ഹാർവി എലിയറ്റിനു ശസ്ത്രക്രിയ വേണമെന്ന് ലിവർപൂൾ

ലീഡ്സ് യുണൈറ്റഡിനെതിരായ മത്സരത്തിനിടെയുണ്ടായ ടാക്കിളിൽ പരുക്കേറ്റ യുവതാരം ഹാർവി എലിയറ്റിനു ശസ്ത്രക്രിയ വേണമെന്ന് ലിവർപൂൾ. താരത്തെ വരും ദിവസങ്ങളിൽ ശസ്ത്രക്രിയക്ക് വിധേയനാക്കും. 18കാരനായ താരത്തിൻ്റെ കണങ്കാലിനു സ്ഥാനചലനം സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. (harvey elliott surgery injury)
ലീഡ്സ് യുണൈറ്റഡ് താരം പാസ്കൽ സ്ട്രുയ്കിൻ്റെ ടാക്കിളിലായിരുന്നു ഇംഗ്ലണ്ട് താരത്തിന് പരുക്കേറ്റത്. ടാക്കിളിൽ വേദന കൊണ്ട് പുളഞ്ഞ് നിലത്തുവീണ താരത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. മത്സരത്തിൻ്റെ 60ആം മിനിട്ടിലായിരുന്നു സംഭവം. പന്തുമായി കുതിക്കുകയായിരുന്ന ഹാർവിയെ പാസ്കൽ സ്ലൈഡിംഗ് ടാക്കിളിൽ വീഴ്ത്തുകയായിരുന്നു. ഉടൻ ഇരു ടീമിലെയും താരങ്ങൾ ഓടിയെത്തി. അപ്പോൾ തന്നെ ഹാർവിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഫൗളിനെ തുടർന്ന് പാസ്കലിന് ചുവപ്പുകാർഡ് ലഭിച്ചു. 18കാരനായ ഇംഗ്ലീഷ് താരം ലിവർപൂളിൻ്റെ യുവതാരങ്ങളിൽ പ്രധാനിയായിരുന്നു. സീസണിലെ പ്രീമിയർ ലീഗ് പദ്ധതികളിൽ ഹാർവി സുപ്രധാന താരമാണെന്ന് പരിശീലകൻ യുർഗൻ ക്ലോപ്പ് വ്യക്തമാക്കുകയും ചെയ്തിരുന്നു.
മത്സരത്തിൽ ലിവർപൂൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വിജയിച്ചു. മുഹമ്മദ് സലയും ഫബീഞ്ഞോയും സാദിയോ മാനെയുമാണ് ലിവർപൂളിൻ്റെ സ്കോറർമാർ.
Story Highlight: harvey elliott surgery injury
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here