റഹ്മാനും സജിതയും വിവാഹിതരായി; കുടുംബാംഗങ്ങൾ പങ്കെടുക്കാത്തതിൽ വിഷമമെന്ന് റഹ്മാൻ
അപൂർവതകൾ നിറഞ്ഞ പത്ത് വർഷത്തെ പ്രണയത്തിന് ശേഷം റഹ്മാനും സജിതയും വിവാഹിതരായി. പാലക്കാട് നെന്മാറയിലെ സബ് രജിസ്ട്രാർ ഓഫിസിലാണ് ഇരുവരും വിവാഹിതരായത്. നെന്മാറ എംഎൽഎ കെ.ബാബുവിൻ്റെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ( rahman sajitha got married )
വിവാഹത്തിന് സജിതയുടെ വീട്ടുകാർ എത്തിയിരുന്നുവെങ്കിലും റഹ്മാന്റെ വീട്ടുകാരുടെ അസാന്നിധ്യം ദമ്പതികളെ നിരാശരാക്കി. റഹ്മാന്റെ വാക്കുകൾ : വിവാഹം കഴിഞ്ഞതിൽ സന്തോഷമുണ്ട്. എന്നാൽ വീട്ടുകാർ ഒപ്പം ഇല്ലാത്തത് വിഷമിപ്പിക്കുന്നുണ്ട്. അവരും കൂടി മനസ് മാറി വരട്ടെയെന്നാണ് പ്രാർത്ഥിക്കുന്നത്. എല്ലാം ശരിയാകുമെന്നാണ് പ്രതീക്ഷ. റഹ്മാന്റെ വീട്ടുകാരും ഒപ്പമുണ്ടായിരുന്നുവെങ്കിൽ സന്തോഷമായേനെയെന്ന് സജിതയും മാധ്യമങ്ങളോട് പ്രതികരിച്ചു.
പുരോഗമന കലാ സാഹിത്യസംഘത്തിന്റെ കൊല്ലങ്കോട് ഏരിയ കമ്മിറ്റിയാണ് വിവാഹത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയത്.
പ്രണയിച്ച പെണ്‍കുട്ടിയെ ആരും കാണാതെ യുവാവ് 10 വര്‍ഷം ഒറ്റമുറിയില്‍ പാര്‍പ്പിച്ച സംഭവം വലിയ ചര്‍ച്ചയായിരുന്നു. നെന്മാറ സ്വദേശിയായ റഹ്മാനാണ് വീട്ടുകാരും നാട്ടുകാരുമറിയാതെ സ്നേഹിച്ച പെണ്‍കുട്ടിയെ വീട്ടില്‍ ഒളിപ്പിച്ചത്. കാണാതായ റഹ്മാനെ വഴിയില്‍ വച്ച് ബന്ധുക്കള്‍ കണ്ടതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്.
പൊലീസെത്തി നടത്തിയ അന്വേഷണത്തില്‍ റഹ്മാനൊപ്പം സജിതയും ഉണ്ടെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇരുവരും പത്തു കൊല്ലം തറവാട് വീട്ടിലെ ഒറ്റമുറിയില്‍ താമസിച്ചെന്ന വിവരം പുറത്തുവന്നത്. നിരവധി പേര് ഇവരെ അനുകൂലിച്ചും എതിര്‍ത്തും രംഗത്തെത്തി. എന്നാല്‍ യുവാവും യുവതിയും പറയുന്നത് വിശ്വസനീയമാണെന്നായിരുന്നു പൊലീസ് നിലപാട്.
തുടർന്ന് റഹ്മാനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. എന്നാൽ തങ്ങളെ ജീവിക്കാനനുവദിക്കണമെന്ന് സജിതയും റഹ്മാനും ട്വന്റിഫോറിനോട് പറഞ്ഞു. വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ ഒരാഴ്ചക്കാലമായി തങ്ങള്‍ ദുഃഖത്തിലാണെന്ന് റഹ്മാന് പറഞ്ഞു. ജീവിക്കണമെങ്കില്‍ പണിക്ക് പോകണം. ഇതൊരു കേസായാല്‍ ജോലിക്ക് പോകാന്‍ കഴിയില്ല. കേസ് ഒഴിവാക്കണമെന്നും റഹ്മാന് ട്വന്റിഫോറിനോട് പറഞ്ഞു. പത്ത് വര്‍ഷക്കാലം സന്തോഷത്തോടെയാണ് റഹ്മാന്റെ വീട്ടില്‍ കഴിഞ്ഞതെന്ന് സജിതയും പറഞ്ഞു. ഭര്‍ത്താവിന്റെ പേരില്‍ കേസെടുക്കരുത്. വനിതാ കമ്മീഷന് എന്തിനാണ് കേസെടുത്തതെന്ന് അറിയില്ല. തന്റെ സമ്മതത്തോടെയാണ് റഹ്മാന്റെ വീട്ടില്‍ കഴിയുന്നത്. ഭര്‍ത്താവാണ് തന്നെ സംരക്ഷിക്കുന്നത്. റഹ്മാനൊപ്പം ജീവിക്കണമെന്നും സജിത പറഞ്ഞു.
Story Highlight: rahman sajitha got married
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here