കേരളത്തിലേക്ക് വീണ്ടും രാജ്യാന്തര ക്രിക്കറ്റെത്തുന്നു; കാര്യവട്ടത്ത് ഇന്ത്യ-വിൻഡീസ് പോരാട്ടം

കേരളത്തിലേക്ക് വീണ്ടും രാജ്യാന്തര ക്രിക്കറ്റിൻ്റെ ആരവമെത്തുന്നു. അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ടി-20 മത്സരത്തിലൂടെയാണ് കേരളം വീണ്ടും രാജ്യാന്തര മത്സരങ്ങൾക്ക് ആതിഥ്യം ഒരുക്കുക. അടുത്ത വർഷം ഫെബ്രുവരി 20ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം. (india west indies thiruvananthapuram)
ന്യൂസീലൻഡ്, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾക്കെതിരെയാണ് ടി-20 ലോകകപ്പിനു ശേഷം ഇന്ത്യക്ക് സ്വന്തം നാട്ടിൽ മത്സരങ്ങൾ ഉള്ളത്. ഇതിൽ വെസ്റ്റ് ഇൻഡീസിനെതിരെ കളിക്കുന്ന മൂന്നാം ടി-20 കാര്യവട്ടത്ത് നടക്കും. കട്ടക്ക്, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് ആദ്യ രണ്ട് മത്സരങ്ങൾ. പര്യടനത്തിൽ മൂന്ന് ഏകദിന മത്സരങ്ങളും വെസ്റ്റ് ഇൻഡീസ് കളിക്കും.
Read Also : ന്യൂസീലൻഡ് ടീം ദുബായിലെത്തി
ആകെ 14 ടി-20 മത്സരങ്ങളും, 3 ഏകദിനങ്ങളും, 4 ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ ഇവർക്കെതിരെ കളിക്കുക. ടി-20 ലോകകപ്പിനു ശേഷം നവംബറിൽ ന്യൂസീലൻഡ് ഇന്ത്യയിലെത്തും. നവംവർ 17 മുതൽ ഡിസംബർ രണ്ട് വരെ നീളുന്ന പര്യടനത്തിൽ മൂന്ന് വീതം ടി-20, ടെസ്റ്റ് മത്സരങ്ങളാണ് ഉള്ളത്. തുടർന്ന് വെസ്റ്റ് ഇൻഡീസ് ഫെബ്രുവരി 1 മുതൽ 20 വരെ ഇന്ത്യയിലുണ്ടാവും. ഫെബ്രുവരി 25 മുതൽ ശ്രീലങ്കക്കെതിരായ മത്സരങ്ങൾ ആരംഭിക്കും. രണ്ട് ടെസ്റ്റും മൂന്ന് ടി-20യും ഈ പര്യടനത്തിലുണ്ട്. പിന്നീട് ജൂൺ 9 മുതൽ 19 വരെ ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയും ഇന്ത്യയിൽ നടക്കും.
അതേസമയം, പാകിസ്താനെതിരായ പരിമിത ഓവർ പര്യടനത്തിൽ നിന്ന് പിന്മാറിയ ന്യൂസീലൻഡ് ടീം ദുബായിലെത്തി. 34 താരങ്ങളും സപ്പോർട്ട് സ്റ്റാഫുമാണ് ചാർട്ടേർഡ് വിമാനത്തിൽ ദുബായിലെത്തിയത്. ദുബായിൽ ഇവർ 24 മണിക്കൂർ ഐസൊലേഷനിൽ കഴിയും. സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ചാണ് ആദ്യ ഏകദിനം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പര്യടനത്തിൽ നിന്ന് കിവീസ് പിന്മാറിയത്.
സുരക്ഷാ വീഴ്ചയെപ്പറ്റി പറയാൻ ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് തയ്യാറായില്ല. അടുത്ത മാസം ആരംഭിക്കുന്ന ടി-20 ലോകകപ്പിൽ ഉൾപ്പെടാത്ത ടീം അംഗങ്ങൾ ഉടൻ നാട്ടിലേക്ക് മടങ്ങും. ബാക്കിയുള്ളവർ യുഎഇയിൽ തുടരും.
Story Highlights : india west indies thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here