മെസി ഇന്ന് പിഎസ്ജിക്കായി ചാമ്പ്യൻസ് ലീഗിൽ അരങ്ങേറും

സൂപ്പർ താരം ലയണൽ മെസി ഇന്ന് പിഎസ്ജിക്കായി ചാമ്പ്യൻസ് ലീഗിൽ അരങ്ങേറും. നാളെ പുലർച്ചെ 12.30ന് ബെൽജിയൻ ക്ലബായ ക്ലബ് ബ്രൂഷെക്കെതിരെയാണ് മെസി കളത്തിലിറങ്ങുക. പിഎസ്ജിയുടെ ആദ്യ ഇലവനിൽ തന്നെ മെസി ഇറങ്ങുമെന്നാണ് സൂചന. മാഞ്ചസ്റ്റർ സിറ്റി, ആർബി ലെയ്പ്സിഗ് എന്നിവരടങ്ങുന്ന ഗ്രൂപ്പ് എയിലാണ് പിഎസ്ജി ഉൾപ്പെട്ടിരിക്കുന്നത്. (messi psg champions league)
മെസിക്കൊപ്പം നെയ്മറും ഇന്ന് കളത്തിലിറങ്ങും. പിഎസ്ജിയിൽ മെസി, നെയ്മർ, എംബാപ്പെ എന്നീ സൂപ്പർ താരങ്ങൾ ഒരുമിച്ച് കളത്തിലിറങ്ങുന്ന ആദ്യ മത്സരമാവും ഇത്.
അതേസമയം, ചാമ്പ്യൻസ് ലീഗിൽ വമ്പന്മാരായ ബാഴ്സലോണയും മാഞ്ചസ്റ്റർ യുണൈറ്റഡും പരാജയപ്പെട്ടിരുന്നു. ഗ്രൂപ്പ് ഇയിൽ നടന്ന മത്സരത്തിൽ ബയേൺ മ്യൂണിക്ക് ആണ് ബാഴ്സലോണയെ എതിരില്ലാത്ത 3 ഗോളുകൾക്ക് കീഴടക്കിയത്. ഗ്രൂപ്പ് എഫിൽ സിറ്റ്സർലൻഡ് ക്ലബ് യങ് ബോയ്സ് മാഞ്ചസ്റ്ററിനെ അട്ടിമറിക്കുകയായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സ്വിസ് ക്ലബിൻ്റെ ജയം.
Read Also : മെസി ക്ലബ് വിടാൻ കാരണം ലാ ലിഗ പ്രസിഡന്റ്; ആരോപണവുമായി ബാഴ്സലോണ പ്രസിഡന്റ്
ബാഴ്സ ഹോം ഗ്രൗണ്ടായ ന്യൂകാമ്പിൽ നടന്ന മത്സരത്തിലാണ് ബാഴ്സ ബയേണിനോട് നാണംകെട്ട തോൽവി വഴങ്ങിയത്. 34ആം മിനിട്ടിൽ തോമസ് മുള്ളറാണ് ജർമ്മൻ പടയ്ക്കായി ഗോൾ വേട്ട ആരംഭിച്ചത്. 56, 85 മിനിട്ടുകളിൽ ടെർ സ്റ്റേഗനെ കീഴടക്കിയ റൊബർട്ട് ലെവൻഡോവ്സ്കി വിജയം ആധികാരികമാക്കി. സമസ്ത മേഖലകളിലും പിന്നാക്കം പോയ ബാഴ്സക്കായി യുവതാരങ്ങൾ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അടുത്തിടെ ടീമിലെത്തിച്ച ഡച്ച് മുന്നേറ്റ താരം ലുക്ക് ഡിയോങ് ഏറെ നിരാശപ്പെടുത്തി.
2020 ചാമ്പ്യൻസ് ട്രോഫി ക്വാർട്ടറിനു ശേഷം ഇതാദ്യമായി ഇരു ടീമുകളും മുഖാമുഖം ഏറ്റുമുട്ടുന്ന മത്സരമായിരുന്നു ഇത്. അന്നത്തെ ബാഴ്സയെ രണ്ടിനെതിരെ എട്ട് ഗോളുകൾക്ക് ബയേൺ തകർത്തിരുന്നു.
മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഞെട്ടിക്കുന്ന തോൽവിയാണ് വഴങ്ങിയത്. ഗ്രൂപ്പിലെ കുഞ്ഞന്മാരായ യങ് ബോയ്സ് മാഞ്ചസ്റ്ററിനെ കീഴടക്കിയതോടെ ഗ്രൂപ്പ് കൂടുതൽ ആവേശകരമായി. 13ആം മിനിട്ടിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഗോളിൽ യുണൈറ്റഡ് മുന്നിലെത്തി. എന്നാൽ, 35ആം മിനിട്ടിൽ യുവ ഡിഫൻഡർ ആരോൺ വാൻ-ബിസാക്ക ചുവപ്പു കാർഡ് ലഭിച്ച് പുറത്തുപോയത് അവർക്ക് കനത്ത തിരിച്ചടിയായി. 10 പേരായി ചുരുങ്ങിയ മാഞ്ചസ്റ്ററിനെ കടന്നാക്രമിച്ച യങ് ബോയ്സ് രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ച് വിജയിക്കുകയായിരുന്നു. 66ആം മിനിട്ടിൽ മൗമി ങ്കമാലെയുവിലൂടെ സമനില പിടിച്ച സ്വിസ് ടീം ഇഞ്ചുറി ടൈമിലെ അവസാന മിനിട്ടിൽ തിയോസൺ സിബച്ചെയുവിലൂടെ ജയം പിടിച്ചുവാങ്ങുകയായിരുന്നു.
Story Highlight: lionel messi psg champions league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here