മലപ്പുറം ജില്ല കലക്ടര്‍ സ്ഥാനം ഒഴിയുകയാണ്. സിവില്‍ സര്‍വീസിലെ സംഭവ ബഹുലമായ ഒരു ഘട്ടത്തിലൂടെയാണ് ഒരു വര്‍ഷവും മൂന്ന് മാസവുമായി ഞാന്‍ കടന്നുപോയതെന്ന കാര്യം ഒന്നുകൂടി ഓര്‍ക്കുന്നു. കൊവിഡ് മഹാമാരി, മഴക്കെടുതികള്‍, പ്രളയപുനരധിവാസം, വിമാനാപകടം തുടങ്ങി പല പരീക്ഷണങ്ങള്‍.

ഞാന്‍ കലക്ടറായി ചുമതലയേറ്റ ദിവസങ്ങളിലാണ് മലപ്പുറം ജില്ല അകാരണമായി ഒരു തെറ്റിദ്ധാരണയിലേക്ക് ബോധപൂര്‍വം വലിച്ചെറിയപ്പെട്ടത്. പാലക്കാട് ജില്ലയില്‍ സ്ഫോടകവസ്തു കടിച്ച ഗര്‍ഭിണിയായ ആന വേദന കടിച്ചമര്‍ത്തി ദാരുണാന്ത്യം വരിച്ച സംഭവം. ദേശീയതലത്തില്‍ തന്നെ നമുക്കെതിരായ പ്രചാരണം ശക്തമായി. സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണകള്‍ പടര്‍ത്തിവിട്ടു. പിന്നീട് തെറ്റിദ്ധാരണ നീങ്ങിയെങ്കിലും എക്കാലവും നമ്മള്‍ തെറ്റിദ്ധരിക്കപ്പെടുന്നതെന്തുകൊണ്ടാണെന്ന വേദന എന്റെ മനസ്സില്‍ വിങ്ങുന്നുണ്ടായിരുന്നു. ഒട്ടും സന്തോഷകരമായ അനുഭവമല്ലെങ്കിലും ആ തെറ്റിദ്ധാരണ നമ്മള്‍ രണ്ട് മാസത്തിനകം തന്നെ തിരുത്തി. കാലിക്കറ്റ് എയര്‍പോര്‍ട്ടിലുണ്ടായ വിമാന ദുരന്തവും രക്ഷാപ്രവര്‍ത്തനവും ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. മലപ്പുറത്തിന്റെ നന്മ പ്രകീര്‍ത്തിക്കപ്പെട്ടു. ആളിക്കത്താനിടയുള്ള അഗ്‌നിയേയും കോവിഡിനെയും അവഗണിച്ച് മാതൃകാപരമായ രക്ഷാപ്രവര്‍ത്തനമാണ് അന്ന് എയര്‍പോര്‍ട്ടില്‍ മലപ്പുറത്തെ മനുഷ്യര്‍ കാഴ്ചവച്ചത്. ആ ദുരന്തത്തിന് സാക്ഷിയാവേണ്ടിവന്നതിന്റെ വേദനയുണ്ടെങ്കിലും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞത് ഒരു പുണ്യമായിത്തന്നെ കരുതുന്നു.

എയര്‍പോര്‍ട്ട് അപകടത്തിനുശേഷം ഞാനുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും കൊവിഡ് ബാധിതരായി. കോട്ടയ്ക്കലിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജില്ലയുടെ ഭരണം നിയന്ത്രിക്കേണ്ടിവന്നു. ഇക്കാര്യത്തില്‍ സഹപ്രവര്‍ത്തകരും പൊതുജനങ്ങളും അകമഴിഞ്ഞ പിന്തുണയാണ് നല്‍കിയത്. ഇതെല്ലാം എന്നും എന്നോടൊപ്പമുണ്ടാകുന്ന വൈകാരികാനുഭവങ്ങളായിരിക്കും.

