മണ്ണാർക്കാട് ഹോട്ടലിലെ തീപിടുത്തം; ഹോട്ടലിന് എൻ.ഓ.സി. ഇല്ല; സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്

മണ്ണാർക്കാട് ഹോട്ടലിന് തീപ്പിടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നതെന്ന് അഗ്നിസുരക്ഷാ സേന. ഹോട്ടലിന് ഫയർ എൻ.ഓ.സി ഇല്ലായിരുന്നെന്ന് അഗ്നിസുരക്ഷാ സേന വ്യക്തമാക്കി. ഫയർ എൻ.ഓ.സി. നിർബന്ധമുള്ള കെട്ടിടത്തിലാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നത്. 20,000 ലിറ്റർ സംഭരണശേഷിയുള്ള സിമന്റിൽ തീർത്ത ജലസംഭരണി വേണമെന്ന വ്യവസ്ഥയും ഹോട്ടൽ ലംഘിച്ചു, ഹോട്ടലെങ്കിൽ ഉണ്ടായിരുന്നത് സിന്തറ്റിക് ജലസംഭരണിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. കെട്ടിത്തിൽ ഫയർ ഇൻലെറ്റും ഔട്ട് ലെറ്റും ഇല്ലെന്നും അഗ്നിസുരക്ഷാ സേന റിപ്പോർട്ടിൽ വ്യക്തമാക്കി.
രണ്ട് ദിവസം മുമ്പാണ് നെല്ലിപ്പുഴ ഹിൽവ്യൂ ടവറിൽ പ്രവർത്തിക്കുന്ന ഹോട്ടലിന് തീപിടിച്ചത്. അപകടത്തിൽ രണ്ട് പേർ മരിച്ചിരുന്നു. കോട്ടയ്ക്കൽ സ്വദേശികളായ ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. പുലർച്ചെയായിരുന്നു സംഭവം. നാല് നിലകളുള്ള ഹോട്ടലിന്റെ താഴത്തെ നിലയിലാണ് തീപടർന്നത്. ഹോട്ടലിൽ ഉണ്ടായിരുന്ന ആളുകൾ തീപടർന്നപ്പോൾ ഓടി രക്ഷപ്പെട്ടു. മരണപ്പെട്ട രണ്ടുപേർ മുകളിലത്തെ നിലയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. അബോധാവസ്ഥയിലുള്ള ഇരുവരെയും പൊള്ളലിലേറ്റത്തിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. തീപിടുത്തമുണ്ടായി മൂന്ന് മണിക്കൂറിന് ശേഷമാണ് തീയണയ്ക്കാൻ സാധിച്ചത്. പെരുന്തൽമണ്ണയിൽ നിന്നും മണ്ണാർക്കാട് നിന്നുമെത്തിയ ഫയർഫോഴ്‌സിന്റെ നേതൃത്വത്തിലാണ് തീയണച്ചത്. പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Read Also : പാലക്കാട് വന്‍ കഞ്ചാവ് വേട്ട; എറണാകുളം സ്വദേശി അറസ്റ്റില്‍
അതേസമയം, തീപിടുത്തത്തിൽ അഗ്നിശമന സേനയ്‌ക്കെതിരെ ആരോപണവുമായി ഹോട്ടലുടമ ഫായിദാ ബഷീർ രംഗത്തെത്തിയിരുന്നു. അഗ്നിശമന സേന എത്താൻ വൈകിയതാണ് തീപടരാൻ കാരണമായതെന്ന് ഹോട്ടൽ ഉടമ ആരോപിച്ചു. ഹോട്ടലും ഫയർസ്റ്റേഷനും തമ്മിൽ ആകെ ആറ് കിലോമീറ്റർ ദൂരം മാത്രമാണെന്നും പത്ത് മിനിറ്റിനുള്ളിൽ എത്താവുന്നിടത്ത് ഒന്നര മണിക്കൂർ എടുത്തുവെന്നും ഹോട്ടൽ ഉടമ ആരോപിച്ചു.
Story Highlight: Fire Force’s report on Mannarkkad Hotel fire accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here