Advertisement

തൃശൂരില്‍ കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടേതെന്ന് കരുതുന്ന മൃതദേഹം അടഞ്ഞു കിടന്ന വീട്ടില്‍

September 15, 2021
Google News 1 minute Read

തൃശൂരില്‍ നിന്ന് ആറ് മാസം മുന്‍പ് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി. ചേറ്റുവ സ്വദേശികളായ സനോജ്, ശില്‍പ ദമ്പതികളുടെ മൂത്ത മകന്‍ അമല്‍ കൃഷ്ണയുടേതെന്ന് കരുതുന്ന മൃതദേഹമാണ് അടഞ്ഞു കിടക്കുന്ന വീട്ടില്‍ നിന്ന് കണ്ടെത്തിയത്. കാണാതായപ്പോള്‍ കൈവശം ഉണ്ടായിരുന്ന എടിഎം കാര്‍ഡും മൊബൈല്‍ ഫോണും അമലിന്റെ ഫോട്ടോകളും മൃതദേഹത്തോടൊപ്പം കണ്ടെത്തി. സിം കാര്‍ഡ് ഒടിച്ച നിലയിലും ഫോട്ടോ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു.

തളിക്കുളം ഹൈസ്‌കൂള്‍ ഗ്രൗണ്ടിനു സമീപം പാടൂര്‍ സ്വദേശിയായ പ്രവാസിയുടെ പതിനഞ്ച് വര്‍ഷത്തിലേറെയായി അടഞ്ഞു കിടന്നിരുന്ന വീട്ടിലായിരുന്നു മൃതദേഹം. ഹോട്ടല്‍ നടത്തുന്നതിന് സ്ഥലം നോക്കിയെത്തിയ വ്യപാരിയാണ് മൃതദേഹം കണ്ടത്. അമലിന്റെ വീട്ടില്‍ നിന്ന് പത്ത് കിലോമീറ്ററിനുള്ളിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. മരിച്ചത് അമല്‍ തന്നെയാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് കണ്ടെത്തിയെങ്കിലും ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം മാത്രമേ ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂ. മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും.

Read Also : തൃശൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ കാണാതായി; മൂന്നര ആഴ്ചയായിട്ടും വിവരമില്ല

അമ്മയ്ക്കൊപ്പം ബാങ്കില്‍ പോയപ്പോഴാണ് അമലിനെ കാണാതായത്. ഇതിന് പിന്നാലെ പരിസരങ്ങളിലെല്ലാം മാതാപിതാക്കള്‍ അന്വേഷണം നടത്തിയെങ്കിലും അമലിനെ കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് മാതാപിതാക്കള്‍ വാടാനപ്പള്ളി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസിന്റെ നേതൃത്വത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അവസാനം പതിഞ്ഞത് തൃപ്രയാറായിരുന്നു.

പത്താം ക്ലാസില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ആളായിരുന്നു അമല്‍. അമലിന് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞിരുന്നു. സ്‌കോളര്‍ഷിപ്പ് തുക ഉള്‍പ്പെടെ ഈ അക്കൗണ്ടിലേയ്ക്കാണ് വന്നിരുന്നത്. പതിനായിരം രൂപയോളം പേ.ടി.എം വഴി രണ്ട് അക്കൗണ്ടുകളിലേയ്ക്ക് പോയിട്ടുണ്ട്. ഓണ്‍ലൈന്‍ ഗെയിം കളിക്കാനായിരുന്നു ഈ തുക ഉപയോഗിച്ചതെന്നായിരുന്നു അന്ന് പുറത്തുവന്ന വിവരം.

Story Highlight: dead body of student found thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here