നർകോട്ടിക് ജിഹാദ് വിവാദം: അനുനയ ചർച്ചകൾ തുടരാൻ കോൺഗ്രസ്

നർകോട്ടിക് ജിഹാദ് വിവാദത്തിൽ അനുനയ ചർച്ചകൾ തുടർന്ന് കോൺഗ്രസ്. കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ മുസ്‌ലിം സമുദായ നേതാക്കന്മാരുമായും സഭാ മേലധ്യക്ഷന്മാരുമായും ചർച്ച നടത്തും. ചർച്ചയ്ക്ക് സന്നദ്ധരാണെന്ന് സഭാ മേലധ്യക്ഷന്മാർ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു.
പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നാർകോട്ടിക് ജിഹാദ് പരാമർശം വിവാദമായതോടെ അനുനയ നീക്കവുമായി കോൺഗ്രസ് നേതാക്കൾ. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചങ്ങനാശേരി അതിരൂപതാ ബിഷപ്പ് ജോസഫ് പെരുന്തോട്ടവുമായി കൂടിക്കാഴ്ച നടത്തി. സമവായത്തിനല്ല എത്തിയതെന്നും കേരളത്തിൽ മതസൗഹാർദം നിലനിർത്താനുള്ള ശ്രമങ്ങൾക്ക് കോൺഗ്രസ് മുന്നിലുണ്ടാകുമെന്നും കെപിസിസി അധ്യക്ഷൻ പ്രതികരിച്ചു.
Read Also : കോന്നിയിൽ സിപിഎമ്മിന് ഏകപക്ഷീയ നിലപാടെന്ന് സിപിഐ; അവലോകന റിപ്പോർട്ടിൽ ചിറ്റയം ഗോപകുമാറിനും വിമർശനം
നാർകോട്ടിക് ജിഹാദ് പരാമർശത്തിൽ സമവായ നീക്കം നടത്തേണ്ടത് സംസ്ഥാന സർക്കാരാണ്. പക്ഷേ സർക്കാർ ചെന്നായയെ പോലെ അവസരം കാത്തിരിക്കുന്ന അവസ്ഥയാണെന്നും ബിഷപ്പുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതീക്ഷാ നിർഭരമായ മറുപടിയാണ് ലഭിച്ചതെന്നും കെ സുധാകരൻ പറഞ്ഞു.
സമൂഹത്തിൽ മത സൗഹാർദ്ദം നിലനിർത്താൻ എല്ലാക്കാലവും നിന്നതുപോലെ ഇനിയും ക്രിസ്ത്യൻ സമുദായം ഒപ്പമുണ്ടാകും എന്ന് ബിഷപ്പ് ഉറപ്പുനൽകിയിട്ടുണ്ട്. അതിനുവേണ്ട സഹായങ്ങൾ നൽകാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൂടെയുണ്ടെന്ന് അദ്ദേഹത്തെ അറിയിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ ചർച്ചകളുണ്ടാകും. മുസ്ലിം സമുദായ നേതാക്കളുമായും ചർച്ച നടത്തും.
വർഗീയത ഉയർത്തുന്ന വിഷയങ്ങളിലേക്ക് സംസ്ഥാനത്തെ എത്തിക്കാതിരിക്കാനുള്ള ഉത്തരവാദിത്വം കോൺഗ്രസിനുണ്ട്. വിവാദങ്ങളിൽ സമവായത്തിന് സർക്കാർ മുൻകൈ എടുത്തില്ലെന്ന് മാത്രമല്ല, പോസിറ്റിവ് സമീപനം പോലും സർക്കാരിൽ നിന്നുണ്ടായില്ല. ചെവി കേൾക്കുന്നവൻ കേൾക്കാത്തവനായി അഭിനയിക്കുന്നത് പോലെയാണ് സർക്കാർ ചെയ്യുന്നത്. കെപിസിസി അധ്യക്ഷൻ കുറ്റപ്പെടുത്തി.
Read Also : നെല്ലിയമ്പം ഇരട്ടക്കൊലപാതകത്തില്‍ മുഖ്യപ്രതി പിടിയിലായെന്ന് സൂചന
രാജ്യത്തെ മതസൗഹാർദം നിലനിർത്തുന്നതിലെ അടിസ്ഥാന ഘടകം കോൺഗ്രസാണെന്ന് അവകാശപ്പെടാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉച്ചയ്ക്ക് രണ്ടുമണിക്ക് കെ സുധാകരൻ പാലാ ബിഷപ്പിനെ സന്ദർശിക്കും.
വിവാദ പരാമർശത്തെ തുടർന്നുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് ചർച്ചയ്ക്ക് മുൻകൈ എടുത്തത്. ഒരു മണിക്കൂറോളമാണ് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ചങ്ങനാശേരി ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്.
Story Highlights : Congress Narcotic Jihad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here