സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് ലഭിച്ചില്ല; ആറ് മാസത്തിലേറെയായി ശമ്പളം ലഭിക്കതെ പട്ടാമ്പി പേരടിയൂര്‍ എഎല്‍പി സ്കൂള്‍ അധ്യാപകർ

ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ കഴിഞ്ഞ ആറ് മാസത്തിലേറെയായി ശമ്പളം ലഭിക്കതെ പാലക്കാട് പട്ടാമ്പി വിളയൂരിലെ പേരടിയൂര്‍ എഎല്‍പി സ്കൂള്‍ അധ്യാപകർ. മാനേജ്മെന്‍റിന്‍റെ ഭാഗത്ത് നിന്നും കാര്യമായ നടപടികള്‍ ഉണ്ടാകാത്തതാണ് ഇതിന് കാരണമെന്ന് അധ്യാപകര്‍ ആരോപിക്കുന്നു. സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് ജനകീയ സമിതിയുടെ ആവശ്യം.
വിളയൂര്‍ പഞ്ചായത്തിലെ ആദ്യ എല്‍പി സ്കൂള്‍ കൂടിയാണ് പേരടിയൂരിലേത്. 113 വര്‍ഷം പഴക്കമുള്ള പേരടിയൂര്‍ എഎല്‍പി സ്കൂളില്‍ പഠിക്കുന്നത് മുന്നൂറ്റിനാല്‍പ്പതോളം വിദ്യാര്‍ത്ഥികളാണ്.
വെള്ളായക്കടവത്ത് കുടുംബത്തിന്‍റെ ഉടമസ്ഥതയിലാണ് സ്കൂള്‍. മാനേജരായ പ്രമോദ് ഒരു വര്‍ഷം മുമ്പ് സ്ഥാനമൊഴിഞ്ഞു. പിന്നീട് ചുമതലയേല്‍ക്കാന്‍ ഈ കുടുംബത്തില്‍ നിന്ന് ആരും മുന്നോട്ടുവന്നില്ല. സ്കൂളിന്‍റെ ഭൗതിക സാഹചര്യങ്ങളില്‍ ശ്രദ്ധയില്ലാതായതോടെ ഈ അധ്യയന വര്‍ഷത്തില്‍ പഞ്ചായത്തില്‍നിന്ന് കെട്ടിടത്തിന് ഫിറ്റ്നസ്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല. കൊവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകളുമായി അധ്യാപകര്‍ സജീവമാണ്. എന്നിട്ടും ആറ്മാസമായി ശമ്പളമില്ലാതെ കഴിയുകയാണ് അധ്യാപകര്‍.
ഫിറ്റ്നസ് ഇല്ലെന്ന് പറഞ്ഞാണ് പട്ടാമ്പി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ് ശമ്പളം തടഞ്ഞുവച്ചത്. മാനേജർ ഫിറ്റ്നസ് വാങ്ങി തരാതെ രാജിവച്ച് പോവുകയായിരുന്നുവെന്ന് പ്രധാനാധ്യാപിക ട്വന്റിഫോറിനോട് പറഞ്ഞു.
Read Also : ഒന്നര വർഷത്തിന് ശേഷം സ്കൂളുകൾ തുറക്കുന്നു; സംസ്ഥാനത്ത് നവംബർ ഒന്നിന് സ്കൂൾ തുറക്കും
അഞ്ച് ലക്ഷം രൂപയോളം ചിലവഴിച്ച് അധ്യാപകര്‍ തന്നെ കെട്ടിടത്തിന്‍റെ നവീകരണപ്രവര്‍ത്തനത്തിന് ഒരുങ്ങുകയാണ്. സ്കൂള്‍ മുന്നോട്ടുകൊണ്ടുപോകാനും ശമ്പളം ലഭ്യമാക്കാനും സര്‍ക്കാരിന്‍റെ ഇടപെടല്‍ ആവശ്യപ്പെടുകയാണ് അധ്യാപകര്‍. സ്കൂള്‍ സര്‍ക്കാര്‍
ഏറ്റെടുക്കണമെന്നാണ് ജനകീയ സമിതിയും ആവശ്യപ്പെടുന്നത്.
Story Highlights : peradiyur school teachers misery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here