ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിന് ഇന്ന് തുടക്കം; കരുൺ നായരുടെ പരുക്ക് ആശങ്ക

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.30ന് ലീഡ്‌സിലെ ഹെഡിംഗ്‍ലി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഒന്നാം ടെസ്റ്റിന് തുടക്കമാകുക.
വിരാട് കോലിയും രോഹിത് ശര്‍മയും വിരമിച്ച ശേഷം, യുവതാരങ്ങൾ ഏറെയുള്ള ടീം ഇന്ത്യയാണ് ഇന്ന് ലീഡ്സിൽ ഇറങ്ങുക. ടെസ്റ്റിൽ മികച്ച ഫോമിൽ തുടരുന്ന ഇംഗ്ലണ്ടിനെ പിടിച്ചു കിട്ടുക എന്നതായിരിക്കും ഈ യുവ സംഘത്തിൻ്റെ വെല്ലുവിളി.
ബാറ്റര്‍ ശുഭ്‌മാന്‍ ഗില്ലാണ് ടീം ഇന്ത്യയെ നയിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റ് നായകനായി ഗിൽ എത്തിയതോടെ തലമുറ മാറ്റം കൂടിയാണ് സംഭവിക്കുന്നത്. രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ അഭാവത്തിൽ ശുഭ്‌മാന്‍ ഗില്‍ നായകനായി അരങ്ങേറുമ്പോൾ ഇന്നത്തെ ടെസ്റ്റ് ടീമിൽ നൂറ് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ആരും തന്നെയില്ല എന്നതാണ് പ്രത്യേകത. 50 ടെസ്റ്റ് മത്സരങ്ങൾക്ക് മുകളിൽ മുകളിൽ കളിച്ചത് രവീന്ദ്ര ജഡേജയും കെ എൽ രാഹുലും മാത്രമാണ്. അതിനാല്‍ തന്നെ ഹെഡിംഗ്‍ലിയില്‍ ടീം ഇന്ത്യയുടെ ഓപ്പണർമാരും വൺ ഡൗണും അടക്കം ആദ്യ ഇലവൻ ആരൊക്കെ എന്നതിലേക്ക് ആയിരിക്കും ആരാധകരുടെ കണ്ണ്.
കെ എൽ രാഹുൽ, യശസ്വി ജയ്സ്വാളും ഓപ്പണിംഗ് ഇറങ്ങിയേക്കും. യുവതാരം സായ് സുദർശനോ നീണ്ട കാത്തിരിപ്പിനൊടുവിൽ ടീമിലേക്ക് തിരിച്ചത്തിയ മലയാളി താരം കരുൺ നായരോ ആയിരിക്കും മൂന്നാമൻ ആകുക. എന്നാൽ പ്രാക്ടീസിനിടെ പരുക്കേറ്റ കരുൺ നായർ ഇന്നത്തെ മത്സരത്തിൽ ഇറങ്ങുമോ എന്നത് ചോദ്യചിഹ്നമായി തുടരുകയാണ്. ക്യാപ്റ്റൻ ശുഭ്‌മാന്‍ ഗിൽ തന്നെ ആകുമോ നാലാമനായി ക്രീസിലെത്തുക. എന്നാൾ അഞ്ചാമനായി വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ഇറങ്ങുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്.
ഓൾറൗണ്ടർമാരായി രവീന്ദ്ര ജഡേജയും നിതീഷ് കുമാർ റെഡ്ഡിയും ഇടംപിടിക്കുമ്പോള്‍ ജസ്‌പ്രീത് ബുമ്രക്കൊപ്പം പേസ് ആക്രമണം നയിക്കാൻ ആരൊക്കെ എത്തുമെന്നതാണ് സസ്പെൻസ്. മുഹമ്മദ് സിറാജിനും പ്രസിദ്ധ് കൃഷ്ണയ്ക്കും അവസരം നൽകുമെന്നാണ് വിവരം. രവീന്ദ്ര ജഡേജയ്ക്കൊപ്പം മറ്റൊരു സ്പിന്നറായി കുൽദീപ് യാദവ് എത്തും.
എതിർനിരയിൽ ബെൻ സ്റ്റോക്സിൻ്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇംഗ്ലണ്ട് നിരയിൽ ജോ റൂട്ടിനെയും ഹാരി ബ്രൂക്കിനെയും പിടിച്ചുകെട്ടുകയെന്നതായിരിക്കും ബുമ്ര അടക്കമുള്ള ഇന്ത്യൻ ബൗളർമാരുടെ വെല്ലുവിളി. പരിചയസമ്പന്നനായ ഓൾറൗണ്ടർ ക്രിസ് വോക്സ് തിരിച്ചെത്തിയതും ഇംഗ്ലണ്ടിന് ആത്മവിശ്വാസം പകരും.
Story Highlights :India-England first Test begins today; Karun Nair injury concern
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here