സെപ്റ്റംബർ 11 ഭീകരാക്രമണത്തിൽ നിന്ന് മലയാളി രക്ഷപ്പെട്ടത് മിനിറ്റുകളുടെ വ്യത്യാസത്തിൽ; അനുഭവകഥ ട്വന്റിഫോറുമായി പങ്കുവച്ച് വത്സലാ നായർ

വർഷങ്ങൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ 2001 സെപ്റ്റംബർ 11…. ഏതൊരു ദിവസത്തേയും പോലെ ഒരു സാധാരണ ദിവസമായിരുന്നു തൃശൂർ സ്വദേശിനിയായ വത്സലാ നായർക്ക് അത്. യൂണ്യൻ ബാങ്ക് ഓഫ് കാലിഫോർണിയയിലെ ജീവനക്കാരിയായിരുന്നു വത്സലാ നായർ. പ്രഭാത ഭക്ഷണവും കഴിഞ്ഞ് ജോലി സ്ഥലത്തെ സ്വന്തം കസേരയിൽ ഇരുന്ന് ബാങ്ക് ജീവിതത്തിന്റെ തിരക്കുകളിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് കസേര കുലുങ്ങുന്നതായി അവർക്ക് അനുഭവപ്പെട്ടത്. വേൾഡ് ട്രേഡ് സെന്ററിന്റെ 14-ാം നിലയിലായിരുന്നു വത്സലാ നായരുടെ ഓഫിസ്.
കുലുക്കത്തിന്റെ കാരണമെന്തെന്നറിയാതെ പരസ്പരം നോക്കിയും അത്ഭുതപ്പെട്ടും ജീവനക്കാർ ആശയക്കുഴപ്പത്തിലായി. ആ സമയത്ത് ജനലിന് പുറത്തേക്ക് നോക്കിയപ്പോഴാണ് അവർ ആ നടുക്കുന്ന കാഴ്ച കണ്ടത്. കെട്ടിടാവശിഷ്ടങ്ങൾ മഴ പെയ്യുന്നത് പോലെ താഴേക്ക് പതിക്കുന്നു. ആരോ വിളിച്ചു പറഞ്ഞു വിമാനത്തിന്റെ ചിറക് കൊണ്ടതാകാമെന്ന്. എന്നാൽ ആ ആശ്വാസവാക്കിന് അൽപായുസ് മാത്രമേ ഉണ്ടായിരുന്നുള്ളു. തങ്ങൾ നേരിടുന്നത് ഒരു ഭീകരാക്രമണമാണെന്ന് അപ്പോൾ അവർക്ക് മനസിലായില്ലെങ്കിലും കെട്ടിടത്തിൽ നിന്ന് പുറത്ത് കടക്കാൻ തന്നെ വത്സല ഉൾപ്പെടെയുള്ള സംഘം തീരുമാനിച്ചു.
Read Also : 9/11 യൂറോപ്പില്‍ ആവര്‍ത്തിക്കുമെന്ന് മുന്നറിയിപ്പ്.
ഉടൻ ചാടിയെഴുനേറ്റ് കോണിപ്പടികൾ ലക്ഷ്യമാക്കി അവർ ഓടി. ആ സമയത്ത് എസ്കലേറ്റർ എടുക്കന്നത് സുരക്ഷിതമായിരുന്നില്ല. കോണിപ്പടിയെത്തിയപ്പോൾ പല നിലകളിൽ നിന്നായി നിരവധി പേർ പുറത്ത് കിടക്കാൻ തിടുക്കം കൂട്ടുന്നത് കണ്ടു. വളരെയധികം കഷ്ടപ്പെട്ടാണ് ഇവർ പുറത്ത് കടന്നത്.
പുറത്ത് ഭീതി നിറഞ്ഞ കാഴ്ചയാണ് സംഘത്തെ കാത്തിരുന്നത്. വേൾഡ് ട്രേഡ് സെന്ററിന്റെ ആദ്യ ടവർ നിന്ന് കത്തുന്നത് വത്സലാ നായർ കണ്ടു. ആദ്യ ആക്രമണം നടന്ന് 17 മിനിറ്റുകൾക്ക് ശേഷമാണ് വത്സല അടക്കമുള്ള കുറച്ച് പേർക്ക് കെട്ടിടത്തിൽ നിന്ന് പുറത്ത് കടന്ന് രക്ഷപ്പെടാൻ സാധിച്ചത്.
