Advertisement

ക്രിസ് വോക്സിനു പകരക്കാരനെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്

September 13, 2021
Google News 2 minutes Read
Delhi Capitals Ben Dwarshuis

ഐപിഎലിൽ നിന്ന് പിന്മാറിയ ഇംഗ്ലണ്ട് ഓൾറൗണ്ടർ ക്രിസ് വോക്സിനു പകരക്കാരനെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്. ഓസ്ട്രേലിയൻ പേസർ ബെൻ ഡ്വാർഷ്യുസിനെയാണ് ഡൽഹി ടീമിലെത്തിച്ചിരിക്കുന്നത്. ബിഗ് ബാഷ് ലീഗിൽ അടക്കം മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് 27 വയസ്സുകാരനായ ഡ്വാർഷ്യുസ്. മുൻപ് പഞ്ചാബ് കിംഗ്സ് ഇലവനിൽ ഉൾപ്പെട്ടിരുന്നെങ്കിലും താരത്തിന് കളിക്കാൻ കഴിഞ്ഞിരുന്നില്ല. (Delhi Capitals Ben Dwarshuis)

ആകെ 82 ടി-20 മത്സരങ്ങൾ കളിച്ച ഡ്വാർഷ്യുസ് 100 വിക്കറ്റാണ് നേടിയിട്ടുള്ളത്. 23.73 ആണ് ശരാശരി. ബിഗ് ബാഷ് ലീഗിൽ സിഡ്നി സിക്സേഴ്സിൻ്റെ താരമാണ് ഡ്വാർഷ്യുസ്. ബിഗ് ബാഷിൽ 69 മത്സരങ്ങളിൽ നിന്ന് 85 വിക്കറ്റുകളുള്ള താരം ടൂർണമെൻ്റിലെ എക്കാലത്തെയും ഉയർന്ന വിക്കറ്റ് വേട്ടക്കാരിൽ ആറാം സ്ഥാനത്താണ്.

സെപ്റ്റംബർ 19 മുതൽ ദുബൈയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിൽ കൊവിഡ് ബാധ രൂക്ഷമായതിനെ തുടർന്നാണ് ഐപിഎൽ സീസൺ പാതിയിൽ വച്ച് നിർത്തിയത്.

Read Also : രവി ശാസ്ത്രിക്കെതിരെ നടപടിയെടുക്കില്ല; ടെസ്റ്റ് റദ്ദാക്കിയത് ഐപിഎലിനു വേണ്ടിയല്ല: സൗരവ് ഗാംഗുലി

ദുബൈ, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയർ മത്സരവും ദുബൈയിൽ നടക്കും. ഒക്ടോബർ 15 ന് ഫൈനലും ഒക്ടോബർ 10 ന് ആദ്യ ക്വാളിഫയറും നടക്കും. എലിമിനിറ്റേർ മത്സരം ഒക്ടോബർ 11 നും രണ്ടാം ക്വാളിഫയർ 13 നും അബുദാബി സ്റ്റേഡിയത്തിലും നടക്കും.

ഐപിഎൽ രണ്ടാം പാദത്തിൽ ബിസിസിഐ നടത്തുക 30,000 ആർടിപിസിആർ പരിശോധനകളാണ്. ദുബായ് കേന്ദ്രീകരിച്ചുള്ള വിപിഎസ് ഹെൽത്ത്‌കെയർ ആണ് താരങ്ങൾക്കും മറ്റ് അംഗങ്ങൾക്കും വൈദ്യ സംബന്ധിയായ സേവനങ്ങൾ നൽകുക. ഇവർ തന്നെ കൊവിഡ് പരിശോധനകളും നടത്തും. താരങ്ങളുടെ അതേ ബയോ ബബിളിലാവും ആരോഗ്യപ്രവർത്തകരും കഴിയുക. ഓരോ മൂന്ന് ദിവസത്തിലും ഐപിഎലിൽ ആർടിപിസിആർ പരിശോധനകൾ സംഘടിപ്പിക്കും. ഇന്ത്യയിൽ നടന്ന ആദ്യ പാദത്തിൽ ഓരോ അഞ്ച് ദിവസത്തിലുമായിരുന്നു പരിശോധന. 100 പേരടങ്ങുന്ന വൈദ്യ സംഘമാണ് ഐപിഎലിൽ വൈദ്യ സേവനങ്ങൾ നൽകുക.

Story Highlight: Delhi Capitals Ben Dwarshuis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here