മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികൾക്ക് സ്റ്റേ ഇല്ല

മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികൾക്ക് സുപ്രീംകോടതിയുടെ സ്റ്റേയില്ല. യാക്കോബായ സഭ വിശ്വാസികളുടെ ആവശ്യം ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ച് നിരസിച്ചു. ആരാധനാലയങ്ങളുടെ ഭരണം പിടിക്കാൻ വർഷങ്ങൾ നീണ്ട വ്യവഹാരങ്ങൾ നടക്കുന്നതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ആരാധനാലയങ്ങൾ ആരാധനയ്ക്കുള്ള ഇടമാണെന്നും നിരീക്ഷിച്ചു.
അടുത്ത മാസം പതിനാലിനാണ് മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള അസോസിയേഷൻ ചേരാൻ നിശ്ചയിച്ചിരിക്കുന്നത്. ഇതിനിടെയാണ്, പരമാധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികൾക്ക് സ്റ്റേ ആവശ്യപ്പെട്ട് യാക്കോബായ സഭ വിശ്വാസികൾ സുപ്രീംകോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പിൽ വിദേശത്തെ ഓർത്തഡോക്സ് പള്ളികളിലെ അംഗങ്ങളെയും, ഇന്ത്യക്കാർ അല്ലാത്തവരെയും അനുവദിക്കരുതെന്ന് അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു.
Read Also : പഴത്തോട്ടം പള്ളി ഓർത്തഡോക്സ് വിഭാഗം പൂട്ടി പുറത്തിറങ്ങി
എന്നാൽ, സ്റ്റേ ആവശ്യം ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ച് നിരസിച്ചു. അപേക്ഷ, ഓർത്തഡോക്സ്-യാക്കോബായ സഭ വിശ്വാസികൾ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജികൾക്കൊപ്പം പിന്നീട് പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആരാധനാലയങ്ങളുടെ ഭരണം പിടിക്കാൻ വർഷങ്ങൾ നീണ്ട വ്യവഹാരങ്ങൾ നടക്കുകയാണെന്ന് ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ച് പറഞ്ഞു. ആരാധനാലയങ്ങൾ ആരാധനയ്ക്കുള്ള ഇടമാണെന്നും കൂട്ടിച്ചേർത്തു. 1934ലെ മലങ്കര സഭ ഭരണഘടന പ്രകാരം പള്ളികൾ ഭരിക്കപ്പെടണമെന്ന സുപ്രീംകോടതിയുടെ അന്തിമവിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ്-യാക്കോബായ സഭ വിശ്വാസികൾ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജികൾ എട്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാൻ മാറ്റി.
Story Highlight: malankara orthodox church case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here