കുംബ്ലെ ഇന്ത്യൻ ടീമിന്റെ പുതിയ പരിശീലകനായേക്കുമെന്ന് സൂചന; ലക്ഷ്മണിനും സാധ്യത

ഇന്ത്യൻ പുരുഷ് ക്രിക്കറ്റ് ടീമിൻ്റെ പരിശീലക സ്ഥാനത്തേക്ക് അനിൽ കുംബ്ലെ മടങ്ങിയെത്തിയേക്കുമെന്ന് സൂചന. സൺറൈസേഴ്സ് ഹൈദരാബാദ് പരിശീലക സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്ന മുൻ ദേശീയ താരം വിവിഎസ് ലക്ഷ്മണിനെയും ബിസിസിഐ മുഖ്യപരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. (kumble laxman india coach)
ടി-20 ലോകകപ്പിനു ശേഷം സ്ഥാനമൊഴിയുന്ന രവി ശാസ്ത്രിക്ക് പകരക്കാരെ ബിസിസിഐ ഇതിനകം അന്വേഷിച്ചു തുടങ്ങിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്. 2016ൽ ഇന്ത്യൻ ടീമിൻ്റെ പരിശീലകനായിരുന്ന കുംബ്ലെ ക്യാപ്റ്റൻ വിരാട് കോലിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് 2017ൽ സ്ഥാനമൊഴിഞ്ഞു.
ഇരുവർക്കുമൊപ്പം ഇന്ത്യയുടെ നിലവിലെ ബാറ്റിംഗ് പരിശീലകനായ വിക്രം റാത്തോറിനെയും മുഖ്യപരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. രവി ശാസ്ത്രിക്കൊപ്പം ബൗളിംഗ്, ബാറ്റിംഗ് പരിശീലകരും സ്ഥാനമൊഴിയുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, ഇപ്പോൾ റാത്തോർ മുഖ്യപരിശീലകനായേക്കുമെന്ന സൂചനകൾ വരുന്നുണ്ട്. റാത്തോറുമായുള്ള ക്യാപ്റ്റൻ വിരാട് കോലിയുടെ അടുപ്പവും ഇതിൽ നിർണായകമാവും.
Read Also : രവി ശാസ്ത്രി സ്ഥാനമൊഴിയുമ്പോൾ വിക്രം റാത്തോർ മുഖ്യ പരിശീലകനാവുമെന്ന് സൂചന
2019 ഏകദിന ലോകകപ്പിലെ സെമിഫൈനൽ തോൽവിക്ക് പിന്നാലെ സഞ്ജയ് ബംഗാറിനു പകരം ആ സ്ഥാനത്തെത്തിയ താരമാണ് വിക്രം റാത്തോർ. ബാറ്റിംഗ് പരിശീലകനെന്ന നിലയിൽ റാത്തോർ മികച്ച പ്രകടനങ്ങളാണ് നടത്തുന്നത്.
ഇക്കൊല്ലം യുഎഇയിൽ നടക്കുന്ന ടി-20 ലോകകപ്പോടെ ശാസ്ത്രി ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിയുമെന്നാണ് റിപ്പോർട്ടുകൾ. 2021 ടി-20 ലോകകപ്പ് വരെയാണ് ശാസ്ത്രിയുടെ കരാർ കാലാവധി. ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യ ബി ടീമിനെ ദ്രാവിഡ് പരിശീലിപ്പിച്ചിരുന്നു. തുടർന്ന് ദ്രാവിഡ് ഇന്ത്യൻ സീനിയർ ടീം പരിശീലകനാവുമെന്ന അഭ്യൂഹങ്ങൾ ശക്തമായെങ്കിലും എൻസിഎ പരിശീലക സ്ഥാനത്തേക്ക് വീണ്ടും അപേക്ഷ നൽകിയ താരം ഈ അഭ്യൂഹങ്ങൾ അവസാനിപ്പിച്ചു.
2017 ജൂലൈയിലാണ് രവി ശാസ്ത്രി ആദ്യം ഇന്ത്യൻ ടീം പരിശീലകനായത്. 2019 ഓഗസ്റ്റിൽ കാലാവധി അവസാനിച്ച ശാസ്ത്രിക്ക് വീണ്ടും സമയം നീട്ടിനൽകി. മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ് നയിക്കുന്ന മൂന്നംഗ ക്രിക്കറ്റ് ഉപദേശക സമിതിയാണ് പരിശീലകനെ തിരഞ്ഞെടുത്തത്. കപിൽദേവിന് പുറമേ മുൻ ഇന്ത്യൻ വനിതാ താരം ശാന്ത രംഗസ്വാമി, മുൻ പരിശീലകൻ അൻഷുമാൻ ഗെയിക്ക്വാദ് എന്നിവരാണ് ഈ സമിതിയിലുള്ളത്.രവി ശാസ്ത്രി, റോബിൻ സിംഗ്, ലാൽചന്ദ് രാജ്പുത്, മൈക്ക് ഹെസൺ, ടോം മൂഡി, ഫിൽ സിമ്മൺസ് എന്നിവരാണ് സാധ്യത പട്ടികയിൽ ഉണ്ടായിരുന്നത്.
Story Highlights : kumble laxman india team coach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here