പാകിസ്താൻ ക്രിക്കറ്റ് ടീം പരിശീലകനായി മാത്യു ഹെയ്ഡനും വെർണോൺ ഫിലാണ്ടറും

പാകിസ്താൻ ക്രിക്കറ്റ് ടീം പരിശീലകനായി ഓസ്ട്രേലിയയുടെയും ദക്ഷിണാഫ്രിക്കയുടെയും മുൻ താരങ്ങളായ മാത്യു ഹെയ്ഡനും വെർണോൺ ഫിലാണ്ടറും. പിസിബിയുടെ പുതിയ ചെയർമാൻ റമീസ് രാജ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. അടുത്തിടെ പാക് പരിശീലക സ്ഥാനം ഒഴിഞ്ഞ മിസ്ബാഹുൽ ഹഖ്, വഖാർ യൂനിസ് എന്നിവർക്ക് പകരമായാണ് പുതിയ പരിശീലകരെത്തുക. (Hayden Philander coach Pakistan)
കഴിഞ്ഞ ആഴ്ചയാണ് മിസ്‌ബാഹും വഖാർ യൂനിസും പരിശീലക സ്ഥാനമൊഴിഞ്ഞത്. ടി-2-0 ലോകകപ്പ് തയ്യാറെടുപ്പുകൾ നടക്കുന്നതിനാൽ ഈ നീക്കം പിസിബിയ്ക്ക് തിരിച്ചടി ആയിരുന്നു. തുടർന്ന് സഖ്‌ലൈൻ മുഷ്താക്കും അബ്ദുൽ റസാക്കും ഇടക്കാല പരിശീകകരായി സ്ഥാനമേറ്റു. എന്നാൽ, കഴിഞ്ഞ ദിവസം പിസിബി ചെയർമാനായി സ്ഥാനമേറ്റ റമീസ് രാജ പുതിയ പരിശീലകരെ പ്രഖ്യാപിക്കുകയായിരുന്നു.
ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17ന് ആരംഭിക്കും. ഒക്ടോബർ 23 മുതലാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുക. ഒക്ടോബർ 24ന് ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും. നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.
Read Also : കോലി ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന വാർത്ത അസംബന്ധം: ബിസിസിഐ
യോഗ്യതാ മത്സരങ്ങളിൽ ഒമാൻ-പാപ്പുവ ന്യൂ ഗിനിയ മത്സരമാണ് ആദ്യ നടക്കുക. സ്കോട്ട്ലൻഡ്, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകൾ. ഗ്രൂപ്പ് എയിൽ അയർലൻഡ്, നെതർലൻഡ്, ശ്രീലങ്ക, നമീബിയ എന്നീ ടീമുകളാണ് ഉള്ളത്. ഒക്ടോബർ 22 വരെയാണ് യോഗ്യതാ മത്സരങ്ങൾ. ഇരു ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾ സൂപ്പർ 12ൽ കളിക്കും.
സൂപ്പർ 12 മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ എന്നീ ടീമുകളാണ് ആദ്യം ഏറ്റുമുട്ടുക. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ മത്സരങ്ങളിലെ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവരും ബി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തുന്നവരും ഗ്രൂപ്പ് ഒന്നിൽ കളിക്കും. ഇന്ത്യ-പാകിസ്താൻ പോരാട്ടത്തോടെയാണ് ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങൾ ആരംഭിക്കുക. അഫ്ഗാനിസ്ഥാൻ, ന്യൂസീലൻഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് രണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ഇവർക്കൊപ്പം എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പിലുണ്ട്. നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.
Story Highlight: Matthew Hayden Vernon Philander coach Pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here