താഴെ കത്തിക്കരിഞ്ഞ മൃതദേഹങ്ങളും, കെട്ടിടാവശിഷ്ടങ്ങളും കണ്ട് സംഭവിക്കുന്നത് എന്തെന്നറിയാതെ വത്സല വിറച്ചു. രക്ഷപ്പെടാൻ വേണ്ടി കെട്ടിടത്തിൽ നിന്ന് എടുത്ത് ചാടുന്നവരേയും നടുക്കത്തോടെ വത്സലാ നായർ കണ്ടു. ഉടൻ തന്നെ ബോംബ് പൊട്ടുന്നത് പോലെ വലിയ ശബ്ദത്തോടെയുള്ള ഒരു പൊട്ടിത്തെറിയും ആകാശംമുട്ടേ അഗ്നിഗോളവുമുണ്ടായി…വത്സലാ നായർ ജോലി ചെയ്തിരുന്ന കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചുകയറുന്നത് കണ്ട് വത്സല സ്തബ്ധയായി നിന്നു…
അത്ര നേരം അവിടെയിവിടെയായി കൂട്ടംകൂടി നിന്ന ജനം, ഈ കാഴ്ച കണ്ടതോടെ നാലുപാടും ചിതറിയോടി…പേടികൊണ്ട് വാവിട്ട് കരഞ്ഞുപോയ വത്സലാ നായരും ഓടി…ജീവൻ മുറുകെ പിടിച്ചുകൊണ്ട്… എങ്ങനെയോ അണ്ടർഗ്രൗണ്ട് ട്രെയ്നിൽ കയറി വത്സല പ്രദേശത്ത് നിന്ന് രക്ഷപ്പെട്ടു. ബസ് ടെർമിനലിൽ എത്തിയപ്പോൾ റോഡ് ഒക്കെ അടഞ്ഞ് കിടക്കുകയായിരുന്നു.
കരഞ്ഞുകൊണ്ട് ഒരു കടയിലേക്ക് വത്സല ഓടികയറി. കടയിലുള്ളവരും ആകെ പരിഭ്രാന്തരായിരുന്നു. വത്സലയെ കടയിലുള്ളവർ കുറേ സമാധാനിപ്പിച്ചു. ഉടൻ തന്നെ കുടിക്കാൻ വെള്ളവും, വീട്ടിലേക്ക് വിളിക്കണമെങ്കിൽ വിളിക്കാനായി അവരുടെ ഫോണും നൽകി. കടയിലുള്ളവരാണ് അതൊരു ഭീകരാക്രമണമാണെന്ന സത്യം വത്സലായ നായർ അറിയുന്നത്.
ആ കെട്ടിടത്തിൽ നിന്ന് പുറത്ത് കടക്കാൻ അൽപമൊന്ന് താമസിച്ചിരുന്നുവെങ്കിൽ വത്സലാ നായർ ഇന്ന് ഈ കഥ പറയാൻ ജീവനോടെ ഉണ്ടാകുമായിരുന്നില്ല. ഈ അനുഭവകഥ ട്വന്റിഫോറിനോട് പറയുമ്പോൾ വത്സലാ നായർ കരച്ചിലിന്റെ വക്കോളം എത്തി. ഇന്നും ഭീതിയോടെയല്ലാതെ വത്സലയ്ക്ക് ആ നാളുകൾ ഓർത്തെടുക്കാൻ സാധിക്കുന്നില്ല…
നാളുകളോളം വത്സലാ നായർക്ക് ഉറക്കം ലഭിച്ചിരുന്നില്ല. ഉറക്ക ഗുളികയുടെ സഹായത്തോടെയാണ് വത്സലാ നായർ പിന്നീടുള്ള നാളുകൾ ഉറങ്ങിയത്. ഉറക്കത്തിലും ഉണർന്നിരിക്കുമ്പോഴുമെല്ലാം വത്സലാ നായരുടെ കണ്ണുകളിൽ മൃതദേഹങ്ങൾ കത്തിക്കരിയുന്ന ദൃശ്യങ്ങളും കാതുകളിൽ നിസഹായരായ മനുഷ്യരുടെ അലർച്ചയുമായിരുന്നു…
Story Highlight: world trade center attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here