ചുമതലയേറ്റ ദിവസം മുതല്‍ ജില്ലയിലെ വിവിധ പ്രശ്‌നങ്ങളിലും വികസന പ്രവര്‍ത്തനങ്ങളിലും പൊതുജനങ്ങളുടേയും ജനപ്രതിനിധികളുടേയും സഹകരണത്തോടെ ക്രിയാത്മക ഇടപെടല്‍ നടത്തിയിട്ടുണ്ട് . ഏറ്റവുമൊടുവില്‍ കണ്ണംകുണ്ട് കോളനി നിവാസികള്‍ക്ക് വേണ്ടി പണിത വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചുകൊണ്ട് ചാരിതാര്‍ഥ്യത്തോടെയാണ് മലപ്പുറത്തോട് വിട പറയുന്നത്. തദ്ദേശഭരണ തെരഞ്ഞെടുപ്പ്, നിയമസഭാതെരഞ്ഞെടുപ്പ്, ലോകസഭ ഉപതെരത്തെടുപ്പ് തുടങ്ങിയ ഭാരിച്ച ചുമതലകളും ഈ ദുരിത കാലത്തുതന്നെ പരാതികളില്ലാതെ പൂര്‍ത്തിയാക്കാനായി .

കൊവിഡ് രണ്ടാം തരംഗത്തില്‍ നാട് നേരിട്ടത് ഓക്സിജന്‍ ദൗര്‍ലഭ്യമായിരുന്നു. അത് പരിഹരിക്കാന്‍ മലപ്പുറത്തിന്റെ പ്രാണവായു എന്ന ജനകീയ പദ്ധതിക്ക് തുടക്കമിട്ടു. മികച്ച പ്രതികരണമാണ് ജില്ലയില്‍ നിന്നുണ്ടായത്. ജൂലൈ ഏഴിന് ഉദ്ഘാടനം ചെയ്ത പദ്ധതി രണ്ടുമാസത്തിനകം 8 കോടി രൂപയുടെ മുകളില്‍ മെഡിക്കല്‍ ഉപകരണങ്ങളുമായി ലക്ഷ്യപ്രാപ്തിയിലെത്തി.

മലപ്പുറത്ത് അസിസ്റ്റന്റ് കലക്ടറായിട്ടിരുന്നു സിവില്‍ സര്‍വീസിന്റെ തുടക്കം. ആ അനുഭവം തന്നെയായിരുന്നു കലക്ടറായി ചുമതലയേറ്റുള്ള എന്റെ രണ്ടാം വരവിലും ഊര്‍ജമായത്. ഈ ജില്ലയുടെ സ്നേഹവായ്പ്പ് ഒരിക്കലും മറക്കാനാവില്ല. അത് സിവില്‍ സര്‍വീസിന്റെ ഭാഗമായി നിര്‍വഹിച്ച ചുമതലകളുടെ ഓര്‍മകള്‍ മാത്രമല്ല. വ്യക്തിപരവും വൈകാരികവുമായ അനുഭവങ്ങളുടെ സ്നേഹസ്പര്‍ശനമാണത്. വികസനത്തിന്റെ ചിറകില്‍ അതിവേഗം കുതിക്കുന്ന ജില്ലയ്ക്ക് ഇനിയും മുന്നോട്ടുപോകാനുണ്ട്. നിങ്ങള്‍ക്ക് നന്മ വരട്ടെ… കൂടുതല്‍ മനുഷ്യരുടെ ജീവിതം മെച്ചപ്പെടുത്താന്‍ എനിക്കും സാധ്യമാവട്ടെ. അതിനായി നിങ്ങളുടെ പ്രാര്‍ഥന എന്നോടൊപ്പമുണ്ടെന്ന പ്രതീക്ഷയോടെ ഞാന്‍ യാത്ര ചോദിക്കുകയാണ്. കൂടെ നിന്ന ജനപ്രതിനിധികളോട്, പ്രതികൂല ഘട്ടങ്ങളിലും ഒപ്പം നിന്ന സഹപ്രവര്‍ത്തകരോട്, വികസനോന്മുഖ വാര്‍ത്തകള്‍ ചെയ്ത മാധ്യമപ്രവര്‍ത്തകരോട്, മലപ്പുറത്തിന്റെ സാഹോദര്യത്തോട്….
സ്‌നേഹപൂര്‍വ്വം
കെ.ഗോപാലകൃഷ്ണന്‍ ഐ എ എസ്
ജില്ലാ കളക്ര്‍ മലപ്പുറം

Story Highlight: malappuram district collector

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement