പാലായിൽ സമാധാനയോഗം ചേർന്നു; സമാധാന അന്തരീക്ഷം തകർക്കുന്ന പ്രചാരണത്തിനെതിരെ നടപടിയെന്ന് പൊലീസ്

പാലായിൽ സമാധാനയോഗം ചേർന്നു. സമാധാന അന്തരീക്ഷം തകര്‍ക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ യോഗത്തിൽ നടപടിക്ക് ധാരണയായി. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് സമാധാന യോഗം വിളിച്ചത്. ( pala peace talks )
പാലായിലെയും ഈരാറ്റുപേട്ടയിലെയും വിവിധ സമുദായ നേതാക്കൾ സമാധാന യോഗത്തിൽ പങ്കടുത്തു. പാലായില്‍ നടന്ന പ്രതിഷേധ പരിപാടികളില്‍ സമുദായ സംഘടനകള്‍ക്ക് പങ്കില്ലെന്ന് യോഗത്തിൽ പങ്കെടുത്തവർ അറിയിച്ചു. മത-സാമുദായിക സമാധാന അന്തരീക്ഷം തകര്‍ക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങളെ യോഗം അപലപിച്ചു. ഇത്തരത്തിൽ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ലവ് ജിഹാദിനൊപ്പം നർക്കോട്ടിക് ജിഹാദുമുണ്ടെന്ന ഗുരുതര ആരോപണവുമായി പാലാ രൂപതയുടെ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ർകോട്ടിക്, ലവ് ജിഹാദ്കൾക്ക് കത്തോലിക്ക പെൺകുട്ടികളെ ഇര ആക്കുന്നു എന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ വചന സന്ദേശത്തിൽ പറയുന്നു. ഈ ജിഹാദിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നുവെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറയുന്നു.
ബിഷപ്പിന്റെ വാക്കുകൾ –‘ മുസ്ലീംങ്ങൾ അല്ലാത്തവർ ഇല്ലാതാകണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം. ഇതര മതസ്ഥരായ യുവതികൾ ഐഎസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകും. കത്തോലിക്ക യുവാക്കളിൽ മയക്ക് മരുന്ന് ഉപയോഗം വ്യാപകമാക്കാൻ പ്രത്യേകം ശ്രമങ്ങൾ നടക്കുന്നുണ്ട് ‘.
ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്നും ഇത്തരക്കാർക്ക് നിഷിപ്ത താത്പര്യം ഉണ്ടെന്നും പാലാ ബിഷപ്പ് പറയുന്നു. മുസ്ലീം ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ പല തരത്തിൽ ശ്രമം നടത്തുന്നുണ്ടെന്നും ഹലാൽ വിവാദം ഇതിൻ്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നും ബിഷപ്പ് മുന്നറിയിപ്പ് നൽകി.
ഇതിന് പിന്നാലെ ബിഷപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നർകോട്ടിക് ജിഹാദ് വിവാദ പരാമർശം ഏറ്റെടുത്ത് നായർ സർവീസ് സൊസൈറ്റി രംഗത്തുവന്നു. പ്രലോഭനങ്ങളിലൂടെ കേരളത്തിൽ വ്യാപകമായി മതപരിവർത്തനം നടക്കുന്നുവെന്ന് എൻ.എസ്.എസ്. സ്നേഹമെന്ന വജ്രായുധം കാട്ടി പെൺകുട്ടികളെ മതം മാറ്റുന്നു. പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനം നടത്തുന്നത് ആശങ്കാജനകമെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു.
പാലാ ബിഷപ്പിന്റെ നർകോട്ടിക് ജിഹാദ് പരാമർശം അനവസരത്തിലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ അഭിപ്രായപ്പെട്ടു. മതനേതാക്കൾ ഇതര സമുദായങ്ങൾക്കുമേൽ കടന്നു കയറിയാൽ മതേതര കേരളം അത് അനുവദിക്കില്ല. പരസ്പരം സ്പർധയുണ്ടാക്കുന്ന നിലപാടുകളെ ഒന്നിച്ചെതിർക്കണമെന്നും പാലാ ബിഷപ്പ് തിരുത്തലിന് തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഹമ്മദ് ദേവർകോവിൽ ട്വന്റി ഫോറിനോട് പറഞ്ഞു.
Story Highlight: pala peace talks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here