ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ജയവർധനയെ ക്ഷണിച്ച് ബിസിസിഐ; താത്പര്യമില്ലെന്ന് താരം

രവി ശാസ്ത്രി സ്ഥാനമൊഴിയുമ്പോൾ പകരം ഇന്ത്യൻ ടീം പരിശീലകനാവാനുള്ള ക്ഷണം നിരസിച്ച് ശ്രീലങ്കയുടെ മുൻ ക്യാപ്റ്റനും മുംബൈ ഇന്ത്യൻസ് പരിശീലകനുമായ മഹേല ജയവർധനെ. അനിൽ കുംബ്ലെയെ സമീപിക്കുന്നതിനു മുൻപായാണ് ബിസിസിഐ ജയവർധനെയെ പരിശീലക സ്ഥാനത്തേക്ക് ക്ഷണിച്ചത്. ഈ വർഷം ഒക്ടോബർ നവംബർ മാസങ്ങളിൽ നടക്കുന്ന ടി-20 ലോകകപ്പിനു ശേഷമാണ് രവി ശാസ്ത്രി സ്ഥാനമൊഴിയുക. (Jayawardene rejects India’s coach)
ഒരു രാജ്യാന്തര ടീമിൻ്റെയും മുഴുവൻ സമയ പരിശീലകനാവാൻ താത്പര്യമില്ലെന്ന് നേരത്തെ തന്നെ ജയവർധനെ അറിയിച്ചിരുന്നു. ശ്രീലങ്കൻ പരിശീലകനായി അദ്ദേഹത്തെ പരിഗണിക്കുന്നു എന്ന വാർത്ത വന്നതിനു പിന്നാലെയാണ് ജയവർധനെ തൻ്റെ നിലപാടറിയിച്ചത്. അതേസമയം, ജയവർധനെയ്ക്ക് ശ്രീലങ്കൻ ദേശീയ ടീം പരിശീലകനാവാൻ താത്പര്യമുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
Read Also : കുംബ്ലെ ഇന്ത്യൻ ടീമിന്റെ പുതിയ പരിശീലകനായേക്കുമെന്ന് സൂചന; ലക്ഷ്മണിനും സാധ്യത
“ഒരു കളിക്കാരൻ എന്ന നിലയിൽ 18 വർഷം രാജ്യാന്തര ക്രിക്കറ്റ് കളിച്ചയാളാണ് ഞാൻ. വർഷത്തിൽ 12 മാസവും ഒരു സ്യൂട്ട്കേസിൽ കഴിയാൻ എനിക്ക് താത്പര്യമില്ല. ഇതാണ് എനിക്ക് പറ്റിയ വെല്ലുവിളി. ഞാൻ കൂടുതൽ ടൂർണമെൻ്റുകളിൽ കളിക്കുന്നില്ല. അതുകൊണ്ട് തന്നെ കുടുംബവുമായി കഴിയാനുള്ള കൂടുതൽ സമയം എനിക്ക് ലഭിക്കും. ശ്രീലങ്കൻ ടീമിൻ്റെ കൺസൾട്ടൻ്റ് ആവുന്നതിൽ സന്തൊഷമുണ്ട്. പക്ഷേ, മുഴുവൻ സമയ പരിശീലകനാവാൻ താത്പര്യമില്ല.”- മഹേല സ്കൈ സ്പോർട്സിനോട് പറഞ്ഞു.
മുംബൈ ഇന്ത്യൻസ് പരിശീലകനായി മൂന്ന് കിരീടങ്ങളുള്ള മഹേല ‘ദി ഹണ്ട്രഡ്’ ഉദ്ഘാടന സീസണിൽ കിരീടം ചൂടിയ സതേൺ ബ്രേവിൻ്റെ പരിശീലകനാണ്. അതുകൊണ്ട് തന്നെ നിലവിലെ പരിശീലകരിൽ ഹോട്ട് ഫേവറിറ്റാണ് മഹേല.
പരിശീലക സ്ഥാനത്തേക്ക് അനിൽ കുംബ്ലെ മടങ്ങിയെത്തിയേക്കുമെന്ന് സൂചന. സൺറൈസേഴ്സ് ഹൈദരാബാദ് പരിശീലക സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്ന മുൻ ദേശീയ താരം വിവിഎസ് ലക്ഷ്മണിനെയും ബിസിസിഐ മുഖ്യപരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
ടി-20 ലോകകപ്പിനു ശേഷം സ്ഥാനമൊഴിയുന്ന രവി ശാസ്ത്രിക്ക് പകരക്കാരെ ബിസിസിഐ ഇതിനകം അന്വേഷിച്ചു തുടങ്ങിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്. 2016ൽ ഇന്ത്യൻ ടീമിൻ്റെ പരിശീലകനായിരുന്ന കുംബ്ലെ ക്യാപ്റ്റൻ വിരാട് കോലിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് 2017ൽ സ്ഥാനമൊഴിഞ്ഞു.
Story Highlights : Mahela Jayawardene rejects India’s head coach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here