ഡിആര്‍എസ് റിവ്യൂവില്‍ സായ്‌സുദര്‍ശനെ പുറത്താക്കാനായില്ല; അമ്പയറോട് തര്‍ക്കിച്ച് കുല്‍ദീപ് യാദവ്

ഐപിഎല്‍ 2025-ല്‍ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഡല്‍ഹി ക്യാപിറ്റല്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു ആ സംഭവം. ഗുജറാത്തിന്റെ ഓപ്പണര്‍ സായ് സുദര്‍ശനെതിരെ എല്‍ബിഡബ്ല്യു വിധിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സ്പിന്നര്‍ കുല്‍ദീപ് യാദവും ഓണ്‍-ഫീല്‍ഡ് അമ്പയറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. 200 റണ്‍സ് ലക്ഷ്യം പിന്തുടരുന്നതിനിടെ ഗുജറാത്ത് ടൈറ്റന്‍സ് ഇന്നിംഗ്സിന്റെ എട്ടാം ഓവറിലായിരുന്നു സംഭവം. കുല്‍ദീപ് യാദവ് എറിഞ്ഞ പന്ത് സായ് സുദര്‍ശന്‍ ഫ്‌ളിക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ബാറ്റില്‍ തൊടാതെ പാഡിലേക്കാണ് പന്ത് നീങ്ങിയത്. ഇതോടെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കുല്‍ദീപ് അടക്കമുള്ള താരങ്ങള്‍ എല്‍ബിഡബ്ല്യുവിന് അപ്പീല്‍ നല്‍കിയെങ്കിലും അമ്പയര്‍ നോട്ടൗട്ട് വിധിച്ചു. ഡിആര്‍എസ് റിവ്യൂവിലേക്ക് പോയ ഡല്‍ഹിക്ക് വീണ്ടും നിരാശ നല്‍കുന്നതായിരുന്നു വീഡിയോ അമ്പയറുടെയും തീരുമാനം. ബോള്‍ ട്രാക്കിംഗ് സാങ്കേതികവിദ്യ പ്രകാരം പന്ത് സ്റ്റമ്പില്‍ തട്ടുന്നതായി തോന്നിച്ചെങ്കിലും തീരുമാനം ഓണ്‍ഫീല്‍ഡ് അമ്പയര്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. സ്‌ക്രീനില്‍ നോട്ട് ഔട്ട് തെളിഞ്ഞതോടെയാണ് കുല്‍ദീപ് യാദവ് അസ്വസ്ഥനായത്. ഇതോടെയാണ് താരം അമ്പയറുടെ അടുത്തെത്തി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. കുല്‍ദീപ് അമ്പയറുമായി തര്‍ക്കിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെക്കപ്പെട്ടതോടെ അമ്പയറെ പിന്തുണച്ചും ഡല്‍ഹിയെ പിന്തുണച്ചുമെല്ലാം ക്രിക്കറ്റ് ആരാധകര്‍ രംഗത്തെത്തി.
Story Highlights: IPL-2025: Kuldeep Yadav argues with the umpire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here